Connect with us

International

സൈനിക നീക്കം; ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി യൂറോപ്യന്‍ കമ്പനികള്‍

ഇറാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ഏത് നിമിഷവും നടപടി ഉണ്ടായേക്കാമെന്നും യു എസ്‌ പ്രസിഡന്റ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Published

|

Last Updated

ദുബൈ | ഇറാനെതിരെ അമേരിക്ക സൈനിക നീക്കം ആരംഭിച്ചേക്കുമെന്ന റിപോര്‍ട്ടുകളെ തുടര്‍ന്ന് യൂറോപ്യന്‍ വിമാനക്കമ്പനികള്‍ പശ്ചിമേഷ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ദുബൈയിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തുകയാണെന്ന് ഫ്രഞ്ച് വിമാനക്കമ്പനിയായ എയര്‍ ഫ്രാന്‍സ് അറിയിച്ചു. മേഖലയിലെ യുദ്ധസമാനമായ സാഹചര്യം യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അടിയന്തര നടപടി. എന്നാല്‍, പിന്നീട് ഈ തീരുമാനം എയര്‍ ഫ്രാന്‍സ് മാറ്റി.

ഡച്ച് എയര്‍ലൈനായ കെ എല്‍ എമ്മും വിവിധ ഗള്‍ഫ് നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ദുബൈ, ടെല്‍ അവീവ്, ദമ്മാം, റിയാദ് എന്നിവിടങ്ങളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാനങ്ങള്‍ ഉണ്ടാകില്ലെന്ന് കമ്പനി വ്യക്തമാക്കി. ഇറാഖ്, ഇറാന്‍, ഇസ്‌റാഈല്‍ എന്നീ രാജ്യങ്ങളുടെയും മറ്റ് ചില ഗള്‍ഫ് രാഷ്ട്രങ്ങളുടെയും വ്യോമാതിര്‍ത്തി ഒഴിവാക്കി മാത്രമേ ഇനി സര്‍വീസ് നടത്തൂ എന്നും കെ എല്‍ എം അറിയിച്ചു. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഗള്‍ഫ് മേഖലയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ സൈനിക നടപടി ആസന്നമാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ജര്‍മന്‍ വിമാനക്കമ്പനിയായ ലുഫ്താന്‍സയും ഇറാനിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. മാര്‍ച്ച് 29 വരെ ടെഹ്‌റാനിലേക്കോ അവിടെനിന്ന് പുറത്തേക്കോ സര്‍വീസുകള്‍ ഉണ്ടാകില്ലെന്നാണ് ലുഫ്താന്‍സ അറിയിച്ചിരിക്കുന്നത്. ഓസ്ട്രിയന്‍ എയര്‍ലൈന്‍സും സമാനമായ തീരുമാനത്തിലേക്ക് നീങ്ങുന്നതായാണ് സൂചന.

വാഷിങ്ടണ്‍ ഇറാന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഏത് നിമിഷവും നടപടി ഉണ്ടായേക്കാമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Latest