Connect with us

Kerala

പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് ആരോപണം: വി കുഞ്ഞികൃഷ്ണനെതിരെ കടുത്ത നിലപാടുമായി പാര്‍ട്ടി; പുറത്താക്കിയേക്കും

സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറേറിയറ്റ് യോഗം ഇന്ന്.

Published

|

Last Updated

കണ്ണൂര്‍ | പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട വിവാദം പുകയവേ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറേറിയറ്റ് യോഗം ഇന്ന് ചേരും. പയ്യന്നൂര്‍ എം എല്‍ എ. ടി ഐ മധുസൂദനനെതിരെ ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടി പുറത്താക്കിയേക്കും.

കുഞ്ഞികൃഷ്ണനെതിരേ പാര്‍ട്ടിയിലും പുറത്തും പ്രതിഷേധം ശക്തമാണ്. എം എല്‍ എ രക്തസാക്ഷി ഫണ്ടില്‍ ഉള്‍പ്പെടെ കൃത്രിമം കാണിച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെ കുഞ്ഞികൃഷ്ണനെതിരേ പയ്യന്നൂരില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

പാര്‍ട്ടി നിലപാടിന് യോജിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നവരെ വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും മുന്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും വ്യക്തമാക്കിയിരുന്നു.
കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ച് സി പി എം ഫണ്ട് തട്ടിപ്പ് നടത്തുന്ന പാര്‍ട്ടിയാണെന്ന രൂപത്തില്‍ കുഞ്ഞിക്കൃഷ്ണന്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ജയരാജന്‍ പറഞ്ഞു.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നതായാണ് കുഞ്ഞികൃഷ്ണന്റെ ആരോപണം. പാര്‍ട്ടിക്കുള്ളില്‍ വര്‍ഷങ്ങളായി നടത്തിയ തിരുത്തല്‍ ശ്രമങ്ങള്‍ വിഫലമായപ്പോഴാണ് ജനങ്ങളെ കാര്യങ്ങള്‍ അറിയിക്കാന്‍ തയ്യാറായതെന്നാണ് കുഞ്ഞിക്കൃഷ്ണന്റെ വിശദീകരണം. 2022-ല്‍ ഏരിയാ സെക്രട്ടറി ആയിരുന്നപ്പോള്‍ അദ്ദേഹം ഈ ആരോപണങ്ങള്‍ പാര്‍ട്ടിയില്‍ ഉന്നയിച്ചിരുന്നു. വിഷയത്തില്‍ കമ്മീഷനെ വച്ച് പാര്‍ട്ടി അന്വേഷണം നടത്തി. പിന്നീട് കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ഇതോടെ, ജില്ലാ കമ്മിറ്റിയില്‍ നിന്ന് പുറത്തായി. എന്നാല്‍, മാസങ്ങള്‍ക്കു ശേഷം അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുക്കുകയും ചെയ്തു.

 

Latest