National
ആർ എസ് എസിന്റെ നൂറാം വാർഷികം ആഘോഷിക്കാൻ നാണയവും തപാൽ സ്റ്റാംപും പുറത്തിറക്കി കേന്ദ്രം
ആർ എസ് എസ് 'ഭാരതാംബ' എന്ന് വിശേഷിപ്പിക്കുന്ന കാവിക്കൊടിയേന്തിയ സ്ത്രീയുടെയും ആര്‍ എസ് എസ് സ്വയം സേവകരുടെയും ദൃശ്യങ്ങൾ ഉല്ലേഖനം ചെയ്ത നാണയത്തിനും സ്റ്റാംപിനും എതിരെ പ്രതിഷേധവുമായി മതേതര സംഘടനകൾ

ന്യൂഡല്‍ഹി | ആർ എസ് എസിന്റെ നൂറാം വാർഷികം ആഘോഷിക്കാൻ തപാൽ സ്റ്റാംപും പ്രത്യേക നാണയവും പുറത്തിറക്കി കേന്ദ്ര സർക്കാർ. ആർ എസ് എസ് ഭാരതാംബ എന്ന് വിശേഷിപ്പിക്കുന്ന കാവിക്കൊടിയേന്തിയ സ്ത്രീയുടെയും ആര്‍ എസ് എസ് സ്വയം സേവകരുടെയും ദൃശ്യങ്ങൾ ഉല്ലേഖനം ചെയ്ത 100 രൂപ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. 1963 ലെ റിപ്പബ്ലിക് ദിന പരേഡിൽ ആർഎസ്‌എസ് പ്രവർത്തകർ പങ്കെടുക്കുന്നതായി ചിത്രീകരിക്കുന്നതാണ് അഞ്ച് രൂപയുടെ തപാൽ സ്റ്റാമ്പ്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ആര്‍ എസ് എസ് സര്‍ കാര്യ വാഹക് ദത്തത്രേയ ഹോസബോലെ എന്നിവരും പങ്കെടുത്തു.
100 വര്‍ഷങ്ങള്‍ മുമ്പ് ദസറ ദിനത്തില്‍ ആര്‍ എസ് എസ് സ്ഥാപിതമായത് വെറും യാദൃശ്ചികതയല്ലെന്നു പറഞ്ഞ മോദി ആര്‍ എസ് എസിനെ പ്രകീര്‍ത്തിച്ച് സംസാരിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ ആര്‍ എസ് എസിനു പങ്കില്ലെന്ന ചരിത്രത്തെ തിരുത്തുന്ന തരത്തിലായിരുന്നു മോദിയുടെ പ്രസംഗം. സ്വാതന്ത്ര്യാനന്തരം, ആര്‍ എസ് എസ് ദേശീയ മുഖ്യധാരയിലേക്ക് എത്തുന്നത് തടയാന്‍ ശ്രമങ്ങള്‍ നടന്നുവെന്നും മോദി ആരോപിച്ചു. ഓരോ സ്വയം സേവകനും ജനാധിപത്യത്തിലും ഭരണഘടനാ സ്ഥാപനങ്ങളിലും വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാണയം
ആര്‍ എസ് എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക തപാല്‍ സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തതിനെതിരെ മതേതര സമൂഹത്തില്‍ പ്രതിഷേധം ഉയരുകയാണ്. ആര്‍ എസ് എസ് ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ഭരണഘടനയോടുള്ള അവഹേളനമാണിതെന്ന് സി പി എം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. ഭരണഘടനയെ അപമാനിക്കരുത്. നാണയത്തില്‍ ഒരു ഹിന്ദു ദേവതയുടെ ചിത്രം പകര്‍ത്തുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പ്രധാനമന്ത്രി ഭരണഘടനാ പദവിയുടെ അന്തസ് താഴ്ത്തിക്കെട്ടിയിരിക്കുന്നുവെന്നും പിബി വിമര്‍ശിച്ചു.
ആര്‍ എസ് എസിനു സ്വാതന്ത്ര്യ ദിനത്തില്‍ പങ്കുണ്ടെന്നു വരുത്തിത്തീര്‍ക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തെ കോണ്‍്ഗ്രസ് ചോദ്യം ചെയ്തു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ശ്യാമപ്രസാദ് മുഖര്‍ജിയ്ക്ക് അയച്ച കത്ത് പുറത്തു വിട്ടാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. ആര്‍ എസ് എസ് രാജ്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി 1948 ജൂലൈ 18-ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അയച്ച കത്താണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് എം പി എക്‌സില്‍ പങ്കുവെച്ചത്. ആര്‍ എസ് എസിനെക്കുറിച്ച് ഒരുപാട് സംസാരിച്ച പ്രധാനമന്ത്രിക്ക് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ശ്യാമ പ്രസാദ് മുഖര്‍ജിക്ക് അയച്ച കത്തിനെക്കുറിച്ച് അറിവുണ്ടോയെന്ന് ജയറാം രമേശ് ചോദിച്ചു.

തപാൽ സ്റ്റാംപ്
‘സര്‍ദാര്‍ പട്ടേല്‍സ് കറസ്പോണ്ടന്‍സ് 1945-1950’ എന്ന പുസ്തകത്തിലാണ് പട്ടേല്‍ ശ്യാംമപ്രസാദ് മുഖര്‍ജിയ്ക്ക് അയച്ച കത്തിലെ വിവരങ്ങള്‍ പറയുന്നത്. ‘ഗാന്ധി വധവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലുളളതിനാല്‍ ആര്‍ എസ് എസിനും ഹിന്ദു മഹാസഭയ്ക്കുമുളള പങ്കിനെക്കുറിച്ച് ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ, ഈ രണ്ട് സംഘടനകളുടെയും പ്രത്യേകിച്ച് ആര്‍ എസ് എസിന്റെ പ്രവര്‍ത്തനത്താല്‍ ഇത്രയും ഭയാനകമായ ഒരു ദുരന്തം സാധ്യമാകുന്ന അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു. ഇതിന്റെ ഗൂഢാലോചനയില്‍ ഹിന്ദു മഹാസഭയിലെ ഒരു തീവ്ര പക്ഷം ഭാഗമായിട്ടുണ്ട് എന്നതില്‍ എനിക്ക് സംശയമില്ല. ആര്‍ എസ് എസിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനും രാജ്യത്തിനും ഭീഷണിയാണ്. നിരോധിച്ചിട്ടും അവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് നമുക്ക് ലഭിച്ച റിപ്പോര്‍ട്ടുകള്‍. തീര്‍ച്ചയായും കാലം കടന്നുപോകുന്തോറും ആര്‍എസ്എസ് കൂടുതല്‍ വെല്ലുവിളിയാവുകയും അവരുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്ന നടപടികളിലേക്ക് കടക്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളം അറസ്റ്റിലായവരുടെ എണ്ണം അഞ്ഞൂറില്‍ താഴെയാണ്. അതിനര്‍ത്ഥം നിലവില്‍ ജയിലില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്’ -കത്തില്‍ പറയുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.