Connect with us

International

ഗസ്സയില്‍ തുടരുന്ന ഫലസ്തീനികളെ ഭീകരരായി കണക്കാക്കും: ഇസ്‌റാഈല്‍

ഗസ്സയെ വടക്കും തെക്കും ആയി വിഭജിക്കുന്ന നെറ്റ്‌സാരിം ഇടനാഴിയുടെ നിയന്ത്രണം ഇസ്‌റാഈല്‍ സൈന്യം പൂര്‍ണമായി ഏറ്റെടുത്തതിനു ശേഷമാണ് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനം

Published

|

Last Updated

ഗസ്സ | ഗസ്സയില്‍ തുടരുന്ന ഫലസ്തീനികളെ ഭീകരരും ഭീകരവാദത്തെ പിന്തുണക്കുന്നവരുമായി കണക്കാക്കുമെന്ന് ഇസ്‌റാഈല്‍ പ്രഖ്യാപിച്ചു. ഗസ്സയെ വടക്കും തെക്കും ആയി വിഭജിക്കുന്ന നെറ്റ്‌സാരിം ഇടനാഴിയുടെ നിയന്ത്രണം ഇസ്‌റാഈല്‍ സൈന്യം പൂര്‍ണമായി ഏറ്റെടുത്തതിനു ശേഷമാണ് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്‌സിന്റെ പ്രഖ്യാപനം. ഗസ്സയിലെ ഫലസ്തീനികളോട് ഉടന്‍ പ്രദേശം വിട്ടുപോകാനും മുന്നറിയിപ്പുനല്‍കി.

ഗസ്സ വെടിനിര്‍ത്തല്‍ മുന്‍നിര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇരുപതിന പദ്ധതി പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് മന്ത്രിയുടെ പ്രസ്താവന. ഇത് ഗസ്സ നഗരത്തിന് ചുറ്റുമുള്ള ഉപരോധം ശക്തമാക്കും. തെക്കോട്ട് പോകുന്ന ഏതൊരാളും ഇസ്‌റാഈല്‍ സൈനിക ചെക്ക്പോസ്റ്റുകളിലൂടെ കടന്നുപോകാന്‍ നിര്‍ബന്ധിതരാകുമെന്നും കാറ്റ്‌സ് എക്സിലൂടെ അറിയിച്ചു.

കഴിഞ്ഞ മാസം ഇസ്‌റാഈല്‍ ഗസ്സ പിടിച്ചെടുക്കാനുള്ള തീവ്ര ആക്രമണം ആരംഭിച്ചതിനുശേഷം ഗസ്സ നഗരം വിട്ട് ഏകദേശം 4,00,000 ഫലസ്തീനികള്‍ പലായനം ചെയ്തിട്ടുണ്ട്. എന്നാല്‍ ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴും അവിടെ തന്നെ തുടരുന്നുണ്ട്. ഇതിനിടെ ഗസ്സ സിറ്റിയിലെ കുടിയിറക്കപ്പെട്ട ആളുകളെ പാര്‍പ്പിച്ച ഒരു സ്‌കൂളില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് ഇസ്‌റാഈലി ആക്രമണങ്ങള്‍ നടന്നു. ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടുവെന്നും മൂന്ന് ഡസനിലധികം ആളുകള്‍ക്ക് പരിക്കേറ്റതായും അല്‍-അഹ്ലി ആശുപത്രി അറിയിച്ചു.

 

Latest