Connect with us

Kerala

തുടര്‍ക്കഥയാകുന്ന ആള്‍ക്കൂട്ട ദുരന്തങ്ങള്‍; പൊതുജനങ്ങളും ജാഗ്രത കാണിക്കണം: എസ് എസ് എഫ്

അപകടം വരുമ്പോള്‍ മാത്രം ഉണരേണ്ടതല്ല നമ്മുടെ സംവിധാനങ്ങള്‍. പതിനായിരക്കണക്കിന് പേര്‍ ഒരുമിച്ചുകൂടുന്നിടത്ത് സംഘാടകര്‍ക്കും നിയമസംവിധാനങ്ങള്‍ക്കുമൊപ്പം പരിപാടിയില്‍ സംബന്ധിക്കുന്നവരും ആവശ്യമായ മുന്‍കരുതലുകളെടുക്കണം.

Published

|

Last Updated

മലപ്പുറം | ആള്‍ക്കൂട്ട ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനപ്രതിനിധികളും നിയമപാലകരും പൊതുജനങ്ങളും ഒരുപോലെ ജാഗ്രത കാണിക്കണമെന്ന് എസ് എസ് എഫ്. നിരവധി പേരുടെ മരണത്തിനിടയാക്കിക്കൊണ്ട് തമിഴ്‌നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ ദുരന്തം ദുഃഖകരമാണ്. മുമ്പ് കുസാറ്റിലും കുംഭമേളക്കിടയിലും ബെംഗളൂരുവിലെ ഐ പി എല്‍ ആഘോഷത്തിനിടയിലും സമാനമായ രീതിയില്‍ തിരക്കിനിടയില്‍പെട്ട് നിരവധി പേര്‍ മരണപ്പെട്ടിരുന്നു. പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം സംഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നത്. അപകടം വരുമ്പോള്‍ മാത്രം ഉണരേണ്ടതല്ല നമ്മുടെ സംവിധാനങ്ങള്‍. പതിനായിരക്കണക്കിന് പേര്‍ ഒരുമിച്ചുകൂടുന്നിടത്ത് സംഘാടകര്‍ക്കും നിയമസംവിധാനങ്ങള്‍ക്കുമൊപ്പം പരിപാടിയില്‍ സംബന്ധിക്കുന്നവരും ആവശ്യമായ മുന്‍കരുതലുകളെടുക്കണം.

പരുക്കേറ്റവര്‍ക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷ ലഭിക്കാത്തതിനാലും അടിയന്തിരമായി ആശുപത്രികളില്‍ എത്തിക്കാന്‍ കഴിയാത്തതിനാലുമാണ് മരണസംഖ്യ ഉയര്‍ന്നത്. ഇത്തരം സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാത്ത ഏതൊരു പരിപാടിക്കും ഭരണസംവിധാനങ്ങള്‍ അനുമതി നല്‍കരുത്. ആവശ്യമായ നിയമപരിഷ്‌കാരങ്ങളും നടപ്പിലാക്കണം.

പാവപ്പെട്ടവരും അതിസാധാരണക്കാരുമായ ജനങ്ങളെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി തെരുവിലിറക്കുന്നവര്‍ക്ക് ഏറ്റവും ചുരുങ്ങിയത് അവരുടെ സുരക്ഷ ഉറപ്പുവരുത്താനും ജീവന്‍ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വമുണ്ട്. അതിന് കഴിയില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ വേഷംകെട്ടാതിരിക്കുന്നതാണ് നല്ലത്. അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

ഒക്ടോബര്‍ 10, 11, 12 തിയ്യതികളില്‍ കോട്ടക്കലില്‍ വെച്ച് നടക്കുന്ന പ്രൊഫ്‌സമ്മിറ്റിന്റെ പ്രചാരണ ഭാഗമായി മലപ്പുറം രണ്ടത്താണി നുസ്‌റത്ത് കാമ്പസില്‍ സംഘടിപ്പിച്ച ‘വിജിലന്‍ഷ്യ:’ കാമ്പസ് നേതൃ സംഗമം ഐ പി എഫ് സെന്‍ട്രല്‍ ചെയര്‍മാന്‍ ഡോ. നൂറുദ്ധീന്‍ റാസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബൂബക്കര്‍ പ്രമേയ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അബ്ദുല്ല ബുഹാരി, ആഷിക് അഹമദ് അഹ്‌സനി, അബ്ദുല്‍ ഹഫീള് അഹ്‌സനി, മൂസ നവാസ്, ഷബീര്‍ നൂറാനി വിവിധ സെഷനുകളില്‍ സംബന്ധിച്ചു.

 

 

Latest