National
കല്‍ക്കരി കുംഭകോണം: ഛത്തീസ്ഗഢില്‍ 14 സ്ഥലങ്ങളില്‍ ഇഡി റെയ്ഡ്
കോണ്‍ഗ്രസ് എം.എല്‍.എ അടക്കമുള്ള പത്തോളം നേതാക്കളുടെ വീടുകളിലും ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്.

റായ്പൂര്‍| കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഛത്തീസ്ഗഢിലെ 14 സ്ഥലങ്ങളില്‍ തിങ്കളാഴ്ച രാവിലെ പരിശോധന ആരംഭിച്ചു. റെയ്ഡ് നടക്കുന്ന സ്ഥലങ്ങളില്‍ ചിലത് കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുമായും സംസ്ഥാന പാര്‍ട്ടി ട്രഷറര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഫെബ്രുവരി 24 മുതല്‍ 26 വരെ സംസ്ഥാന തലസ്ഥാനമായ റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ത്രിദിന പ്ലീനറി സമ്മേളനത്തിന് മുന്നോടിയായാണ് റെയ്ഡുകള്‍. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ കീഴിലുള്ള പാര്‍ട്ടിയാണ് സംസ്ഥാനം ഭരിക്കുന്നത്.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ അടുത്ത സഹായികളായ എംഎല്‍എമാരുടെയും ഭാരവാഹികളുടേയും സ്ഥലങ്ങള്‍ റെയ്ഡില്‍ ഉണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. നിലവിലെ സര്‍ക്കാരിന്റെ കാലത്ത് നടന്ന കല്‍ക്കരി കുംഭകോണത്തിന്റെ ഗുണഭോക്താക്കളായവരെക്കുറിച്ച് ഇഡി അന്വേഷിക്കുന്നുണ്ട്.
കോണ്‍ഗ്രസ് എം.എല്‍.എ അടക്കമുള്ള പത്തോളം നേതാക്കളുടെ വീടുകളിലും ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്. ഇതേ കേസുമായി ബന്ധപ്പെട്ട് മുന്‍പ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വീടുകളിലടക്കം റെയ്ഡ് നടന്നിരുന്നു. ആ പരിശോധനയില്‍ സമീര്‍ വിഷ്‌ണോയ് എന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത 47 ലക്ഷം രൂപയും നാല് കിലോ സ്വര്‍ണവും കണ്ടെത്തിയിരുന്നു.
അതേസമയം, റെയ്ഡുകളോട് പ്രതികരിച്ച് മുഖ്യമന്ത്രി ബാഗേല്‍ ട്വിറ്ററില്‍ പ്രതികരിച്ചു. ഭാരത് ജോഡോ യാത്രയുടെ വിജയത്തിലും അദാനിയെക്കുറിച്ചുള്ള സത്യം പുറത്തുവരുന്നതില്‍ ബിജെപി നിരാശരാണ്. ഈ റെയ്ഡ് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. രാജ്യത്തിന് അറിയാം സത്യം. ഞങ്ങള്‍ പൊരുതി ജയിക്കുമെന്നാണ് ബാഗേല്‍ ട്വിറ്ററില്‍ കുറിച്ചത്.