Connect with us

Kerala

കാലാവസ്ഥാ വ്യതിയാനം: അറബിക്കടലില്‍ ഉപദ്രവകാരികളായ ആല്‍ഗകൾ വർധിക്കുന്നു

മത്സ്യസമ്പത്തിന് ഭീഷണി

Published

|

Last Updated

കൊച്ചി | കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അറബിക്കടലില്‍ ഉപദ്രവകാരികളായ ആല്‍ഗകളുടെ വളര്‍ച്ച (ഹംഫുള്‍ ആല്‍ഗല്‍ ബ്ലൂം) വര്‍ധിക്കുന്നതായി വിദഗ്ധര്‍. ഇത് മീനുകളെ മാത്രമല്ല, മനുഷ്യന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി.

അറബിക്കടലില്‍ 2000 മുതല്‍ 2020 വരെയുള്ള കാലളവില്‍ ഉപദ്രവകാരികളായ ആല്‍ഗകളുടെ വളര്‍ച്ച ഏകദേശം മൂന്ന് മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്ന് ഇത് സംബന്ധിച്ച് ഗവേഷണം നടത്തുന്ന മത്സ്യശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. കൊച്ചിയില്‍ നടക്കുന്ന വണ്‍ ഹെൽത്ത് അക്വാകള്‍ച്ചര്‍ ഇന്ത്യ ശിൽപ്പശാലയിലാണ് ആശങ്കാജനകമായ ഈ വിവരം ശാസ്ത്രജ്ഞര്‍ പങ്കുവെച്ചത്.

ഇത്തരം ആല്‍ഗകള്‍ ക്രമാതീതമായി വളരുന്നത് മത്സ്യങ്ങളുടെ ജീവന് കടുത്ത ഭീഷണിയാണ്. കടലിലെ കൂടുമത്സ്യകൃഷി പോലെയുള്ള കൃഷിരീതികളെയും സാരമായി ബാധിക്കും. അതിനാല്‍ ഇത് സംബന്ധിച്ച് മുന്‍കൂട്ടി പ്രവചനവും മുന്നറിയിപ്പ് സംവിധാനവും അനിവാര്യമാണെന്ന് ധാക്കയിലെ സാര്‍ക് അഗ്രികള്‍ച്ചര്‍ സെന്റര്‍ സീനിയര്‍ പ്രോഗ്രാം സ്പെഷ്യലിസ്റ്റ് ഡോ. ഗ്രിന്‍സന്‍ ജോര്‍ജ് പറഞ്ഞു.

മുന്നറിയിപ്പ് സംവിധാനം വരുന്നതോടെ കടലില്‍ മത്സ്യകൃഷി നടത്തുന്നവര്‍ക്ക് നേരത്തേ വിളവെടുപ്പ് നടത്താന്‍ സഹായിക്കും. തീരദേശങ്ങളില്‍ താമസിക്കുന്നവരിലെ മത്സ്യകര്‍ഷകര്‍ക്കിടയില്‍ ജലജന്യരോഗങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം മത്സ്യകൃഷി മേഖലക്ക് വന്‍ ഭീഷണിയാണെന്ന് സിഫാസ്- യു കെ ശാസ്ത്രജ്ഞന്‍ ഡോ. റിച്ചാര്‍ഡ് ഹീലും പറഞ്ഞു. ഡോ. ബെന്‍ മാസ്‌കെറി, ഡോ. ഫ്രാങ്ക് ഡാല്‍ മോലിന്‍, ഡോ. കിഷോര്‍ കുമാര്‍ ക്രിഷ്നാനി, ഡോ. കുല്‍ദീപ് കെ ലാല്‍ എന്നിവരും ഇതേക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചു.

യു കെ ഗവണ്‍മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എണ്‍വയോണ്‍മെന്റും ഫുഡ് ആൻഡ് റൂറല്‍ അഫയേഴ്സും (സിഫാസ്) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സി എം എഫ് ആർ ഐ) സംയുക്തമായാണ് കൊച്ചിയില്‍ ശിൽപ്പശാല സംഘടിപ്പിച്ചത്. പരസ്പര സഹകരണത്തിലൂടെ സുരക്ഷിതവും സുസ്ഥിരവുമായ മത്സ്യകൃഷി സംവിധാനം ഇന്ത്യയില്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശിൽപ്പശാല നടത്തിയത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest