Connect with us

syro malabar sabha

ജനാഭിമുഖ കുർബാനയെച്ചൊല്ലി വൈദികരുടെ പ്രതിഷേധം

260 വൈദികരാണ് പ്രതിഷേധവുമായി എത്തിയത്

Published

|

Last Updated

കൊച്ചി | ജനാഭിമുഖ കുർബാന നിലനിർത്തണമെന്നാവശ്യപ്പെട്ട് സിറോ മലബാർ സഭയിലെ വിവിധ രൂപതകളിലെ വൈദികരുടെ നേതൃത്വത്തിൽ സഭാ ആസ്ഥാനമായ കാക്കനാട് സെന്റ്തോമസ് മൗണ്ടിന് മുന്നിൽ പ്രതിഷേധം.

എറണാകുളം, തൃശൂർ, ഇരിങ്ങാലക്കുട, പാലക്കാട് രൂപതകളിൽ നിന്നായി 260 വൈദികരാണ് കുർബാന ഏകീകരണം അടിച്ചേൽപ്പിക്കരുതെന്നും ജനാഭിമുഖ കുർബാന നിലനിർത്തണമെന്നും ആവശ്യപ്പെട്ട് സെന്റ്തോമസ് മൗണ്ടിൽ കറുത്ത തുണി കൊണ്ട് വായ്മൂടിക്കെട്ടി പ്രതിഷേധവുമായി എത്തിയത്.

നിവേദനങ്ങൾ നൽകിയിട്ടും യാതൊരു മറുപടിയുമില്ലാതെ തീരുമാനം നടപ്പാക്കുമെന്ന നിലപാട് കത്തോലിക്ക സഭയിലെ വിശ്വാസത്തിന് യോജിച്ചതല്ലെന്ന് പ്രതിഷേധവുമായി എത്തിയ വൈദികർ പറഞ്ഞു.

ജനാഭിമുഖ കുർബാന നിലനിർത്തണമെന്നാവശ്യപ്പെടുന്ന വിശ്വാസി സമൂഹത്തെ എന്തുകൊണ്ടാണ് സിറോ മലബാർ സഭയിലെ മെത്രാന്മാർ കേൾക്കാത്തതെന്നും ഇവർ ചോദിച്ചു. തീരുമാനം പുനഃപരിശോധിച്ച് ഈ മാസം 20ന് മുമ്പ് ഇക്കാര്യത്തിൽ കൃത്യമായി മറുപടി നൽകാൻ സഭാ നേതൃത്വം തയ്യാറകണമെന്നും വൈദികർ ആവശ്യപ്പെട്ടു.

ഈ മാസം 28 മുതലാണ് കുർബാന ഏകീകരണം നടപ്പാക്കുന്നത്. ജനാഭിമുഖ കുർബാന വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഒരു വിഭാഗം മാർപ്പാപ്പക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമുണ്ടായില്ല. സിനഡിലോ മറ്റെവിടെയെങ്കിലുമോ ചർച്ച ചെയ്യാത്ത ഏകീകരണം അടിച്ചേൽപ്പിക്കാൻ മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ച് കത്ത് സംഘടിപ്പിച്ചെന്നും വൈദികർ ആരോപിക്കുന്നു.

---- facebook comment plugin here -----

Latest