Kerala
സി ജെ റോയിയുടെ മരണം; കര്‍ണാടക പോലീസ് പ്രത്യേകസംഘം ഇന്ന് കൊച്ചിയിലെത്തും
ഗ്രൂപ്പിന്റെ കേരളത്തിലെ ബിസിനസ് സംരംഭങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിനാണ് സംഘം എത്തുന്നത്
കൊച്ചി | കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി ജെ റോയിയുടെ അസ്വാഭാവിക മരണത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്ന കര്‍ണാടക പോലീസിന്റെ പ്രത്യേകസംഘം ഇന്ന് കൊച്ചിയിലെത്തും. കമ്പനിയുടെ കേരളത്തിലെ സംരംഭങ്ങളുടെ ചുമതലക്കാരനായ ടി ജെ ജോസഫിന്റെ മൊഴി ബംഗളുരുവില്‍ വെച്ച് പോലീസ് രേഖപെടുത്തിയിരുന്നു. ഗ്രൂപ്പിന്റെ കേരളത്തിലെ ബിസിനസ് സംരംഭങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിനാണ് സംഘം എത്തുന്നത്.
കമ്പനിയുടെ നിക്ഷേപകരുടെയും റോയിയുടെ സുഹൃത്തുക്കളുടെയും മൊഴി കര്‍ണാടക പോലീസ് രേഖപ്പെടുത്തും. കഴിഞ്ഞയാഴ്ചയാണ് ബംഗളൂരുവിലെ കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റ് കോര്‍പറേറ്റ് ഓഫീസില്‍ ഇന്‍കം ടാക്‌സ് റെയ്ഡിനിടെ സി ജെ റോയ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്.
മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചിരുന്നു. റിട്ട. ഹൈക്കോടതി ജസ്റ്റിസ് സ്ഥാനത്തുള്ളയാളെ ജുഡീഷ്യല്‍ കമ്മീഷനായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കുടുംബം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ സമഗ്രമായി അന്വേഷിക്കണം. ഇന്‍കം ടാക്‌സ് – ഇ ഡി പരിശോധനയില്‍ പ്രോട്ടോകോള്‍ പാലിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ റോയിയുടെ നെഞ്ചിന്റെ താഴ്ഭാഗത്ത് നിന്ന് വെടിയുണ്ട കണ്ടെത്തിയിരുന്നു. 6. 35 മില്ലിമീറ്റര്‍ വലിപ്പമുള്ള വെടിയുണ്ടയാണ് ശരീരത്തില്‍ നിന്ന് ലഭിച്ചത്. ശരീരഭാഗങ്ങളും വെടിയുണ്ടയും ഫോറന്‍സിക് പരിശോധനക്ക് അയച്ചു.



