National
സഭാ തർക്കം: പള്ളികള്‍ കലക്ടർമാർ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രായോഗിക പരിഹാരം കണ്ടെത്തണം
		
      																					
              
              
            ന്യൂഡല്‍ഹി | എറണാകുളം, പാലക്കാട് ജില്ലകളിലെ ഓര്‍ത്തഡോക്സ്- യാക്കോബായ സഭാ തര്‍ക്കത്തിലിരിക്കുന്ന ആറ് പള്ളികള്‍ ജില്ലാ കലക്്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രായോഗിക പരിഹാരം കണ്ടെത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാറും യാക്കോബായ സഭയും നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
സംസ്ഥാന സര്‍ക്കാറിനെതിരായ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ കോടതിയലക്ഷ്യ ഹരജികള്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രശ്ന പരിഹാരത്തിന് സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ട്. പള്ളികള്‍ ഓര്‍ത്തഡോക്സ് സഭക്ക് കൈമാറണമെന്നതില്‍ സുപ്രീം കോടതിയുടെ രണ്ട് വിധിന്യായങ്ങളുണ്ട്. ഇതില്‍ ഭിന്നാഭിപ്രായമുണ്ടാകാം. എങ്കിലും അന്തിമ ഉത്തരവ് നടപ്പാക്കാതിരിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സുപ്രീം കോടതി വിധിയിലെ മറ്റ് നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നടപ്പാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്നും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറിന് സൂചന നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുള്ളവര്‍ ആരെന്ന കാര്യവും പരിശോധിക്കണം. സുപ്രീം കോടതി വിധി അനുസരിച്ച് ഇനി നടപ്പാക്കാനുള്ള കാര്യങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കണം. പ്രശ്ന പരിഹാരത്തിന് സംസ്ഥാന ഭരണകൂടം തയ്യാറല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹരജിയില്‍ ഇടപെടുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
