Connect with us

Kerala

ബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് അരക്ഷിതാവസ്ഥയില്ല; മോദി നല്ല നേതാവ്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ജനപിന്തുണ ലഭിക്കുന്ന തരത്തിലുളള കാര്യങ്ങളാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്രത്തിലെ ബിജെപി ഭരണത്തില്‍ ക്രൈസ്തവ വിഭാഗത്തിന് യാതൊരു അരക്ഷിതാവസ്ഥയുമില്ലെന്ന് സിറോ മലബാര്‍ സഭാ മേധാവി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. നരേന്ദ്ര മോദി നല്ല നേതാവാണ്. അദ്ദേഹം ആരുമായും ഏറ്റ്മുട്ടലിന് പോയിട്ടില്ലെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഇത്തരമൊരു അഭിപ്രായ പ്രകടനത്തിന് മുതിര്‍ന്നതെന്നത് ശ്രദ്ധേയമാണ്.

ജനപിന്തുണ ലഭിക്കുന്ന തരത്തിലുളള കാര്യങ്ങളാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ കേരളത്തില്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും പകരമായി ബിജെപിയോട് താത്പര്യം കാണിക്കുന്നത് സ്വാഭാവികമാണ്. ക്രിസ്ത്യന്‍ സമുദായത്തിന് മാത്രമല്ല എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കും കോണ്‍ഗ്രസിനോട് മുന്‍പ് ഉണ്ടായിരുന്ന ആഭിമുഖ്യം ഇല്ലാതായി. കോണ്‍ഗ്രസ് സ്വീകരിച്ച തെറ്റായ നയങ്ങളാണ് ക്രൈസ്തവരുമായുള്ള ബന്ധം വഷളാക്കിയത്.

ഒരു വിഭാഗം ഇടതുപക്ഷത്തോട് കൂറ് മാറി, മറ്റൊരു പോംവഴി അതായിരുന്നു. എന്നാല്‍ ഇടതുപക്ഷ പാര്‍ട്ടികളും ചില സന്ദര്‍ഭങ്ങളില്‍ അവരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു. ഇത്തരം സാഹചര്യത്തില്‍ ആളുകള്‍ മറ്റ് വഴികള്‍ തേടുന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ ബിജെപിയെ ഒരു ഓപ്ഷനായി ചിന്തിക്കുന്നുണ്ടാകാം. കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ബിജെപിക്കും സാധ്യതയുണ്ട്. ജനങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതില്‍ ബിജെപി വിജയിച്ചിട്ടുമുണ്ടെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

 

Latest