Connect with us

National

കാശ്മീര്‍ വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയതിന് പിന്നാലെ ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയില്‍

രണ്ട് വര്‍ഷം മുമ്പ് ലഡാക്കിലെ പാങ്കോംഗ് തടാകത്തിനും സിക്കിമിലെ നാഥു ലാ ചുരത്തിനും സമീപം ഇരു രാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുന്ന മുതിര്‍ന്ന ചൈനീസ് നേതാവാണ് വാങ് ചീ.

Published

|

Last Updated

ന്യൂഡല്‍ഹി | കാശ്മീര്‍ വിഷയത്തില്‍ പാക് അനുകൂല പ്രസ്താവന നടത്തിയതിനു പിന്നാലെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ചീ ഇന്ത്യയിലെത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാങ് ചീ കൂടിക്കാഴ്ച നടത്തും. രണ്ട് വര്‍ഷം മുമ്പ് ലഡാക്കിലെ പാങ്കോംഗ് തടാകത്തിനും സിക്കിമിലെ നാഥു ലാ ചുരത്തിനും സമീപം ഇരു രാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുന്ന മുതിര്‍ന്ന ചൈനീസ് നേതാവാണ് വാങ് ചീ.

കാശ്മീര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം വാങ് ചീ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇസ്‌ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്റെ (ഒഐസി) യോഗത്തിലാണ് അദ്ദേഹം കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ പിന്തുണച്ചത്. പാകിസ്ഥാന്‍ കശ്മീര്‍ വിഷയം യോഗത്തില്‍ ഉന്നയിച്ചപ്പോള്‍, ‘കാശ്മീരിനെക്കുറിച്ച് നിരവധി ഇസ്ലാമിക സുഹൃത്തുക്കളുടെ വാക്കുകള്‍ തങ്ങള്‍ ഇന്ന് വീണ്ടും കേട്ടുവെന്നും ഈ വിഷയത്തില്‍ ചൈനയ്ക്കും ഇതേ പ്രതീക്ഷയാണുള്ളതെ’ന്നുമായിരുന്നു വാങ് ചീയുടെ പരാമര്‍ശം. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഈ പ്രസ്താവനയില്‍ ഇന്ത്യ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ഒഐസിയുടെ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിനിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യക്കെതിരെ നടത്തിയ പരാമര്‍ശം അനാവശ്യമാണെന്നും ഞങ്ങള്‍ അത് തള്ളിക്കളയുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു. ജമ്മു കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബാഗ്ചി ട്വീറ്റ് ചെയ്തിരുന്നു. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ല. ആ രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് ഇന്ത്യയും വിട്ടുനില്‍ക്കുന്നുവെന്നത് അവര്‍ ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Latest