Connect with us

siraj editorial

അന്താരാഷ്ട്ര നിയമങ്ങളെ വളച്ചൊടിക്കുന്ന ചൈന

ഓരോ രാജ്യവും അതിന്റെ സ്വയം നിര്‍ണയാവകാശവും അന്താരാഷ്ട്ര സ്വാധീനവും ഉപയോഗിക്കുക തന്നെയാണ് വേണ്ടത്. ആ അര്‍ഥത്തില്‍ പേര് വെളിപ്പെടുത്താതെയാണെങ്കിലും ചൈനീസ് കുതന്ത്രങ്ങള്‍ക്കെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉയര്‍ത്തിയ വിമര്‍ശം ഏറെ പ്രസക്തമാണ്

Published

|

Last Updated

ലോകത്തിന്റെ ഒന്നാം നമ്പര്‍ ശക്തിയാകാനുള്ള കുതിപ്പിനിടയില്‍ ചൈന നടത്തുന്ന രാജ്യാന്തര ഇടപെടലുകളും കുതന്ത്രങ്ങളും വലിയ ചര്‍ച്ചയാകേണ്ടതാണ്. ഓരോ രാജ്യത്തിനും അതിന്റെ പരമാധികാരവും അന്തസ്സും വകവെച്ച് കൊടുക്കുകയാണ് സന്തുലിത ലോകക്രമം സാധ്യമാകാനുള്ള ഒരേയൊരു വഴി. സംഭവിക്കുന്നത് നേരേ വിപരീതമാണ്. വന്‍ ശക്തികള്‍, പ്രത്യേകിച്ച് യു എന്നിലെ വീറ്റോ ശക്തികള്‍ തരാതരം തങ്ങളുടെ സാമ്പത്തിക, ഭൗമരാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി മറ്റു രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളിലും അതിര്‍ത്തി തര്‍ക്കങ്ങളിലും ഇടപെടുകയും അവയെ വ്യത്യസ്ത കള്ളികളിലാക്കുകയുമാണ്. കടലിലും കരയിലും ചൈന നടത്തുന്ന മേധാവിത്വ ശ്രമങ്ങള്‍ തന്നെയെടുക്കാം. ജപ്പാന്‍, തായ് വാന്‍, ദക്ഷിണ കൊറിയ, ഫിലിപ്പൈന്‍സ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം ഇതില്‍ പ്രതിഷേധവും അമര്‍ഷവുമുണ്ട്. ഈ അവസരം മുതലെടുക്കാന്‍ അമേരിക്ക മറുപുറത്ത് ഇറങ്ങിക്കളിക്കുകയാണ് ചെയ്യുന്നത്. അമേരിക്കന്‍ നീക്കങ്ങളെ പിന്തുണക്കുന്ന സമീപനം ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുന്നു. ഇത് സംഘര്‍ഷാവസ്ഥയെ കൂടുതല്‍ സങ്കീര്‍ണമാക്കുകയേ ഉള്ളൂ. ഓരോ രാജ്യവും അതിന്റെ സ്വയം നിര്‍ണയാവകാശവും അന്താരാഷ്ട്ര സ്വാധീനവും ഉപയോഗിക്കുക തന്നെയാണ് വേണ്ടത്. ആ അര്‍ഥത്തില്‍ പേര് വെളിപ്പെടുത്താതെയാണെങ്കിലും ചൈനീസ് കുതന്ത്രങ്ങള്‍ക്കെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉയര്‍ത്തിയ വിമര്‍ശം ഏറെ പ്രസക്തമാണ്.

ചില ഉത്തരവാദിത്വമില്ലാത്ത രാജ്യങ്ങള്‍ അവരുടെ ഇടുങ്ങിയ താത്പര്യങ്ങള്‍ക്കു വേണ്ടി അന്താരാഷ്ട്ര നിയമങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന വിമര്‍ശമാണ് സിംഗ് പ്രധാനമായും ഉന്നയിച്ചത്. ഐ എന്‍ എസ് വിശാഖപട്ടണം രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങിലായിരുന്നു ചൈനക്കെതിരായ ഒളിയമ്പ്. ചില രാജ്യങ്ങള്‍ യു എന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ദി ലോ ഓഫ് സീ (യു എന്‍ സി എല്‍ ഒ എസ്) സ്വന്തം നിലക്ക് വ്യാഖ്യാനിക്കുകയാണെന്നും ഇത് ഈ ചട്ടങ്ങളെ നിരന്തരം ദുര്‍ബലമാക്കുകയാണെന്നും സിംഗ് പറഞ്ഞു. ദക്ഷിണ ചൈനാ കടലിലും കിഴക്കന്‍ ചൈനാ കടലിലും ചൈന കൊണ്ടുവരുന്ന പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിംഗിന്റെ വിമര്‍ശം.

തങ്ങളുടെ അധീനതയിലുള്ള കടല്‍ ഭാഗമെന്ന് സ്വയം പ്രഖ്യാപിച്ച് വിദേശ യാനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമമാണ് സെപ്തംബര്‍ ഒന്നിന് ചൈന കൊണ്ടുവന്നത്. ചൈനീസ് അധീന പ്രദേശങ്ങളില്‍ പ്രവേശിക്കുന്ന യാനങ്ങള്‍, വാണിജ്യമായാലും സൈനികമായാലും, അവയുടെ വിശദാംശങ്ങള്‍ മുന്‍കൂട്ടി ചൈനീസ് അധികൃതരെ അറിയിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. പുറപ്പെടുന്ന ഇടം, ലക്ഷ്യ സ്ഥാനം, സഞ്ചാര സമയം, വഹിക്കുന്ന ചരക്കുകള്‍ എന്നിവയുടെയെല്ലാം വിശദാംശങ്ങള്‍ നല്‍കണം. ഓരോ രാജ്യത്തിനും അതിന്റെ സമുദ്ര അതിര്‍ത്തി ഭദ്രമാക്കുന്നതിനുള്ള അവകാശം മാരിടൈം നിയമങ്ങള്‍ നല്‍കുന്നുണ്ട്. അത് ചൈനക്കുമാകാം. പക്ഷേ തര്‍ക്കത്തിലിരിക്കുന്ന ദ്വീപുകളോടും തീരങ്ങളോടും ചേര്‍ന്ന കടലില്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കാന്‍ മുതിരുന്നത് നിയമത്തിന്റെയും ചട്ടങ്ങളുടെയും ദുര്‍വ്യാഖ്യാനമല്ലാതെ മറ്റൊന്നുമല്ല.

ചൈനീസ് തീരത്തോടു ചേര്‍ന്ന കടലുകളിലും ഇന്ത്യന്‍ സമുദ്രത്തിലും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമേ പുതിയ നീക്കത്തെ കാണാനാകൂ. ഇന്ത്യന്‍ സമുദ്രത്തിലെ സെനകാകു അടക്കം പല ദ്വീപുകളിലും ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്. പ്രദേശത്തെ സമുദ്ര മേഖലയുടെ നിയന്ത്രണം പൂര്‍ണമായും തങ്ങളുടെ കൈകളില്‍ എത്തിക്കാനാണ് ചൈനയുടെ ശ്രമം. ഇതിലൂടെ പസഫിക് മേഖലയിലേക്കുള്ള ചരക്കുനീക്കത്തെ നിയന്ത്രിക്കാനാകും എന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യന്‍ സമുദ്രത്തിലെ ഏറ്റവും ശക്തമായ നാവിക സേന ഇന്ത്യയുടേതായതിനാല്‍ ശ്രീലങ്കയില്‍ നടത്തുന്ന നിക്ഷേപങ്ങളുടെ മറവില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം നിരീക്ഷിക്കാനാണു ശ്രമം.

പാരാസെല്‍ ദ്വീപുകളില്‍ സൈനിക താവളം പണിത് ചൈനീസ് അഭ്യാസം തകൃതിയായി തുടരുകയാണ്. ദൈനംദിന പട്രോളിംഗും നടത്തുന്നു. വിവിധ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്ന ദ്വീപുകളിലും ജല അതിര്‍ത്തികളിലും കടന്നു കയറിയാണ് ചൈന മേധാവിത്വമുറപ്പിക്കാന്‍ ശ്രമിക്കുന്നത്. പാരാസെല്‍ ദ്വീപില്‍ തായ് വാനും വിയറ്റ്‌നാമും അവകാശം ഉന്നയിക്കുന്നുണ്ട്. ദക്ഷിണ ചൈനാ കടലിലെ മുഴുവന്‍ ദ്വീപുകളും തങ്ങളുടെ അധികാര പരിധിയില്‍ പെട്ടതാണെന്ന ചൈനയുടെ വാദത്തെ ജപ്പാനും ഫിലിപ്പൈന്‍സും ശക്തമായി എതിര്‍ക്കുന്നു. ഏഷ്യാ പസഫിക് മേഖലയില്‍ സജീവമായി ഇടപെടാനുള്ള അമേരിക്കയുടെ തീരുമാനം ഈ എതിര്‍പ്പുകളെ കൂടി കണക്കിലെടുത്താണ്. ഹോങ്കോംഗും തായ് വാനും തങ്ങളുടെ തുടര്‍ച്ചയാണെന്ന ചൈനീസ് നിലപാടിനെതിരെ അതതിടങ്ങളില്‍ വന്‍ പ്രതിഷേധമുയരുന്നുണ്ട്. ഈ പ്രക്ഷോഭങ്ങള്‍ക്ക് അമേരിക്ക പിന്തുണ നല്‍കുകയും ചെയ്യുന്നു.

തായ് വാന്‍ സ്‌ട്രെയിറ്റില്‍ യു എസ് സൈനിക സന്നാഹം തുടങ്ങിയെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. യു എസ് എസ് റൊണാള്‍ഡ് റീഗന്‍, യു എസ് എസ് നിമിറ്റ്‌സ് എന്നീ വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലില്‍ അമേരിക്ക അഭ്യാസത്തിന് അയച്ചിരുന്നു. ചൈന സൈനിക അഭ്യാസം നടത്തുന്ന സമയത്ത് തന്നെയാണ് യു എസ് സേനയും ദക്ഷിണ ചൈനാ കടലില്‍ പരിശീലനം നടത്തുന്നത്. ഏത് സമയവും യുദ്ധവിമാനങ്ങള്‍ പറത്താനും ഇറക്കാനും സാധ്യമാകുന്ന സംവിധാനങ്ങളുള്ളതാണ് റൊണാള്‍ഡ് റീഗനും നിമിറ്റ്‌സും.

ഫലത്തില്‍ ഏഷ്യാ പസഫിക്കില്‍ ചൈനയും അമേരിക്കയും വടം വലി രൂക്ഷമാക്കുകയാണ്. ശ്രീലങ്കയിലും മാല ദ്വീപിലും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമെല്ലാം വന്‍ മുതല്‍ മുടക്ക് നടത്തി ചൈന അതിന്റെ അനുയായി രാജ്യങ്ങളെ സൃഷ്ടിക്കുന്നു. മറുവശത്ത് ജപ്പാനും ദ. കൊറിയക്കും തായ്‌വാനുമപ്പുറം യു എസ് പക്ഷത്ത് നില്‍ക്കാന്‍ ഇന്ത്യ പോലും തയ്യാറാകുന്നു. ഇത് വല്ലാത്ത സംഘര്‍ഷാവസ്ഥയാണ് സംജാതമാക്കിയിരിക്കുന്നത്. സീ റൂട്ടുകളുടെ സുഗമമായ നടത്തിപ്പിലും മേഖലയിലെ സന്തുലിതാവസ്ഥയിലും ഈ നില വലിയ ആഘാതമേല്‍പ്പിക്കും. ഇങ്ങനെയൊരു സാഹചര്യം മറികടക്കാനുള്ള ശരിയായ ഇടപെടലാണ് യു എന്നില്‍ നിന്നും മറ്റ് അന്താരാഷ്ട്ര കൂട്ടായ്മകളില്‍ നിന്നും ലോകം പ്രതീക്ഷിക്കുന്നത്.

Latest