Kerala
പോലീസ് സേനയില്‍ പുതിയ 241 വാഹനങ്ങള്‍ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു
ബൊലേറോ, മീഡിയം ഹെവി ബസുകള്‍ തുടങ്ങി വിവിധതരം വാഹനങ്ങളാണ് ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്തത്

തിരുവനന്തപുരം | സംസ്ഥാന പോലീസ് സേനയുടെ കാലഹരണപ്പെട്ട വാഹനങ്ങള്‍ ഘട്ടം ഘട്ടമായി മാറ്റുന്നതിന്റെ ഭാഗമായി വാങ്ങിയ 241 പുതിയ വാഹനങ്ങള്‍ സേനയുടെ ഭാഗമായി. തിരുവനന്തപുരത്ത് എസ് എ പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പുതിയ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഴയ വാഹനങ്ങള്‍ മാറ്റുന്നത്.
ബൊലേറോ, മീഡിയം ഹെവി ബസുകള്‍ തുടങ്ങി വിവിധതരം വാഹനങ്ങളാണ് ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്തത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, ലോ ആന്‍ഡ് ഓര്‍ഡര്‍ ഡിവൈ എസ്പി, എ സി മാരുടെ ഓഫീസുകള്‍, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, ബറ്റാലിയനുകള്‍, ക്വിക്ക് റെസ്പോണ്‍സ് ടീം, ബോംബ് സ്‌ക്വാഡ്, ട്രാഫിക് എന്നീ വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക.
എസ് എ പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ഡി ജി പി നിധിന്‍ അഗര്‍വാള്‍, എ ഡി ജി പി (ഹെഡ് ക്വാര്‍ട്ടേഴ്സ് ) എസ് ശ്രീജിത്ത്, എ ഡി ജി പി (എല്‍ ആന്റ് ഒ) എച് വെങ്കടേഷ് , പോലീസ് ആസ്ഥാനത്തേയും ജില്ലയിലെയും മറ്റു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.