Connect with us

Kerala

വൈദ്യുതി കണക്ഷന് വ്യാജ സര്‍ട്ടിഫിക്കറ്റ്; പ്രതികളെ കോടതി വെറുതെവിട്ടു

പ്രതികള്‍ കുറ്റക്കാരല്ലെന്ന് വിധിച്ച് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി

Published

|

Last Updated

വടകര | വടകര കെ എസ് ഇ ബി ബീച്ച് സെക്്ഷനില്‍ നിന്ന് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ വടകര നഗരസഭയുടെ പേരിലുള്ള വ്യാജ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് വടകര ബീച്ച് സ്വദേശി ഉമര്‍ കുട്ടി (63), പഴങ്കാവ് സ്വദേശിയും നഗരസഭാ ജീവനക്കാരനുമായ വിനോദ് കുമാര്‍ (54) എന്നിവരെ വെറുതെ വിട്ടത്. വടകര മജിസ്ട്രേറ്റ് അലി ഫാത്വിമ പ്രതികള്‍ കുറ്റക്കാരല്ലെന്ന് വിധിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ അന്നത്തെ വാര്‍ഡ് കൗണ്‍സിലര്‍ മഹ്്മൂദ് എന്നയാള്‍ വിചാരണ മധ്യേ മരണപ്പെട്ടിരുന്നു.

2019 മാര്‍ച്ച് 27നാണ് സംഭവം. വടകര കെ എസ് ഇ ബി ബീച്ച് സെക്്ഷനില്‍ നിന്ന് വൈദ്യുതി കണക്്ഷന്‍ ലഭിക്കുന്നതിനു വേണ്ടി അപേക്ഷ സമര്‍പ്പിക്കാന്‍ വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നഗരസഭയില്‍ നിന്ന് ലഭിക്കാതായതോടെ ഉമര്‍ കുട്ടി വാര്‍ഡ് കൗണ്‍സിലറായ മഹ്്മൂദിനെ സമീപിച്ചെന്നും മഹ്്മൂദ് നഗരസഭാ ജീവനക്കാരനായ വിനോദ് കുമാറിന്റെ സഹായത്തോടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും അതുപയോഗിച്ച് ഉമര്‍ കുട്ടി വൈദ്യുതി കണക്്ഷന്‍ സമ്പാദിച്ചെന്നുമാണ് കേസ്.

വടകര നഗരസഭാ സെക്രട്ടറിയുടെ പരാതിയില്‍ വടകര പോലീസാണ് കേസെടുത്തത്. പ്രോസിക്യൂഷന് പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് വിധിയില്‍ പറയുന്നു. പ്രതികള്‍ക്ക് വേണ്ടി അഡ്വ. പി പി സുനില്‍കുമാര്‍ ഹജരായി.

 

 

Latest