Kerala
സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു; ബ്രോയിലര്‍ ഇറച്ചി കിലോക്ക് 290 രൂപയായി
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വന്‍കിട ഫാമുടമകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വര്‍ദ്ധിപ്പിക്കുകയാണെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു.
കോഴിക്കോട്| സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു. കോഴിക്കോട് ബ്രോയിലര്‍ കോഴി ഇറച്ചി കിലോയ്ക്ക് 290 രൂപയായി. വരും ദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യത. രണ്ടാഴ്ച മുമ്പ് കോഴിക്കോട് ബ്രോയിലര്‍ കോഴിയിറച്ചിക്ക് കിലോയ്ക്ക് 200 രൂപയായിരുന്നു. ഇപ്പോഴത് 290 ആയി. ലഗോണ്‍ കോഴി ഇറച്ചിക്ക് കിലോയ്ക്ക് 230 രൂപയായി. സ്പ്രിങിന് കിലോയ്ക്ക് 340 രൂപയായി ഉയര്‍ന്നു.
ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ശേഷവും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വന്‍കിട ഫാമുടമകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വര്‍ദ്ധിപ്പിക്കുകയാണെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ പ്രതിഷേധ പരിപാടിയിലേക്ക് പോകുമെന്നും ചെറുകിട വ്യാപാരികള്‍ പ്രതികരിച്ചു.സിവില്‍ സപ്ലൈസ് വിഭാഗം കര്‍ശനമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ കട അടച്ച് സമരത്തിലേക്ക് പോകുമെന്ന് കോഴിക്കോട്ടെ ചിക്കന്‍ വ്യാപാരി വ്യവസായി സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പുതുവല്‍സര ദിനത്തില്‍ കോഴിയിറച്ചി വില്‍പനയില്‍ വലിയ കുതിപ്പാണ് ഉണ്ടായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം വിലക്കയറ്റം ഇങ്ങനെ തുടര്‍ന്നാല്‍ വലിയ പ്രതിസന്ധിയാണ് നേരിടുകയെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു.






