Connect with us

Uae

ഐ സി എ ഐ 'തരംഗ് 26': സി എ കോണ്‍ഫറന്‍സ് ഈമാസം 10, 11 തീയതികളില്‍

സമ്മേളനം അബൂദബി ഹോട്ടല്‍ കോണ്‍റാഡില്‍. 'തരംഗ് 26: വേവ്‌സ് ഓഫ് ട്രാന്‍സ്‌ഫോര്‍മേഷന്‍, ബ്രിഡ്ജിങ് നേഷന്‍സ്' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

Published

|

Last Updated

ഐ സി എ ഐ സംഘാടകര്‍ അബൂദബിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം.

അബൂദബി | ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ സി എ ഐ) അബൂദബി ചാപ്റ്ററിന്റെ 37-ാമത് വാര്‍ഷിക സെമിനാറും രണ്ടാമത് ജി സി സി വാര്‍ഷിക സി എ കോണ്‍ഫറന്‍സും ഈമാസം 10, 11 തീയതികളില്‍ അബൂദബി ഹോട്ടല്‍ കോണ്‍റാഡില്‍ നടക്കും. ‘തരംഗ് 26: വേവ്‌സ് ഓഫ് ട്രാന്‍സ്‌ഫോര്‍മേഷന്‍, ബ്രിഡ്ജിങ് നേഷന്‍സ്’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

ജി സി സിയിലെ ആറ് ഐ സി എ ഐ ചാപ്റ്ററുകളും സംയുക്തമായി പങ്കെടുക്കുന്ന രണ്ടാമത് ജി സി സി വാര്‍ഷിക സി എ കോണ്‍ഫറന്‍സിന് ഇത്തവണ അബൂദബി വേദിയാകുന്നു എന്ന പ്രത്യേകതയുണ്ട്. ഡിജിറ്റല്‍ നവീകരണം, സുസ്ഥിരത, മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് മാതൃകകള്‍ എന്നിവയിലൂടെ ആഗോള സാമ്പത്തിക രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതില്‍ സാമ്പത്തിക വിദഗ്ധരുടെ പങ്ക് എന്നിവ സംബന്ധിച്ചാണ് സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

യു എ ഇ വ്യവസായ-വിപുല സാങ്കേതിക മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയും സ്‌പേസ് ഏജന്‍സി ബോര്‍ഡ് അംഗവുമായ സലാമ അല്‍ ഹജ് അല്‍ അവാദി, ലിവ ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ് സഹസ്ഥാപകന്‍ ഹാഷിം കുദ്സി, പ്രശസ്ത സാഹസികനും പരിസ്ഥിതി പ്രവര്‍ത്തകനുമായ മിച്ച് ഹച്ചിക്രാഫ്റ്റ്, ബി എന്‍ ഡബ്ല്യു ഡെവലപ്മെന്റ്‌സ് സ്ഥാപകന്‍ അങ്കുര്‍ അഗര്‍വാള്‍, പ്രമുഖ അധ്യാപകനും യൂട്യൂബറുമായ ഫൈസല്‍ ഖാന്‍ (ഖാന്‍ സര്‍), തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപതിലധികം പ്രഭാഷകര്‍ സംസാരിക്കും. സ്റ്റോക്ക് മാര്‍ക്കറ്റ് ട്രെന്‍ഡുകള്‍, സ്റ്റാര്‍ട്ടപ്പ് തന്ത്രങ്ങള്‍, ബേങ്കിങ്  സൊല്യൂഷനുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും മോട്ടിവേഷണല്‍ പ്രസംഗങ്ങളും നടക്കും.

ജനുവരി 11-ന് വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങില്‍ ബിസിനസ് എക്‌സലന്‍സ്, ഫിനാന്‍സ് എക്‌സലന്‍സ്, യൂത്ത് ലീഡര്‍ഷിപ്പ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. തുടര്‍ന്ന് പ്രശസ്ത ബോളിവുഡ് ഗായകന്‍ പാപ്പോന്‍ നയിക്കുന്ന സംഗീത നിശയും ഗാല ഡിന്നറും ഉണ്ടാകും. ചെയര്‍മാന്‍ എന്‍ വി കൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ സി എ രോഹിത് ദയമ, സെക്രട്ടറി സി എ പ്രിയങ്ക ബിര്‍ള, ട്രഷറര്‍ സി എ മുഹമ്മദ് ഷഫീഖ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.