National
ചെന്നൈ മെട്രോ തുരങ്കത്തിൽ കുടുങ്ങി; ട്രാക്കിലൂടെ നടന്ന് യാത്രക്കാർ
ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷനും ഹൈക്കോർട്ട് സ്റ്റേഷനും ഇടയിലുള്ള സബ്‌വേയിലാണ് ട്രെയിൻ കുടുങ്ങിയത്.
ചെന്നൈ | ചെന്നൈ മെട്രോ റെയിൽവേയുടെ ബ്ലൂ ലൈനിൽ ട്രെയിൻ തുരങ്കത്തിൽ കുടുങ്ങി. വിംകോ നഗർ ഡിപ്പോയിൽ നിന്ന് ചെന്നൈ ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് പോകുന്ന ബ്ലൂ ലൈനിലാണ് ഇന്ന് പുലർച്ചെ സാങ്കേതിക തകരാറുണ്ടായത്. ഇതേ തുടർന്ന് യാത്രക്കാർക്ക് തുരങ്കത്തിൽ ഇറങ്ങി റെയിൽവേ ട്രാക്കിലൂടെ അടുത്ത സ്റ്റേഷൻ വരെ നടക്കേണ്ടി വന്നു.
ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷനും ഹൈക്കോർട്ട് സ്റ്റേഷനും ഇടയിലുള്ള സബ്‌വേയിലാണ് ട്രെയിൻ കുടുങ്ങിയത്. വൈദ്യുതി നിലച്ചതിനെ തുടർന്ന് ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ അസ്വസ്ഥത പ്രകടിപ്പിച്ചു. ഉള്ളിൽ കുടുങ്ങിയ അവസ്ഥയിൽ പത്ത് മിനിറ്റോളം കഴിഞ്ഞ ശേഷമാണ് അടുത്തുള്ള ഹൈക്കോർട്ട് സ്റ്റേഷനിലേക്ക് നടന്നുപോകാൻ അനൗൺസ്‌മെൻ്റ് വന്നതെന്ന് യാത്രക്കാർ പറഞ്ഞു. ഏകദേശം 500 മീറ്റർ ദൂരമുണ്ട് അടുത്ത സ്റ്റേഷനിലേക്ക്.
തുരങ്കത്തിലൂടെ യാത്രക്കാർ ക്യൂ നിന്ന് നടന്നുപോകുന്നതിൻ്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. വൈദ്യുതി തകരാറോ സാങ്കേതിക തകരാറോ ആവാം ട്രെയിൻ നിശ്ചലമാവാൻ കാരണമെന്നാണ് സൂചന.
ട്രെയിൻ സർവീസുകൾ സാധാരണ നിലയിലായതായി ചെന്നൈ മെട്രോ റെയിൽവേ എക്സിലൂടെ അറിയിച്ചു. ഗ്രീൻ ലൈനിലെ പുരട്ചി തലൈവർ ഡോ എം ജി രാമചന്ദ്രൻ സെൻട്രൽ മെട്രോ മുതൽ സെൻ്റ് തോമസ് മൗണ്ട് വരെയുള്ള സർവീസുകളും സാധാരണ സമയക്രമം അനുസരിച്ച് പ്രവർത്തിക്കുന്നതായി ചെന്നൈ മെട്രോ റെയിൽ വ്യക്തമാക്കി.

