From the print
ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം: തെളിവുകളേറെ, അന്വേഷണത്തോട് വിമുഖത
ചെമ്പരിക്ക ഖാസിയുടെ ഡ്രൈവറെ കുറിച്ചുള്ള അന്വേഷണത്തിലൂടെ മരണവുമായി ബന്ധപ്പെട്ട ധാരാളം കാര്യങ്ങളിലേക്ക് എത്തിപ്പെടാന്‍ കഴിയും എന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കോഴിക്കോട് | തനിക്ക് വധഭീഷണിയുണ്ടെന്ന് പെരിന്തല്‍മണ്ണയിലെ ഒരു പരിപാടിക്കിടെയാണ് ഇ കെ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വെളിപ്പെടുത്തിയത്. ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മുസ്‌ലിയാരുടെ ഗതിയുണ്ടാകുമെന്നായിരുന്നു ഭീഷണി. ചെമ്പരിക്ക ഖാസിയുടെ മരണത്തിലെ ദുരൂഹത അറിയുന്നവര്‍ ഈ വധഭീഷണിയിലും അപകടം മണത്തു. ഖാസിയുടെ മരണം കൊലപാതകമാണെന്ന് വിശ്വസിക്കുന്നവരും അതേക്കുറിച്ച് അറിയുന്നവരുമായിരിക്കില്ലേ ജിഫ്രി തങ്ങള്‍ക്കെതിരെയുള്ള വധഭീഷണിക്ക് പിന്നിലെന്ന സംശയമുയര്‍ന്നു. കോഴിക്കോട് മുതലക്കുളത്ത് ഒമ്പത് വര്‍ഷത്തിന് ശേഷം നടക്കുന്ന പ്രതിഷേധ പരിപാടിയുടെ പശ്ചാത്തലത്തില്‍ സംഘടനാ മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ പ്രൊഫ. ആലിക്കുട്ടി മുസ് ലിയാര്‍ കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.
കൊലപാതകികള്‍ക്ക് രക്ഷപ്പെടാന്‍ തുടക്കം മുതലേ ചില ദുശ്ശക്തികള്‍ വഴിയൊരുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരാരോപണം. ചെമ്പരിക്ക ഖാസിയുമായും അദ്ദേഹത്തിന്റെ മലബാര്‍ ഇസ്ലാമിക് അക്കാദമിയുമായും അടുത്ത ബന്ധമുള്ളയാളാണ് ഡോ. ബഹാഉദ്ദീന്‍ നദ്വി. ബഹാഉദ്ദീന്‍ നദ്വി ചൂണ്ടിക്കാട്ടുന്ന വന്‍തോക്കുകളെക്കുറിച്ച് ഇപ്പോഴും അന്വേഷണം നടന്നിട്ടുമില്ല. ലോക്കല്‍ പോലീസ് മുതല്‍ സി ബി ഐ വരെയുള്ള അന്വേഷണങ്ങളും എവിടെയോ ചെന്ന് തട്ടിനില്‍ക്കുന്നു. പിന്നീട് മുന്നോട്ട് പോകുന്നില്ല. ഇത്രയധികം സ്വാധീനമുള്ളവര്‍ ആരാണ് എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിച്ചത്. സി ബി ഐയുടെ അന്വേഷണ റിപോര്‍ട്ട് രണ്ട് വട്ടം കോടതി തള്ളിയ സാഹചര്യത്തില്‍ അഡ്വ. പി എ പൗരന്‍, അഡ്വ. എല്‍സി ജോര്‍ജ്, അഡ്വ. ടി വി രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശദമായ ഒരു ജനകീയ അന്വേഷണം നടത്തിയിരുന്നു. ഖാസിയുടെ മരണ ദിവസം ഉണ്ടായ പല സംഭവങ്ങളെയും ഉള്‍പ്പെടുത്തി വളരെ പ്രധാന്യമുള്ള ഒരു റിപോര്‍ട്ടാണ് കമ്മീഷന്‍ അന്ന് സമര്‍പ്പിച്ചത്.
മരണം കൊലപാതകമാണെന്ന് സ്ഥാപിക്കാന്‍ തക്കതായ കാരണങ്ങളും അതില്‍ നിരത്തി. ചെമ്പരിക്ക കടപ്പുറത്തിന് സമീപം താമസക്കാരനായ അബ്ദുല്ല പുലര്‍ച്ചെ മൂന്നിന് കടപ്പുറത്ത് ഒരു വെള്ള കാര്‍ കണ്ടതായി മൊഴി നല്‍കി. മരണം നടന്ന ദിവസം അലര്‍ച്ച കേട്ടതായി സംഭവസ്ഥലത്തിനടുത്ത് താമസക്കാരിയായ നഫീസ മൊഴി നല്‍കി. സ്ഥിരമായി മണല്‍ കടത്തുന്ന കടപ്പുറത്ത് അന്ന് ആരും വന്നിരുന്നില്ല. ചെമ്പരിക്ക പ്രദേശത്ത് അന്ന് വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു.
ഖാസിയുടെ സന്തത സഹചാരിയായിരുന്ന ഡ്രൈവറുടെ പെട്ടെന്നുള്ള നാടുവിടലും തുടര്‍ന്നുണ്ടായ സാമ്പത്തിക ഉയര്‍ച്ചയും കൊലപാതകം സംബന്ധിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന വിവരങ്ങളെ കുറിച്ച് സൂചനകള്‍ നല്‍കുന്നുവെന്നായിരുന്നു അന്വേഷണ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം. സി ബി ഐയോ ലോക്കല്‍ പോലീസോ കണ്ടെത്താന്‍ ശ്രമിക്കാതിരുന്ന കാര്യങ്ങള്‍ കണ്ടെത്തിയ ജനകീയ അന്വേഷണ കമ്മീഷന്‍ ചെമ്പരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി വസ്തുതകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. ഖാസി മരണപ്പെടുന്നതിന് തലേദിവസം വാടകക്കൊലയാളികള്‍ എന്ന് പറയുന്ന ചിലരെ ഓട്ടോറിക്ഷയില്‍ ചെമ്പരിക്കയില്‍ കൊണ്ടുവിട്ടതായി ഡ്രൈവര്‍ കമ്മീഷന് മൊഴി നല്‍കിയിരുന്നു. പരപ്പയിലുള്ള വ്യക്തിയാണ് വാടകക്കൊലയാളികളെ ഇവിടേക്ക് അയച്ചതെന്നും കമ്മീഷന് മൊഴി ലഭിച്ചു.
അനധികൃത പണമിടപാടുകള്‍ എം ഐ സി (മലബാര്‍ ഇസ്‌ലാമിക് സെന്റര്‍) യുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പേരില്‍ നടന്നതായും റിപോര്‍ട്ടില്‍ ചാണ്ടിക്കാട്ടുന്നു. അമിത ലാഭം ഉണ്ടാക്കുന്നതിനായി ഖാസിയെ ഇല്ലായ്മ ചെയ്യേണ്ടത് ആവശ്യമായി തോന്നിയിരിക്കാമെന്നും അതിന് വേണ്ടിയാകാം അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും വിവരം ലഭിച്ചുവെന്ന് കമ്മീഷന്‍ റിപോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ പല കാര്യങ്ങളും വെളിപ്പെട്ടിട്ടും അന്വേഷണ ഏജന്‍സികള്‍ക്ക് പ്രതികളെ പിടിക്കാന്‍ കഴിയുന്നില്ല. ചെമ്പരിക്ക ഖാസിയുടെ ഡ്രൈവറെ കുറിച്ചുള്ള അന്വേഷണത്തിലൂടെ മരണവുമായി ബന്ധപ്പെട്ട ധാരാളം കാര്യങ്ങളിലേക്ക് എത്തിപ്പെടാന്‍ കഴിയും എന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.