Kerala
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച സംഭവത്തില്‍ ജനീഷ് കുമാര്‍ എം എല്‍ എക്കെതിരെ കേസ്
നടപടി ജോലി തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വനപാലകര്‍ നൽകിയ പരാതിയില്‍

പത്തനംതിട്ട | കസ്റ്റഡിയിലെടുത്ത ആളെ വനം വകുപ്പ് ഓഫീസിലെത്തി ബലമായി മോചിപ്പിച്ച സംഭവത്തില്‍ കോന്നി എം എല്‍ എ. കെ യു ജനീഷ് കുമാറിനെതിരെ പോലീസ് കേസെടുത്തു. കൂടല്‍ പോലീസാണ് വനപാലകര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തത്. വനം വകുപ്പ് ഓഫീസില്‍ എത്തി ജോലി തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പത്തനംതിട്ട കൂടല്‍ പൊലീസ് സ്റ്റേഷനില്‍ വനം വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയത്.
പത്തനംതിട്ട കോന്നി കുളത്തു മണ്ണില്‍ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്തയാളെ വിട്ടയക്കാനായിരുന്നു ഇന്നലെ കെ യു ജനീഷ് എം എല്‍ എ വനം വകുപ്പ് ഓഫിസിലെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ രേഖ കാണിക്കണമെന്ന് എം എല്‍ എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ഇതിന് പിന്നാലെ ഫോറസ്റ്റ് ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിക്കുകയുമായിരുന്നു. ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് കൊണ്ടാണ് ഇടപെട്ടതെന്നാണ് ജനീഷ് കുമാര്‍ എം എല്‍ എയുടെ വാദം.