Connect with us

International

ഫ്‌ളാഗ്ഷിപ്പ് ഡിഎസ്എല്‍ആര്‍ കാമറകളുടെ നിര്‍മ്മാണം നിര്‍ത്തുന്നതായി കാനണ്‍

മിറര്‍ലെസ് ഡിഎസ്എല്‍ആര്‍ കാമറകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി| ലോകപ്രശസ്ത കാമറ ബ്രാന്‍ഡായ കാനണ്‍ ഫ്‌ളാഗ്ഷിപ്പ് ഡിഎസ്എല്‍ആര്‍ കാമറകളുടെ നിര്‍മ്മാണം നിര്‍ത്തുന്നു. കാനണ്‍ 1ഡിഎക്‌സ് മാര്‍ക്ക് 3 ആണ് തങ്ങളുടെ അവസാനത്തെ വില കൂടിയ മുന്‍നിര ഡിഎസ്എല്‍ആര്‍ കാമറയെന്ന് കമ്പനി വ്യക്തമാക്കി. മിറര്‍ലെസ് ഡിഎസ്എല്‍ആര്‍ കാമറകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടാണ് മുന്‍നിര ഡിഎസ്എല്‍ആര്‍ കാമറകള്‍ ഇനി നിര്‍മ്മിക്കില്ലെന്ന് തീരുമാനിച്ചതെന്നും കാനണ്‍ അറിയിച്ചു.

മുന്‍നിര ഡിഎസ്എല്‍ആറുകളുടെ ഉത്പാദനം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവസാനിപ്പിക്കുമെന്ന് ജാപ്പനീസ് പത്രമായ യോമിയുരി ഷിംബനു നല്‍കിയ അഭിമുഖത്തില്‍ കാനണ്‍ സിഇഒ ഫുജിയോ മിതാരായ് പറഞ്ഞു. വിപണി ആവശ്യങ്ങള്‍ മിറര്‍ലെസ് കാമറകളിലേക്ക് അതിവേഗം മാറുകയാണ്. തുടക്കക്കാര്‍ക്കും ഇന്റര്‍മീഡിയറ്റ് എസ്എല്‍ആര്‍ കാമറകള്‍ക്കുമുള്ള ആവശ്യം ആഗോള വിപണിയില്‍ ശക്തമാണ്. അതുകൊണ്ട് തന്നെ തല്‍ക്കാലം ഇത്തരം കാമറകളുടെ വികസനവും ഉല്‍പ്പാദനവും തുടരാന്‍ തങ്ങള്‍ പദ്ധതിയിടുന്നുവെന്നും കാനണ്‍ സിഇഒ വ്യക്തമാക്കി. കാനണ്‍ 1ഡിഎക്‌സ് മാര്‍ക്ക്3 ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 4,84,789 രൂപ വിലയുമായിട്ടാണ് എത്തിയത്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയില്‍ ഏറ്റവും ജനപ്രീതിയുള്ള മുന്‍നിര കാമറയാണിത്.

കാനണ്‍ അതിന്റെ ഫ്‌ളാഗ്ഷിപ്പ് ഡിവൈസുകളുടെ ഉത്പാദനം എപ്പോള്‍ അവസാനിപ്പിക്കുമെന്ന കാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ വിപണിയില്‍ ഉള്ള കാനണിന്റെ കാമറകള്‍ അതേപടി നിര്‍മ്മിക്കും. ഇതില്‍ പഴയ മോഡലുകള്‍ നിര്‍മ്മിക്കാന്‍ സാധ്യതയില്ല. ഇനിയൊരു ഫ്‌ളാഗ്ഷിപ്പ് ഡിഎസ്എല്‍ആര്‍ കാമറ കമ്പനി പുതുതായി അവതരിപ്പിക്കില്ല. പെറ്റാപിക്‌സല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് നിക്കോണും മിറര്‍ലെസ് കാമറകളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. മുന്‍നിര ഡിഎസ്എല്‍ആര്‍ കാമറകളുടെ നിര്‍മ്മാണവും നിര്‍ത്തിയിട്ടുണ്ട്.

അതിവേഗത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താനുള്ള കമാറയുടെ കഴിവാണ് കാനണ്‍ 1ഡിഎക്‌സ് മാര്‍ക്ക് 3യുടെ സവിശേഷത. സ്‌പോര്‍ട്‌സ്, വൈല്‍ഡ് ലൈഫ് എന്നിങ്ങനെയുള്ള ഫോട്ടോഗ്രഫി മേഖലകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ വേഗതയുള്ള കാമറയാണ് ഇത്. 20.1 മെഗാപിക്‌സല്‍ ഫുള്‍-ഫ്രെയിം സിഎംഒഎസ് സെന്‍സറോടെയാണ് ഇത് വരുന്നത്. ഇതിനൊപ്പം ഹൈ ഡീറ്റെയില്‍ ലോ-പാസ് ഫില്‍ട്ടറും കമ്പനി നല്‍കുന്നുണ്ട്. വ്യൂ ഫൈന്‍ഡര്‍ ഉപയോഗിച്ചാല്‍ 16 എഫ്പിഎസ് വേഗതയില്‍ ഷൂട്ട് ചെയ്യാന്‍ കഴിയുന്നതും അതേ സമയം ലൈവ് വ്യൂ ആണ് ഉപയോഗിക്കുന്നതെങ്കില്‍ വേഗത 20എഫ്പിഎസ് വരെ ലഭിക്കുന്നതുമായ കാമറയാണ് ഇത്.

 

Latest