Connect with us

local body election 2025

സ്ഥാനാർഥി പ്രഖ്യാപനം; മാറി മറിഞ്ഞ് യു ഡി എഫ്

രണ്ടാഴ്ച്ചത്തെ നിരന്തര ചർച്ചയിലും തീരുമാനമാകാത്തതിനാൽ ഇന്നലെകെ പി സി സി സംഘമെത്തി പ്രശ്നത്തിൽ ഇടപെട്ടു. 17 ഡിവിഷനുകളിൽ 12ലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഏഴ് സീറ്റുകളിൽ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു

Published

|

Last Updated

ഇടുക്കി | ഒരാഴ്ച്ച മുമ്പ് തന്നെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി ഒരു മുഴം മുന്നിലെത്തിയിരിക്കെ, വോട്ടെണ്ണലിന്റെ ലീഡ് നിലപോലെ സ്ഥാനാർഥി പ്രഖ്യാപനം മാറി മറിഞ്ഞ് യു ഡി എഫ്. കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിലാണ് ഇന്നലെ രാത്രി വൈകും വരെ അനിശ്ചിതത്വം നിലനിന്നത്. രണ്ടാഴ്ച്ചത്തെ നിരന്തര ചർച്ചയിലും തീരുമാനമാകാത്തതിനാൽ ഇന്നലെകെ പി സി സി സംഘമെത്തി പ്രശ്നത്തിൽ ഇടപെട്ടു.

17 ഡിവിഷനുകളിൽ 12ലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഏഴ് സീറ്റുകളിൽ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. യൂത്ത് കോൺഗ്രസിന് നൽകുന്ന സീറ്റുകളടക്കം അഞ്ച് എണ്ണമാണ് തർക്കത്തിൽ കിടന്നത്. കരിമണ്ണൂർ, പൈനാവ്, ഉപ്പുതറ, വെളളത്തൂവൽ, അടിമാലി സീറ്റുകളായിരുന്ന കീറാമുട്ടി. പൈനാവിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് ടോണി തോമസും ഉപ്പുതറയിൽ ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപറമ്പിലും മത്സരിക്കുമെന്ന അറിയിപ്പ് വൈകിട്ടോടെ എത്തി. എന്നാൽ രാത്രി 8 മണിയോടെ തീരുമാനം പിന്നെയും മാറി. ടോണിയെയും ഫ്രാൻസീസിനെയും പരസ്പരം മാറ്റി.

കരിമണ്ണൂർ ഡിവിഷനിലെ സ്ഥാനാർഥി കാര്യത്തിൽ ഡീൻ കുര്യാക്കോസ് ഉടക്കിയതായി പറയുന്നു. ഇവിടെ ഇന്ദു സുധാകരനെ മത്സരിപ്പിക്കാനായിരുന്നു ഡീനിന് താൽപര്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതക്കായതിനാലാണ് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ഇന്ദുവിനെ പരിഗണിക്കാൻ ഡീൻ നിർദേശിച്ചത്. കെ പി സി സി പ്രസിഡന്റുമായുളള ബന്ധം വഴിയാണെന്ന പറയുന്നു കരിമണ്ണൂരിൽ മനോജ് കൊക്കാടിന് നറുക്ക് വീണു.

അഞ്ച് സീറ്റിൽ മത്സരിക്കുന്ന കേരള കോൺഗ്രസ് (ജെ) നാലെണ്ണം നേരത്തെ പ്രഖ്യാപിച്ചിരുന്നു. നെടുങ്കണ്ടത്തെ സ്ഥാനാർഥിയെ ഇന്നലെ പ്രഖ്യാപിച്ചു.ഇന്നലെ രാത്രി വൈകി ലഭ്യമായ യു ഡി എഫ് സ്ഥാനാർഥി പട്ടിക

കോൺഗ്രസ്

മൂന്നാർ – സി നെൽസൺ
ദേവികുളം – ഡി കുമാർ
വണ്ടിപ്പെരിയാർ -എൻ മണിമേഖല
പാമ്പാടുംപാറ – മിനി പ്രിൻസ്
വണ്ടൻമേട് – ആൻസി ജെയിംസ്
വാഗമൺ – മിനി സാബു
രാജാക്കാട് – സാബു രാമൻ
കരിമണ്ണൂർ- മനോജ് കോക്കാട്
അടിമാലി – ടിഎസ് സിദ്ദിഖ്
വെള്ളത്തൂവൽ-പി എ സജി
പൈനാവ്- ഫ്രാൻസിസ് അറയ്ക്കപറമ്പിൽ
ഉപ്പുതറ -ടോണി തോമസ്

കേരള കോൺഗ്രസ് (ജെ)

വണ്ണപ്പുറം – ഷൈനി റെജി
കരിങ്കുന്നം – ഷീല സ്റ്റീഫൻ
മൂലമറ്റം – സജി പി ജോസ്
തോപ്രാംകുടി- ഷൈനി സജി
നെടുങ്കണ്ടം -ഗ്രേസി ജോയ്

Latest