Connect with us

Health

പ്രതിരോധിക്കാം പ്രമേഹത്തെ

Published

|

Last Updated

 

മനുഷ്യ ശരീരത്തിലെ ഇൻസുലിൻ എന്ന ഹോർമോണിന്റെ അളവ് കുറയുന്നതു കൊണ്ടോ അതിന്റെ കാര്യശേഷിക്കുറവ് കൊണ്ടോ രക്തത്തിൽ ഗ്ലൂക്കോസിന്റെ വർധന ഉണ്ടാകുന്ന അവസ്ഥയാണ് പ്രമേഹം അഥവാ Diabetes mellitus.
നവംബർ 14 ലോക പ്രമേഹദിനമായി ആചരിക്കുകയുണ്ടായി. പ്രമേഹത്തെക്കുറിച്ചുള്ള അവബോധം ചെലുത്തുക എന്നതാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്ത്യയുടെ “പ്രമേഹ തലസ്ഥാനമായിട്ടാണ്’ കേരളം അറിയപ്പെടുന്നത്. ഏതൊരു ആഘോഷത്തിനും ഭക്ഷണമാണ് നമുക്ക് പ്രധാനം. എന്നാൽ തെറ്റായ ആഹാര രീതിയും വ്യായാമക്കുറവും നമ്മുടെ സമൂഹത്തെ ജീവിതശൈലി രോഗങ്ങൾക്ക് അടിമപ്പെടുത്തിയിരിക്കുന്നു.

പ്രമേഹത്തെ പ്രധാനമായും മൂന്നായി തിരിക്കാം.

* Type 1 പ്രമേഹം
* Type 2 പ്രമേഹം
* ഗർഭിണികളിൽ കണ്ടുവരുന്ന പ്രമേഹം
Type 1 പ്രമേഹം:
Type 1 പ്രമേഹം ഇൻസുലിന്റെ അഭാവം (Deficiency) കാരണമാണ് ഉണ്ടാകുന്നത്. കൂടുതലും കുട്ടികളിലാണ് കണ്ടുവരുന്നത്. ജന്മനാൽ തന്നെ ഇവരുടെ ശരീരത്തിൽ ഇൻസുലിൻ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നില്ല. അതുകൊണ്ട് ഇൻസുലിൻ തന്നെയാണ് അവരുടെ ചികിത്സ.
Type 2 പ്രമേഹം :
സമൂഹത്തിൽ ബഹുഭൂരിപക്ഷം ആളുകളിലും കാണപ്പെടുന്നത് Type 2 പ്രമേഹമാണ്. ഇൻസുലിൻ resistance കാരണമാണ് Type 2 പ്രമേഹം ഉണ്ടാകുന്നത്. ശരീരത്തിൽ ക്രമാതീതമായി അടിയുന്ന കൊഴുപ്പാണ് ഇൻസുലിൻ resistanceന്റെ കാരണം.
നമ്മുടെ ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ ഊർജം ഭക്ഷണത്തിൽ കൂടി ലഭിക്കുമ്പോൾ അത് കൊഴുപ്പായി അടിയുന്നു. ഈ കൊഴുപ്പ് കാലക്രമേണ ഇൻസുലിന്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുകയും പ്രമേഹത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു.
സമീകൃതാഹാരവും കൃത്യമായ വ്യായാമവും ശരിയായ ഉറക്കവും മാനസിക സമ്മർദങ്ങളെ നിയന്ത്രിക്കാനും ശീലമാക്കുകയാണെങ്കിൽ ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, രക്താതിമർദം, dyslipidemia മുതലായവയിൽ നിന്നും രക്ഷ നേടാം.
ഒരു ഭക്ഷണത്തിനും എല്ലാ പോഷകങ്ങളും നൽകാൻ കഴിയില്ല. സന്തുലിതമായ ഭക്ഷണക്രമമാണ് പാലിക്കേണ്ടത്. പ്രായത്തിനും ജീവിത ശൈലിക്കും അനുസൃതമായി ആനുപാതിക പോഷകങ്ങളടങ്ങിയ ഭക്ഷണമാണ് സമീകൃതാഹാരം.
ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഓരോ നേരവും ആഹാരം കഴിക്കുമ്പോൾ നമ്മുടെ പ്ലേറ്റിൽ എന്തൊക്കെ ഉൾപ്പെടുത്താമെന്ന് നോക്കാം.

ഒരു വൃത്താകൃതിയിലുള്ള പ്ലേറ്റ് എടുക്കുകയാണെങ്കിൽ പ്ലേറ്റിൽ പകുതി പച്ചക്കറികൾ ( കിഴങ്ങ് വർഗങ്ങൾ നിയന്ത്രിച്ച് മണ്ണിന് മുകളിൽ വളരുന്ന പച്ചക്കറികൾ തിരഞ്ഞെടുക്കുക), ഇലക്കറികൾ, പഴങ്ങൾ, കാൽ ഭാഗം തവിടോട് കൂടിയ ധാന്യങ്ങൾ, ബാക്കി വരുന്ന കാൽ ഭാഗം “protein’ ന്റെ സ്രോതസ്സുകളായ പരിപ്പ് പയർ വർഗങ്ങൾ, മത്സ്യം, മുട്ട, മാംസം, കൂൺ മുതലായവ ഉൾപ്പെടുത്താം. അതിനോടൊപ്പം മിതമായ അളവിൽ പാലോ, പാലുത്പന്നങ്ങളോ ( തൈര്, മോര്) ചേർക്കുമ്പോൾ നമ്മുടെ പ്ലേറ്റ് ഒരു “Healthy Plate’ ആയി എന്ന് കണക്കാക്കം.
പ്രമേഹ രോഗമുള്ളവർ പഴങ്ങൾ തിരഞ്ഞെടുക്കുമ്പോൾ Glycemic index (ഒരു ഭക്ഷണം കഴിച്ചാൽ എത്ര വേഗമാണ് ശരീരത്തിൽ ഗ്ലൂക്കോസ് കൂടുന്നത് എന്നതിന്റെ അളവാണ് Glycemic index) കുറഞ്ഞ പഴങ്ങളായ പേരയ്ക്ക, ഓറഞ്ച്, ആപ്പിൾ, സബർ ജില്ലി, മുസംബി, Pomegranate, പപ്പായ മുതലായവ തിരഞ്ഞെടുക്കാം.

പൊണ്ണത്തടിയാണ് പലപ്പോഴും ജീവിത ശൈലി രോഗങ്ങൾക്ക് കാരണമാകുന്നത്. ICMR (Indian council for medical research) നിർദേശ പ്രകാരം ഉദര ചുറ്റളവ് സ്ത്രീകളിൽ 80 സെന്റീമീറ്ററിലും പുരുഷന്മാരിൽ 90 സെന്റീമീറ്ററിലും താഴെയായിരിക്കണം.അതുപോലെ പൊക്കത്തിനനുസരിച്ചുള്ള ശരീരഭാരം നിലനിർത്താനും ശ്രദ്ധിക്കുക.
കഴിവതും ജങ്ക് ഫുഡ് ഇനത്തിൽ പെട്ട ആഹാര സാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.
അമിതമായ കൊഴുപ്പ്, ഉപ്പ്, മധുരം, കൃത്രിമ നിറങ്ങൾ മുതലായവ ചേർത്തതും പോഷക മൂല്യം തീരെ ഇല്ലാത്തതും ശൂന്യ ഊർജം പ്രദാനം ചെയ്യുന്നതുമായ ആഹാര സാധനങ്ങളെയാണ് ജങ്ക് ഫുഡ്‌സ് എന്ന് പറയുന്നത്. ബേക്കറി പലഹാരങ്ങൾ, ശീതള പാനീയങ്ങൾ, പാക്കറ്റിൽ ലഭ്യമാക്കുന്ന ജ്യൂസുകൾ, എണ്ണയിൽ വറുത്ത പലഹാരങ്ങൾ മുതലായവയെല്ലാം ജങ്ക് ഫുഡ് ഇനത്തിൽ പെടുന്നവയാണ്.

നാം കഴിക്കുന്ന ആഹാര സാധനങ്ങളുടെ Food labelവായിച്ചു മനസ്സിലാക്കുന്ന ശീലം വളർത്തിയെടുക്കുക. അതിൽ അടങ്ങിയിരിക്കുന്ന ഉപ്പ്, മധുരം, കൊഴുപ്പ്, ഒരു serving ൽ എത്ര calorie ഊർജമുണ്ട് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ Food label നമ്മെ സഹായിക്കുന്നു.
ദിവസേന വ്യായാമം ചെയ്യുന്നത് മാനസിക പിരിമുറുക്കങ്ങൾ മാറ്റി ഉന്മേഷം പ്രദാനം ചെയ്യുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം പൂർണമായും ഒഴിവാക്കുക. വ്യക്തി ശുചിത്വവും പോഷകാഹാര ശീലവും കൃത്യമായ വ്യായാമവും ശീലമാക്കിയാൽ ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സാധിക്കുന്നു.

മൃദുല അരവിന്ദ്
miduaravind@gmail.com

ഡയറ്റീഷ്യൻ, താലൂക്ക് ആശുപത്രി
പൂടംകല്ല് കാസർകോട്

Latest