Connect with us

International

ഗസ്സയിൽ ക്രൂരതക്ക് അയവില്ല; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 91 ഫലസ്തീനികൾ

ഗസ്സ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫയിലെ ഡയറക്ടർ ഡോ. മുഹമ്മദ് അബു സൽമിയയുടെ കുടുംബവീടിന് നേരെ ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു.

Published

|

Last Updated

ഗസ്സ സിറ്റി | ഗസ്സയിൽ കണ്ണില്ലാത്ത ക്രൂരത നിർബാധം തുടർന്ന് ഇസ്റാഈൽ. ഇസ്റാഈൽ സൈന്യം ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ ഒരു ദിവസം 91 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രമുഖ ഡോക്ടറുടെ കുടുംബാംഗങ്ങളും വടക്കൻ ഗസ്സയിൽ നിന്ന് പലായനം ചെയ്യുകയായിരുന്ന ട്രക്കിലുണ്ടായിരുന്ന നാല് പേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഗസ്സ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്റാഈലിന്റെ വ്യോമ, കര ആക്രമണങ്ങൾക്കിടെയാണ് ശനിയാഴ്ച ഈ കൂട്ടക്കൊലകൾ നടന്നത്.

സൈന്യം നൽകിയ നിർദ്ദേശമനുസരിച്ച് ഗസ്സ സിറ്റിയിൽ നിന്ന് പലായനം ചെയ്യുകയായിരുന്ന ട്രക്കിന് നേരെയും ആക്രമണമുണ്ടായി. ട്രക്കിലുണ്ടായിരുന്ന നാല് പേർ കൊല്ലപ്പെട്ടു. കൂടാതെ, താമസകേന്ദ്രങ്ങൾ, സ്കൂളുകളായി മാറിയ അഭയകേന്ദ്രങ്ങൾ, പലായനം ചെയ്തവർ താമസിക്കുന്ന കൂടാരങ്ങൾ എന്നിവക്ക് നേരെയും ഇസ്റാഈൽ ആക്രമണമുണ്ടായി. ഈ ആക്രമണങ്ങളിൽ മാത്രം 76 പേർ കൊല്ലപ്പെട്ടു.

ഗസ്സ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫയിലെ ഡയറക്ടർ ഡോ. മുഹമ്മദ് അബു സൽമിയയുടെ കുടുംബവീടിന് നേരെ ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ഡോക്ടറുടെ സഹോദരൻ, സഹോദരന്റെ ഭാര്യ, അവരുടെ കുട്ടികൾ എന്നിവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

“എന്റെ സഹോദരന്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി” – ആശുപത്രിയുടെ എമർജൻസി വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന അബു സൽമിയ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.

ഡോക്ടർമാരെ ഭീഷണിപ്പെടുത്തി നഗരം വിടാൻ നിർബന്ധിപ്പിക്കുന്നതിനുള്ള ഭീകരമായ സന്ദേശമാണ് ഈ ആക്രമണമെന്ന് ഹമാസ് അപലപിച്ചു.

2023 ഒക്ടോബറിൽ ഗസ്സയിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്റാഈൽ സൈന്യം ഏകദേശം 1,700 ആരോഗ്യപ്രവർത്തകരെ കൊലപ്പെടുത്തുകയും 400 പേരെ തടവിലാക്കുകയും ചെയ്തതായി ഹമാസ് ചൂണ്ടിക്കാട്ടി.

Latest