National
ബിആർഎസ് നേതാവ് കെ കവിതയെ പാർട്ടിയിൽ നിന്ന് പുറത്താക്കി പിതാവ് ചന്ദ്ര ശേഖർ റാവു
തന്നെ ഒഴിവാക്കാനുള്ള ഹരീഷ് റാവുവിന്റെയും സന്തോഷ് കുമാറിന്റെയും ഗൂഢാലോചനയാണ് പിതാവിനെതിരെ അഴിമതി ആരോപണം ഉയർന്നതിന് പിന്നിലെന്ന് കവിത കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു

ഹൈദരാബാദ് | പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് കാട്ടി മകളും എംഎൽസിയുമായി കെ കവിതയെ ബി ആർ എസിൽ നിന്ന് പുറത്താക്കി പിതാവും പാർട്ടി നേതാവുമായ കെ ചന്ദ്രശേഖർ റാവു. ചന്ദ്രശേഖര റാവുവിനെതിരായ അന്വേഷണത്തിന് പിന്നിൽ സഹോദരന്മാരായ ടി ഹരീഷ് റാവുവിനും ജെ സന്തോഷ് റാവുവിനും പങ്കുണ്ടെന്ന് കവിത കഴിഞ്ഞ ദിവസം ആരോപിച്ചതിന് പിന്നാലെയാണ് നടപടി. പാർട്ടിയുടെ നയങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ പ്രസ്താവനകളും പ്രവർത്തനങ്ങളും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി പ്രസിഡന്റ് കൂടിയായ കെ ചന്ദ്രശേഖര റാവുവിന്റെ നടപടി.
പാർട്ടിയിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്ന സമയത്ത് തന്നെയാണ് കവിതയുടെ പുറത്താക്കൽ എന്നതും ശ്രദ്ധേയമാണ്. തന്നെ ഒഴിവാക്കാനുള്ള ഹരീഷ് റാവുവിന്റെയും സന്തോഷ് കുമാറിന്റെയും ഗൂഢാലോചനയാണ് പിതാവിനെതിരെ അഴിമതി ആരോപണം ഉയർന്നതിന് പിന്നിലെന്ന് കവിത കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കൂടാതെ, കെസിആറിന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിച്ചത് പാർട്ടിയിലെ ചില നേതാക്കളാണെന്നും കവിത പരസ്യമായി ആരോപിച്ചിരുന്നു.
പ്രതികാര നടപടികളെന്ന് കവിത
ഓഗസ്റ്റ് 22-ന് വിദേശത്തായിരിക്കുമ്പോൾ തെലങ്കാന ബോഗ്ഗു ഘനി കർമ്മിക സംഘത്തിന്റെ (TBGKS) ഓണററി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് കവിത ആരോപിച്ചിരുന്നു. പാർട്ടിയിലെ ചിലർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും, തൊഴിൽ നിയമങ്ങൾ ലംഘിച്ചാണ് പാർട്ടിയുടെ ഓഫീസിൽ വച്ച് തന്നെ പുറത്താക്കിയതെന്നും അവർ ആരോപിച്ചു. പാർട്ടിയിലെ ആഭ്യന്തര പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതിനാണ് തനിക്കെതിരെ വിദ്വേഷപരമായ നീക്കങ്ങൾ നടക്കുന്നതെന്നും അവർ പറഞ്ഞു.
ബിആർഎസ്സിന്റെ രജതജൂബിലി യോഗത്തിന് ശേഷം പിതാവിന് താൻ അയച്ച കത്ത് പുറത്തായതാണ് തനിക്കെതിരായ നീക്കങ്ങൾക്ക് പിന്നിലെന്നും കവിത വെളിപ്പെടുത്തി. ബിജെപിക്കെതിരെ ശക്തമായി സംസാരിക്കാത്ത കെസിആറിന്റെ നിലപാടിനെ ചോദ്യം ചെയ്ത് കത്തിൽ താൻ എഴുതിയതിനെപ്പറ്റി കവിത വിശദീകരിച്ചു. ഈ കത്ത് ചോർത്തിയത് ആരെന്ന് അന്വേഷിക്കാതെ പാർട്ടി നേതൃത്വം തനിക്കെതിരെ തിരിഞ്ഞെന്നും കവിത ആരോപിച്ചു. ബിആർഎസ് ബിജെപിയുമായി ലയിപ്പിക്കാൻ ശ്രമം നടന്നിരുന്നുവെന്നും, ജയിലിൽ ആയിരുന്നപ്പോൾ പോലും താൻ ഇതിനെ എതിർത്തിരുന്നുവെന്നും അവർ പറഞ്ഞു.