Connect with us

Kerala

കിണറിന് ഷീറ്റ് ഇടുന്നതിനെ ചൊല്ലി സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കം; മലപ്പുറത്ത് റിട്ട. അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു

ബാബു അയ്യപ്പനെ മര്‍ദിക്കുകയും പിന്നാലെ അയ്യപ്പന്‍കുഴഞ്ഞു വീഴുകയുമായിരുന്നു.

Published

|

Last Updated

മലപ്പുറം| കിണറിന് ഷീറ്റ് ഇടുന്നതിനെച്ചൊല്ലി സഹോദരന്മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ റിട്ട. അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. കുന്നുംപുറം എ.ആര്‍. നഗര്‍ അരീത്തോട് പാലന്തറ പൂക്കോടന്‍ അയ്യപ്പന്‍ (59) ആണ് മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് സഹോദരന്‍ ബാബു (47)വിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം 6.30നാണ് സംഭവമുണ്ടായത്. അയ്യപ്പനെ വീടിന് സമീപം കുഴഞ്ഞുവീണ് നിലയില്‍ കണ്ടെത്തുകയായിരുന്നു.

കിണറിന് മുകളില്‍ ഷീറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അയ്യപ്പനും ബാബുവും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായി പോലീസ് പറയുന്നു. ബാബു അയ്യപ്പനെ മര്‍ദിക്കുകയും പിന്നാലെ അയ്യപ്പന്‍കുഴഞ്ഞു വീഴുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മര്‍ദന വിവരം പുറത്തുവന്നത്. സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് അയ്യപ്പനും ബാബുവും വീടിനു സമീപം വച്ചും തര്‍ക്കമുണ്ടായിരുന്നു. അയ്യപ്പനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അയ്യപ്പന്റെ ഭാര്യയുടെ മൊഴിപ്രകാരമാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്.

കേരള റിട്ടയേഡ് ടീച്ചേഴ്സ് കോണ്‍ഗ്രസ് സംഘടനയുടെ മലപ്പുറം ജില്ലാ സെക്രട്ടറി, ഭാരതീയ ദളിത് കോണ്‍ഗ്രസ് എആര്‍ നഗര്‍ മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു അയ്യപ്പന്‍. മഞ്ചേരി മെഡിക്കല്‍ കോളജില്‍ വച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

 

 

---- facebook comment plugin here -----

Latest