Connect with us

National

പ്രധാനമന്ത്രിയുടെ 71ാം ജന്മദിനം ആഘോഷമാക്കാന്‍ ബിജെപി; 20 ദിന കര്‍മപദ്ധതികള്‍ ഒരുക്കി

പൊതു സേവകനെന്ന നിലയില്‍ അദ്ദേഹം 20 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് വിപുലമായ ആഘോഷപരിപാടികള്‍ ഒരുക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനം ആഘോഷമാക്കാന്‍ ഒരുങ്ങി ബിജെപി. പൊതു സേവകനെന്ന നിലയില്‍ അദ്ദേഹം 20 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് വിപുലമായ ആഘോഷപരിപാടികള്‍ ഒരുക്കുന്നത്. സേവ ആന്റ് സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ ജന്മദിനമായ സെപ്തംബര്‍ 17ന് തുടങ്ങി 20 ദിവസം നീണ്ടുനില്‍ക്കുന്ന പദ്ധതിയാണ് തയ്യാറാക്കിയത്.

ക്യാമ്പയിന്റെ ഭാഗമായി ദേശവ്യാപക ശുചീകരണ പ്രവൃത്തികളും രക്തദാന ക്യാമ്പുകളും സംഘടിപ്പിക്കുവാന്‍ ബിജെപി ദേശീയ നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന് പുറമെ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് അഞ്ച് കോടി പോസ്റ്റ് കാര്‍ഡുകളും അയക്കും. സൗജന്യ ഭക്ഷ്യധാന്യവും സൗജന്യ വാക്‌സിനും നല്‍കിയതിന് നന്ദി അറിയിച്ച് ഹോര്‍ഡിംഗുകളും സ്ഥാപിക്കും.

നരേന്ദ്ര മോദിയുടെ ജീവിതചിത്രം അനാവരണം ചെയ്യുന്ന പ്രത്യേക എക്‌സിബിഷനുകള്‍ സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്. നമോ ആപ്പ് വഴിയും വെര്‍ച്ച്വല്‍ പരിപാടികള്‍ സംഘടിപ്പിക്കും. പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ റേഷന്‍ കടകള്‍ക്ക് മുന്നില്‍ നിന്ന് പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിക്കും. പ്രധാനമന്ത്രിക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ ഗവണ്‍മെന്റ് വെബ്‌സൈറ്റായ pmmemontos.gov.in വഴി ലേലം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

2001 ഒക്‌ടോബര്‍ ഏഴിനാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി ആദ്യമായി അധികാരമേറ്റത്. അതിന്റെ ഓര്‍മക്കായി ഒക്‌ടോബര്‍ ഏഴ് വരെ നീളുന്നതാകും പ്രചാരണ പരിപാടികള്‍.

---- facebook comment plugin here -----

Latest