Kerala
പാലക്കാട് നഗരസഭ ബിജെപി ചെയര്‍പേഴ്‌സണ്‍ രാജിവെച്ചു
ബിജെപിയിലെ വിഭാഗീയതയാണ് രാജിക്ക് പിന്നിലെന്നാണ് പ്രതിപക്ഷ ആരോപണം.

പാലക്കാട്| ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ബാക്കിയിരിക്കെ ചെയര്‍പേഴ്‌സണ്‍ രാജിവെച്ചു. ചെയര്‍പേഴ്‌സണായിരുന്ന പ്രിയ അജയനാണ് കഴിഞ്ഞ ദിവസം സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചത്. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് രാജിയെന്നും മറ്റു പ്രശ്‌നങ്ങളില്ലെന്നും അവര്‍ പറഞ്ഞു. മൂന്നു മാസം മുമ്പ് രാജിയെക്കുറിച്ച് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും പ്രിയ വ്യക്തമാക്കി.
വ്യക്തിപരമായ കാരണങ്ങളാല്‍ തുടര്‍ന്ന് പോകാനാകില്ലെന്ന് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. പാര്‍ട്ടി പരിശോധിച്ച ശേഷം രാജിക്ക് അനുമതി നല്‍കി. യാതൊരുവിധ തരത്തിലും സമ്മര്‍ദമോ വിഭാഗീയതയോ ഉണ്ടായിട്ടില്ലെന്നും ബിജെപി അംഗങ്ങള്‍ പിന്തുണച്ചില്ലെന്ന പരാതിയില്ലെന്നും അവര്‍ പറഞ്ഞു. പ്രിയയുടെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടുതന്നെയാണ് രാജിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസ് വ്യക്തമാക്കി. മറ്റ് അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാന രഹിതമാണ്.
പ്രതിപക്ഷത്തിന്റെ ആരോപണം ശരിയല്ലെന്നും പുതിയ ചെയര്‍പേഴ്‌സണെ പാര്‍ട്ടി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. അതേസമയം, ബിജെപിയിലെ വിഭാഗീയതയാണ് രാജിക്ക് പിന്നിലെന്നാണ് പ്രതിപക്ഷ ആരോപണം. പ്രിയയുടെ പ്രവര്‍ത്തനത്തില്‍ ഒരു വിഭാഗം നേതാക്കള്‍ അസംതൃപ്തരായിരുന്നെന്നും രാജിക്കായി സമ്മര്‍ദം ചെലുത്തിയെന്നും ആരോപണമുണ്ട്.