Connect with us

Articles

പക്ഷിപ്പനി: ജാഗ്രത വേണം

മാംസവും മുട്ടയും നന്നായി പാകം ചെയ്ത് ഉപയോഗിച്ചാല്‍ ഒരു കാരണവശാലും പക്ഷിപ്പനി പകരില്ല.

Published

|

Last Updated

2003ല്‍ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ആരംഭിച്ച പക്ഷിപ്പനി, തുടര്‍ന്ന് ഏഷ്യയുടെ മാറ്റു ഭാഗങ്ങളിലേക്കും യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും വ്യാപിക്കുകയുണ്ടായി. 2003 മുതല്‍ 2022 വരെ ലോകത്താകമാനം 868 പേര്‍ക്ക് പക്ഷിപ്പനി പിടിപെടുകയും 457 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. മനുഷ്യരില്‍ മരണമുണ്ടാക്കുന്നതിനു പുറമെ, കോഴികളുടെയും മറ്റു പക്ഷികളുടെയും ജീവനാശവും അനുബന്ധ വ്യവസായങ്ങളുടെ തകര്‍ച്ചയും വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. രോഗത്തെപ്പറ്റി മനസ്സിലാക്കുന്നത് ആവശ്യമായ മുന്‍കരുതലുകളെടുക്കാനും അനാവശ്യ ഭീതി ഒഴിവാക്കാനും സഹായകമാകും.

എല്ലാ പക്ഷികളെയും ബാധിക്കുന്ന ഈ രോഗം ഉണ്ടാക്കുന്നത് ഇന്‍ഫ്ളുവന്‍സ വൈറസ് ടൈപ്പ് എ യാണ്. മാരക ശേഷിയുള്ള വൈറസ് ഇനങ്ങള്‍ ശരീരത്തില്‍ പ്രവേശിച്ച് രണ്ട് മുതല്‍ അഞ്ച് ദിവസത്തിനകം രോഗലക്ഷണം കാണിച്ചു തുടങ്ങുന്നതോടെ പക്ഷികള്‍ ചത്തൊടുങ്ങുന്നു. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള വെള്ളമൊലിപ്പ്, പൂവിനും താടക്കും വീക്കത്തോടു കൂടിയ നീലനിറം, രക്താതിസാരം, ശ്വാസതടസ്സം, കണങ്കാലില്‍ തൊലിക്കടിയിലുള്ള രക്തസ്രാവം കാരണമുള്ള ചുവപ്പുനിറം, തളര്‍ച്ച എന്നിവയാണ് കോഴികളിലെ രോഗലക്ഷണങ്ങള്‍. താറാവ്, ഒട്ടകപ്പക്ഷി, ദേശാടനപ്പക്ഷികള്‍, മറ്റു ജലപക്ഷികള്‍ എന്നിവയില്‍ രോഗലക്ഷണം കാണാതെ തന്നെ വൈറസ് കാണപ്പെടാറുണ്ട്. രക്തം, തൊണ്ടയില്‍ നിന്നും മലദ്വാരത്തില്‍ നിന്നുമെടുക്കുന്ന നീര് എന്നിവ പരിശോധിച്ചാല്‍ വൈറസിന്റെ സാന്നിധ്യം മനസ്സിലാക്കാം.

രോഗം പകരുന്നത് പ്രധാനമായും ഭക്ഷണം, വെള്ളം, വായു എന്നിവ വഴിയാണ്. രോഗം ബാധിച്ച പക്ഷികളില്‍ നിന്ന് വിസര്‍ജ്യം വഴിയും മറ്റും ധാരാളം വൈറസുകള്‍ പുറത്തുവരും. സാധാരണ ഊഷ്മാവിലോ ശീതീകരിക്കുന്നത് വഴിയോ ഇവ എളുപ്പം നശിക്കുന്നില്ല. ഈ വൈറസുകള്‍ തീറ്റയിലോ കുടിവെള്ളത്തിലോ കലരാനിടയാകുകയോ പൊടിപടലങ്ങളോ വെള്ളത്തുള്ളികളോ വഴിയായി ശ്വസിക്കാനിടയാകുകയോ ചെയ്താല്‍ രോഗബാധയുണ്ടാകാം. ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്ക് രോഗം പകരുന്നത് പ്രധാനമായും രോഗമുള്ളതോ രോഗവാഹികളോ ആയ പക്ഷികളുടെയും അവയുടെ ഉത്പന്നങ്ങള്‍, ഉപയോഗിച്ച ഉപകരണങ്ങള്‍ എന്നിവയുടെയും കയറ്റുമതി വഴിയോ ദേശാടനപ്പക്ഷികളിലൂടെയോ ആണ്.

മനുഷ്യരില്‍ രോഗമുണ്ടാക്കാനുള്ള ശേഷിയുണ്ടെങ്കിലും മനുഷ്യരിലേക്ക് വളരെ വേഗം പകരാനുള്ള ശേഷി ഈ വൈറസുകള്‍ കൈവരിച്ചിട്ടില്ല എന്നതാണ് ഇപ്പോഴുള്ള ആശ്വാസം. ജനിതക മാറ്റത്തിലൂടെയോ ഹ്യൂമന്‍ ഇന്‍ഫ്ളുവന്‍സ വൈറസുമായുള്ള ജീന്‍ കൈമാറ്റം വഴിയോ വൈറസുകള്‍ ഈ ശേഷി കൈവരിച്ചാല്‍ അതിന്റെ ഫലം ഭയാനകമായിരിക്കും. ഇത്തരത്തിലുള്ള പാന്‍ഡമിക് ഇന്‍ഫ്ളുവന്‍സുകളാണ് 1918ല്‍ രണ്ട് കോടിയിലധികം ആളുകളുടെ മരണത്തിനിടയാക്കിയ സ്പാനിഷ് ഫ്ളൂവും 1957ലും 1968ലും ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ ഇന്‍ഫ്ളുവന്‍സുകളും. ഇക്കാരണങ്ങള്‍ക്കൊണ്ട് തന്നെ പക്ഷിപ്പനി എത്രയും വേഗം നിയന്ത്രിക്കേണ്ടത് പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്നം കൂടിയാണ്.

വളര്‍ത്തുപക്ഷികളെ പരിപാലിക്കുന്നവര്‍ പുതുതായി പക്ഷികളെ വാങ്ങുന്നത് ഒഴിവാക്കുകയും കൈവശമുള്ളതിനെ പുറത്തുള്ള പക്ഷികളുമായി ബന്ധപ്പെടുന്നത് തടഞ്ഞ് കൂട്ടില്‍ തന്നെ സൂക്ഷിക്കുകയും ചെയ്യണം. വിവിധയിനം പക്ഷികളെ (ഉദാ: കോഴി, താറാവ്, പ്രാവ് എന്നിവ) ഒരുമിച്ച് വളര്‍ത്തരുത്. കാരണം പ്രാവ് പോലെയുള്ളവ പുറത്ത് നിന്ന് രോഗം എത്തിക്കാന്‍ സാധ്യതയുണ്ട്. താറാവ് പോലെയുള്ള ജലപക്ഷികള്‍ രോഗവാഹകരായേക്കാം. പക്ഷി വളര്‍ത്തുകേന്ദ്രങ്ങളില്‍ സന്ദര്‍ശകരെയും വാഹനങ്ങളെയും കര്‍ശനമായി നിയന്ത്രിക്കേണ്ടതാണ്. പാദരക്ഷകളും വാഹനങ്ങളുടെ ടയറുകളും അണുനശീകരണം നടത്തുകയും വേണം. കുടിവെള്ള ടാങ്കുകളും ജലപക്ഷികള്‍ക്ക് നീന്താനും വെള്ളം കുടിക്കാനും മറ്റുമുണ്ടാക്കുന്ന ജലസംഭരണികളും നെറ്റ് ഉപയോഗിച്ച് മൂടേണ്ടതാണ്. വെള്ളം കാണുമ്പോള്‍ പുറത്ത് നിന്ന് ദേശാടനപ്പക്ഷികളടക്കമുള്ളവ ഇറങ്ങിവരുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണിത്. പറവകളെയോ കൂടോ കൈകാര്യം ചെയ്യുന്നവര്‍ കൈയുറയും മാസ്‌കും ധരിക്കുന്നത് നല്ലതാണ്. ഇവയെ കൈകാര്യം ചെയ്തു കഴിഞ്ഞാല്‍ സോപ്പും വെള്ളവുമുപയോഗിച്ച് കൈകാലുകളും മുഖവുമെല്ലാം കഴുകി വൃത്തിയാക്കുകയും വേണം.

മാംസവും മുട്ടയും നന്നായി പാകം ചെയ്ത് ഉപയോഗിച്ചാല്‍ ഒരു കാരണവശാലും പക്ഷിപ്പനി പകരില്ല. 70 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടായാല്‍ തന്നെ വൈറസുകള്‍ പൂര്‍ണമായും നശിക്കും. മുട്ടയുടെ ഉള്‍വശം കട്ടിയാകുന്നത് വരെയും മാംസത്തിന്റെ ചുവപ്പുനിറം മാറുന്നതുവരെയും വേവിച്ചാല്‍ ഇത് സാധ്യമാകും. പക്ഷിപ്പനിയുടേതടക്കമുള്ള രോഗാണുക്കളില്‍ നിന്ന് രക്ഷനേടാന്‍ മാംസം മുറിക്കാനും വൃത്തിയാക്കാനും ഉപയോഗിക്കുന്ന കട്ടിംഗ് ബോര്‍ഡ്, കത്തി, പാത്രങ്ങള്‍ എന്നിവ ചൂടുവെള്ളത്തില്‍ കഴുകിയതിന് ശേഷം മാത്രമേ പഴങ്ങളും സലാഡുകളും മറ്റും മുറിക്കാന്‍ ഉപയോഗിക്കാവൂ. കൂടാതെ മാംസവും മുട്ടയും കൈകാര്യം ചെയ്തു കഴിഞ്ഞാല്‍ സോപ്പുപയോഗിച്ച് നന്നായി കൈ കഴുകേണ്ടതാണ്. വീട്ടിലോ കടകളിലോ വളര്‍ത്തുന്ന കോഴികള്‍ പക്ഷിപ്പനിയുടെ ലക്ഷണം കാണിക്കുകയോ പെട്ടെന്ന് ചത്തൊടുങ്ങുകയോ ചെയ്താല്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ ഉടനെ വിവരമറിയിക്കേണ്ടതാണ്.

 

---- facebook comment plugin here -----

Latest