Ongoing News
വമ്പന്മാര്‍ക്കെതിരെ വന്‍ വിജയം; ജംഷഡ്പുര്‍ സെമിയില്‍

ബംബോലിം | പോയിന്റ് ടേബിളില്‍ ഇതുവരെ ഒന്നാം സ്ഥാനത്തു നിന്നിരുന്ന ഹൈദരാബാദ് എഫ് സിക്കെതിരെ വന്‍ വിജയം നേടി ജംഷഡ്പുര്‍ എഫ് സി ഐ എസ് എല്‍ സെമിയില്‍. ഐ എസ് എല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ജംഷഡ്പുര്‍ സെമിയില്‍ പ്രവേശിക്കുന്നത്. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ജയം. ഈ വിജയത്തിലൂടെ 37 പോയിന്റുമായി ഹൈദരാബാദിനെ മറികടന്ന് ഒന്നാമതെത്താനും ജംഷഡ്പുരിന് കഴിഞ്ഞു. 35 പോയിന്റുള്ള ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്കിറങ്ങി.
ഗോള്‍ പട്ടിക വ്യക്തമാക്കുന്നതു പോലെ ജംഷഡ്പുരിന്റെ സമ്പൂര്‍ണ ആധിപത്യം കണ്ട മത്സരമായിരുന്നു ഇത്. അലക്ഷ്യമായ നീക്കങ്ങളാണ് ഹൈദരാബാദിന്റെ ഭാഗത്തു നിന്നുണ്ടായത്. ആദ്യ പകുതിയിലായിരുന്നു ഇരു ഗോളുകളും സ്‌കോര്‍ ചെയ്യപ്പെട്ടത്. ഹൈദരാബാദ് താരം ചിംഗ്ലെന്‍സാന സിംഗിന്റെ സെല്‍ഫ് ഗോളാണ് ജംഷഡ്പുരിനെ മുന്നിലെത്തിച്ചത്. പീറ്റര്‍ ഹാര്‍ട്‌ലി, ഡാനിയേല്‍ ചിമ ചുക്വു എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.
അഞ്ചാം മിനുട്ടില്‍ പെനാള്‍ട്ടി ബോക്‌സിലെ കെട്ടിമറിച്ചിലിനിടെയാണ് ജംഷഡ്പുര്‍ ആദ്യ ഗോള്‍ കണ്ടെത്തിയത്. പോസ്റ്റിലേക്ക് ഉതിര്‍ക്കപ്പെട്ട ഒരു ഷോട്ട് ചിംഗ്ലെന്‍സാന സിംഗിന്റെ ചെസ്റ്റില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. സിംഗിന്റെ റിഫ്‌ളക്ഷന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ പുറത്തേക്ക് പോകുമായിരുന്ന ഷോട്ടായിരുന്നു ഇത്. 28ാം മിനുട്ടിലെ കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. തന്റെ തലക്കു നേരെ വന്ന കിക്ക് കലക്കന്‍ ഹെഡ്ഢറിലൂടെ പീറ്റര്‍ ഹാര്‍ട്‌ലി ലക്ഷ്യത്തിലേക്ക് കണക്ട് ചെയ്യുകയായിരുന്നു. ജംഷഡ്പുര്‍ പ്രതിരോധ നിരയില്‍ സംഭവിച്ച പിഴവ് മുതലെടുത്താണ് ഹൈദരാബാദ് മൂന്നാമതും ലക്ഷ്യം കണ്ടത്. 68ാം മിനുട്ടിലായിരുന്നു ഇത്. കമറയുടെ മിസ് പാസില്‍ നിന്ന് ലഭിച്ച പന്ത് ലിമ, ചിമ ചുക്വുവിന് നല്‍കി. ഗോളി മാത്രം മുന്നില്‍ നില്‍ക്കേ ചിമ പന്ത് അനായാസം വലയിലേക്ക് അടിച്ചുകയറ്റി.
മൂന്ന് ഗോളിന് മുന്നില്‍ നില്‍ക്കേ ജംഷഡ്പുരിന്റെ മൊബഷിര്‍ റഹ്‌മാന്‍ ചുവന്ന കാര്‍ഡ് കണ്ട് പുറത്തു പോകുന്നതിനും ഗോവ ബംബോലിമിലെ അത്‌ലറ്റിക് സ്‌റ്റേഡിയം സാക്ഷിയായി. തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്കു ശേഷമാണ് ഹൈദരാബാദ് പരാജയം നേരിട്ടത്. ടൂര്‍ണമെന്റില്‍ ഇതുവരെ 45 ഗോള്‍ സ്‌കോര്‍ ചെയ്ത ടീം കൂടിയാണ് ഹൈദരാബാദ് എഫ് സി.