Connect with us

siraj editorial

കുളം കലക്കുന്നവരെ കരുതിയിരിക്കുക

സംഘ്പരിവാര്‍ ഇപ്പോള്‍ ക്രിസ്തീയ തീവ്രവാദികള്‍ക്ക് പിന്തുണയുമായി എത്തിയത് നല്ല ഉദ്ദേശ്യത്തോടെയല്ല. മുസ്‌ലിം- ക്രിസ്തീയ വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ഈ ചേരിതിരിവിലൂടെ കേരളത്തില്‍ ചുവടുറപ്പിക്കുകയും മറ്റൊരു യു പിയായി കേരളത്തെ മാറ്റുകയുമാണ് അവരുടെ ലക്ഷ്യമെന്ന് ക്രിസ്തീയ നേതൃത്വം മനസ്സിലാക്കേണ്ടതുണ്ട്

Published

|

Last Updated

വ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് മുഖ്യമന്ത്രി പിണറായിയുടെ ബുധനാഴ്ചത്തെ പത്രസമ്മേളനം. ക്രിസ്തുമതത്തില്‍ നിന്ന് ഇസ്‌ലാമിലേക്ക് കൂടുതലായി പരിവര്‍ത്തനം ചെയ്യുന്നതായുള്ള ആശങ്ക അടിസ്ഥാനരഹിതമാണ്. പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ പേരില്‍ കെട്ടിവെക്കുന്നത് ശരിയല്ല. മയക്കുമരുന്ന് ഉപയോക്താക്കളോ വില്‍പ്പനക്കാരോ പ്രത്യേക സമുദായത്തില്‍പ്പെടുന്നവരാണെന്നതിന് തെളിവുകളില്ല. ഇതുമായി ബന്ധപ്പെട്ട പാലാ ബിഷപിന്റെ പ്രസ്താവന അനാവശ്യവും നിര്‍ഭാഗ്യകരവുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് വിപണനത്തിനും മാഫിയക്കും മതമില്ലെന്ന് കണക്കുകള്‍ നിരത്തിയാണ് മുഖ്യമന്ത്രി സമര്‍ഥിച്ചത്. 2020ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 4,941 മയക്കുമരുന്ന് കേസുകളില്‍ 5,422 പേരാണ് പ്രതികള്‍. ഇവരില്‍ 49.8 ശതമാനം (2,700 പേര്‍) ഹിന്ദു മതത്തില്‍പ്പെട്ടവരാണ്. മുസ്‌ലിം നാമധാരികള്‍ 34.47 ശതമാനവും (1,869 പേര്‍ ) ക്രൈസ്തവര്‍ 15.73 ശതമാനവുമാണ് (853 പേര്‍). ഇതില്‍ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന ആരോപണത്തിലും സത്യത്തിന്റെ അംശമില്ലെന്ന് മുഖ്യമന്ത്രി തറപ്പിച്ചു പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ മുമ്പ് കോട്ടയം സ്വദേശിനി അഖില, ഇസ്‌ലാമിലേക്ക് മാറി ഹാദിയ എന്ന പേര് സ്വീകരിച്ചത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന വ്യാഖ്യാനങ്ങളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ കേസ് വിശദമായി പരിശോധിച്ച ഹൈക്കോടതിയും സുപ്രീം കോടതിയും ആരോപണം വാസ്തവവിരുദ്ധമാണെന്നും പ്രായപൂര്‍ത്തിയായ, മതിയായ വിദ്യാഭ്യാസമുള്ള യുവതി സ്വന്തം ഇഷ്ടപ്രകാരം മതപരിവര്‍ത്തനം ചെയ്തതാണെന്നും കണ്ടെത്തിയതാണ്. ഇതര മതസ്ഥരായ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തി, ഐ എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്നതായുള്ള പ്രചാരണത്തിന്റെ നിജസ്ഥിതി അന്വേഷിച്ചപ്പോഴും മറ്റൊരു ചിത്രമാണ് തെളിഞ്ഞതെന്ന് മുഖ്യമന്ത്രി പറയുന്നു. 2019 വരെ ഐ എസില്‍ ചേര്‍ന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരില്‍ 72 പേര്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കോ മറ്റോ ആണ് വിദേശ രാജ്യങ്ങളിലേക്ക് പോയത്. പിന്നീട് അവിടെ നിന്നാണ് ഐ എസ് ആശയങ്ങളില്‍ ആകൃഷ്ടരായി അവര്‍ ആ സംഘടനയില്‍ എത്തിപ്പെട്ടതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അവശേഷിച്ച 28 പേരില്‍ അഞ്ച് പേര്‍ മാത്രമാണ് മറ്റു മതങ്ങളില്‍ നിന്ന് ഇസ്‌ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്തവര്‍. ഇവരില്‍ തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹൈന്ദവ യുവതി പാലക്കാട് സ്വദേശിയായ ബെക്‌സണ്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും എറണാകുളം തമ്മനം സ്വദേശിനിയായ മെറിന്‍ ജേക്കബ് എന്ന ക്രിസ്ത്യന്‍ യുവതി ബെസ്റ്റിന്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും വിവാഹം കഴിച്ച ശേഷമാണ് ഇസ്‌ലാമിലേക്കു പരിവര്‍ത്തനം നടത്തുന്നതും ഐ എസില്‍ ചേരുന്നതും- മുഖ്യമന്ത്രി വ്യക്തമാക്കി.

മതപരിവര്‍ത്തനത്തെക്കുറിച്ച് സമീപ കാലത്ത് സംസ്ഥാനത്ത് നിലനില്‍ക്കുന്ന തെറ്റായ ധാരണകളെയും പ്രചാരണങ്ങളെയും ഔദ്യോഗിക കണക്കുകള്‍ നിരത്തിയാണ് മുഖ്യമന്ത്രി ഖണ്ഡിച്ചത്. നേരത്തേ പോലീസ് കേന്ദ്രങ്ങളും ജുഡീഷ്യറിയും തള്ളിക്കളഞ്ഞതാണ് ഈ ആരോപണങ്ങളത്രയും. തങ്ങളുടെ ആരോപണങ്ങള്‍ അസ്ഥാനത്താണെന്നു വ്യക്തമായ സാഹചര്യത്തില്‍ താമരശ്ശേരി രൂപതയുടെ മാതൃക പിന്‍പറ്റി തെറ്റുകള്‍ തിരുത്തുകയും ഖേദപ്രകടനം നടത്തുകയുമാണ് ഇനി പാലാ ബിഷപും ലവ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് പ്രചാരകരും ചെയ്യേണ്ടത്. താമരശ്ശേരി രൂപതാ വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ മതപരിവര്‍ത്തനങ്ങളെ സംബന്ധിച്ചു വന്ന തെറ്റായ പരാമര്‍ശങ്ങള്‍ മുസ്‌ലിം നേതാക്കള്‍ രൂപതയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മാന്യമായി പ്രതികരിക്കുകയും തെറ്റുകള്‍ തിരുത്താന്‍ സന്നദ്ധമാകുകയും ചെയ്തു. പുസ്തകത്തിലൂടെ ഒരു മതത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയോ വിഷമമോ അനുഭവപ്പെട്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായും അദ്ദേഹം അറിയിച്ചു. വ്യക്തികളുടെയും സമൂഹങ്ങളുടെയും സൗഹാര്‍ദമാണ് ദൈവം ആഗ്രഹിക്കുന്നതെന്നും കത്തോലിക്കാ നേതാക്കള്‍ വിഭജനമോ വിഭാഗീയതയോ വിതക്കരുതെന്നുമുള്ള മാര്‍പ്പാപ്പയുടെ വാക്കുകള്‍ ഉള്‍ക്കൊള്ളുകയും അനുസരിക്കുകയും ചെയ്യുന്ന മതമേധാവികള്‍ ചെയ്യേണ്ടതും ഇതാണ്.

മതസൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും നാടാണ് കേരളം. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് പോലെ, തീവ്ര നിലപാടുകളുടെ പ്രചാരകരെയും പ്രോത്സാഹകരെയും അവഗണിച്ചിട്ടേ ഉള്ളൂ ഇക്കാലമത്രയും ഈ നാട്. തീവ്രഹിന്ദുത്വത്തിന്റെ വക്താക്കളായ സംഘ്പരിവാറും ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ചുരുക്കം ചില തീവ്ര ചിന്താഗതിക്കാരുമൊഴിച്ച് ബഹുഭൂരിപക്ഷവും കേരളത്തിന്റെ സവിശേഷമായ സൗഹൃദാന്തരീക്ഷം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരാണെന്ന ബോധ്യത്തോടെയായിരിക്കണം മതമേലധ്യക്ഷന്മാരുടെയും നേതൃത്വങ്ങളുടെയും പ്രസ്താവനകളും ഇടപെടലുകളും. പാലാ ബിഷപിന്റെ പ്രസ്താവനയെ തുടര്‍ന്ന് ക്രിസ്തീയ-മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ ഉടലെടുത്ത അസുഖകരമായ അന്തരീക്ഷം പരമാവധി ഊതിക്കത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് സംഘ്പരിവാര്‍ നേതൃത്വം. മുമ്പ് ക്രിസ്തീയ സഭകള്‍ നടത്തുന്ന മതപരിവര്‍ത്തനങ്ങളെയായിരുന്നു സംഘ്പരിവാര്‍ സംഘടനകള്‍ നഖശിഖാന്തം എതിര്‍ത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് അവര്‍ ക്രിസ്ത്യന്‍ സഭാ നേതൃത്വത്തെ ചോദ്യം ചെയ്യുകയും ചെറിയ തോതില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു. 1950ലെ ശബരിമല തീവെപ്പ് കേസിന്റെയും 1983ലെ നിലയ്ക്കല്‍ പ്രക്ഷോഭത്തിന്റെയുമൊക്കെ പിന്നാമ്പുറം അതായിരുന്നുവല്ലോ. സംഘ്പരിവാര്‍ ഇപ്പോള്‍ ക്രിസ്തീയ തീവ്രവാദികള്‍ക്ക് പിന്തുണയുമായി എത്തിയത് നല്ല ഉദ്ദേശ്യത്തോടെയല്ല. മുസ്‌ലിം- ക്രിസ്തീയ വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ഈ ചേരിതിരിവിലൂടെ കേരളത്തില്‍ ചുവടുറപ്പിക്കുകയും മറ്റൊരു യു പിയായി കേരളത്തെ മാറ്റുകയുമാണ് അവരുടെ ലക്ഷ്യമെന്ന് ക്രിസ്തീയ നേതൃത്വം മനസ്സിലാക്കേണ്ടതുണ്ട്. കുളംകലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന ദുഃശക്തികളെ ഒറ്റപ്പെടുത്താനുള്ള വിവേകവും ഔചിത്യവുമാണ് മതനേതൃത്വങ്ങള്‍ ഇപ്പോള്‍ കാണിക്കേണ്ടത്.