International
യൂറോപ്യൻ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച് ട്രംപ്; പോക്ക് ശരിയായ ദിശയിലല്ലെന്ന്
ഗ്രീൻലാൻഡ് വിഷയത്തിലും വ്യാപാര സുരക്ഷാ കാര്യങ്ങളിലും അമേരിക്കയും യൂറോപ്പും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെയാണ് ട്രംപിന്റെ ഈ വിവാദ പരാമർശം.
ദാവോസ്| സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ (ഡബ്ല്യു ഇ എഫ്.) യൂറോപ്യൻ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യൂറോപ്പ് ഇപ്പോൾ സഞ്ചരിക്കുന്നത് ശരിയായ ദിശയിലല്ലെന്നും പല രാജ്യങ്ങളും തിരിച്ചറിയാൻ പോലും കഴിയാത്ത വിധം വഷളായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രീൻലാൻഡ് വിഷയത്തിലും വ്യാപാര സുരക്ഷാ കാര്യങ്ങളിലും അമേരിക്കയും യൂറോപ്പും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെയാണ് ട്രംപിന്റെ ഈ വിവാദ പരാമർശം.
“യൂറോപ്പിലെ ചില സ്ഥലങ്ങൾ ഇപ്പോൾ തിരിച്ചറിയാൻ പോലും കഴിയുന്നില്ല. ആരെയും അപമാനിക്കാനല്ല ഞാൻ ഇത് പറയുന്നത്, പക്ഷേ ആ മാറ്റം വളരെ മോശമായ രീതിയിലാണ്. എനിക്ക് യൂറോപ്പിനോട് വലിയ ഇഷ്ടമാണ്, അവിടെ കാര്യങ്ങൾ നന്നായി നടക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ പോകുന്നത് ശരിയായ വഴിക്കല്ല” – ട്രംപ് പ്രസംഗത്തിൽ വ്യക്തമാക്കി.
ആഗോള നേതാക്കളെയും ബിസിനസ് പ്രമുഖരെയും അഭിസംബോധന ചെയ്ത ട്രംപ്, ഒരുപാട് സുഹൃത്തുക്കളെയും ചില ശത്രുക്കളെയും ഇവിടെ കാണാനായെന്ന് തമാശരൂപേണ പറഞ്ഞു. തന്റെ ഭരണത്തിന് കീഴിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുകയാണെന്നും പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കയുടെ അതിർത്തികൾ ഇപ്പോൾ സുരക്ഷിതമാണെന്നും ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി രാജ്യം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ യൂറോപ്യൻ യൂണിയനും നാറ്റോ അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഗ്രീൻലാൻഡിന്റെ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ എന്ന നിലപാടിലാണ് ട്രംപ്. യൂറോപ്യൻ രാജ്യങ്ങൾ ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കയെ പിന്തുണയ്ക്കുന്നില്ലെങ്കിൽ കടുത്ത വ്യാപാര നികുതികൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.




