Kasargod
സയ്യിദ് ത്വഹിറുൽ അഹ്ദൽ ഏഴാമത് അവാർഡ് പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിക്ക്
മുഹിമ്മാത്ത് ഉറൂസ് പരിപാടിയിൽ സമ്മാനിക്കും
കാസറ്‍കോട് | മാലിക് ദീനാർ കൾച്ചറൽ ഫോറം നൽകുന്ന ഏഴാമത് സയ്യിദ് ത്വഹിറുൽ അഹ്ദൽ അവാർഡിന് കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയും സുന്നി പ്രസ്ഥാനത്തിന്റെ സമുന്നത സാരഥിയുമായ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിയെ തെരെഞ്ഞെടുത്തു. പ്രശസ്തി പത്രവും അവാർഡ് തുകയും ഈ മാസം അവസാനം മുഹിമ്മാത്തിൽ നടക്കുന്ന ത്വാഹിർ തങ്ങൾ ഇരുപതാമത് ഉറൂസ് മുബാറക്കിൽ വെച്ച് ഇൻഡ്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സമ്മാനിക്കും.
വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ മാലിക് ദീനാർ കൾച്ചറൽ ഫോറം മത, വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചവർക്ക് സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ പേരിൽ കഴിഞ്ഞ ആറ് വർഷമായി അവാർഡ് നൽകി വരുന്നു.
ഈ വർഷത്തെ അവാർഡിന് തെരെഞ്ഞെടുത്ത പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി 1986 മുതൽ എസ് എസ് എഫ് , എസ് വൈ എസ് സംഘടനകളുടെ യൂണിറ്റ് മുതൽ സംസ്ഥാന ഘടകം വരെ വിവിധ ഭരവാഹി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി, സഅദിയ്യ ക്യാബിനറ്റ് അംഗം, മുഹിമ്മാത്ത് ഉപാധ്യക്ഷൻ,മള് ഹർ സെക്രട്ടറ, കല്ലകട്ട മജ്മഹ്, മദനീസ് അസോസിയേഷൻ ഭാരവാഹി തുടങ്ങിയ പദവികൾ അലങ്കരിക്കുന്നു.
വൈ എം അബ്ദുൽ റഹ്മാൻ അഹ്സനി, എം അന്തുഞ്ഞി മൊഗർ, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, സി എൻ അബ്ദുൽ ഖാദിർ മാസ്റ്റർ, ഹാജീി അമീറലി ചൂരി, സി അബ്ദുല്ല ഹാജി ചിത്താരി, ഇത്തിഹാദ് മുഹമ്മദ് ഹാജി എന്നിവർക്കാണ് മുൻ വർഷങ്ങളിൽ അവാർഡ് നൽകിയത്.
ജില്ലയിലെ സംഘടന, സ്ഥാപന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച് പ്രവർത്തിക്കുന്നവർക്ക് പ്രചോദനം നൽകുന്നതിനാണ് ത്വഹിറുൽ അഹ്ദൽ അവാർഡ്. ഇതിനു പുറമെ മദ്രസാധ്യാപക മേഖലകളിലെ പ്രമുഖരെ ആദരിക്കുന്നതിന് നൂറുൽ ഉലമാ അവാർഡും മാലിക് ദീനാർ കൾച്ചറൽ ഫോറം നൽകിയിരുന്നു. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടന ഏറ്റെടുത്ത് നടത്തുന്നു.
മാലിക് ദീനാർ കൾച്ചറൽ ഫോറം ചെയർമാൻ അബ്ദുൽ ലത്തീഫ് സഅദി ഉറുമി, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി ബയാർ സിദ്ദീഖ് സഖാഫി, മാലിക് ദീനാർ കൾച്ചറൽ ഫോറം കൺവീനവർ ബശീർ കുമ്പോൽ, എം സാദിഖ് ഉറുമി, ഉമൈർ മള്ഹരി, ഷാക്കിർ ഉറുമി പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.




