Connect with us

Editorial

കോര്‍പറേറ്റ് ബ്രാന്‍ഡുകള്‍ക്ക് ബദല്‍ "കെ-ഇനം'

കേരളത്തിലെ കുടുംബശ്രീയുടെ പ്രവര്‍ത്തന രീതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടോ, ഉപദേശ നിര്‍ദേശങ്ങള്‍ പ്രയോജനപ്പെടുത്തിയോ നിലവില്‍ വന്നതാണ് ഇതര സംസ്ഥാനങ്ങളിലെ വനിതാ സംരംഭങ്ങള്‍ മിക്കതും. കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ "കെ- ഇന'ത്തിനു വിപണിയിൽ വന്‍ മുന്നേറ്റം നടത്താന്‍ സാധിക്കും.

Published

|

Last Updated

കോര്‍പറേറ്റ് ഉത്പന്നങ്ങള്‍ക്ക് ബദല്‍ എന്ന പ്രഖ്യാപനത്തോടെയാണ് കഴിഞ്ഞ ദിവസം മന്ത്രി എം ബി രാജേഷ് കുടുംബശ്രീ ‘കെ- ഇനം’ ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് നിര്‍വഹിച്ചത്. ജൂണില്‍ ആരംഭിച്ച കുടുംബശ്രീ ടെക്നോളജി അഡ്വാന്‍സ്മെന്റ്‌പ്രോഗ്രാം (കെ- ടാപ്) വഴി നിര്‍മിച്ച മുപ്പത് വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് തുടക്കത്തില്‍ വിപണിയിലെത്തിക്കുന്നത്. രാജ്യത്തെ പ്രമുഖ കാര്‍ഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് സ്വായത്തമാക്കിയ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു തയ്യാറാക്കിയ സമ്പുഷ്ടീകരിച്ച ഭക്ഷണങ്ങള്‍, പോഷകാഹാര കേന്ദ്രീകൃത മിശ്രിതങ്ങള്‍, സംസ്‌കരിച്ച പഴങ്ങളും പച്ചക്കറികളും, ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍, കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങള്‍ എന്നിവയാണ് ഇതിലുള്‍പ്പെടുന്നത്. വീട്ടില്‍ നിന്ന് ലോകത്തേക്ക് എന്ന മുദ്രാവാക്യമാണ് കെ- ഇനം ഉയര്‍ത്തിപ്പിടിക്കുന്നത്.

കോര്‍പറേറ്റ് കമ്പനികളുടെ ബ്രാന്‍ഡഡ് ഉത്പന്നങ്ങളാണ് നിലവില്‍ സംസ്ഥാനത്തെ വിപണിയിലെങ്ങും. നമ്മുടെ അടുക്കള മുതല്‍ ആരോഗ്യ മേഖലയില്‍ വരെ ബഹുരാഷ്ട്ര കമ്പനികളുടെ സര്‍വാധിപത്യമാണ്. വര്‍ണശബളമായ പരസ്യങ്ങളില്‍ ആകൃഷ്ടരായി, രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ചേര്‍ത്തു നിര്‍മിച്ച ഈ ഉത്പന്നങ്ങള്‍ വാങ്ങിക്കഴിക്കുമ്പോള്‍ നമ്മുടെ സമ്പാദ്യം കോര്‍പറേറ്റ് തലങ്ങളിലേക്ക് പോകുന്നുവെന്നതിനു പുറമെ നമ്മുടെ ആരോഗ്യവും കൂടി കവര്‍ന്നെടുക്കുന്നു. ജീവിതശൈലീ രോഗങ്ങള്‍ ഭീഷണമാം വിധം വര്‍ധിച്ചു വരുന്നതിനു പിന്നില്‍ വിപണിയിലെ പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തിയത്. ഇവിടെയാണ് തികച്ചും നാടിന്റെ തനിമയും ഗുണമേന്മയും ഒത്തുചേര്‍ന്ന, സാധാരണക്കാരായ സ്ത്രീകള്‍ നിര്‍മിച്ച കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രസക്തി.

വിപണികളിലെ കോര്‍പറേറ്റ് സ്വാധീനം അവസാനിപ്പിക്കേണ്ടത് കേരളീയ സമൂഹത്തിന്റെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനും അനിവാര്യമാണ്. രാജ്യത്തെ ഭക്ഷ്യവിപണിയില്‍ കോര്‍പറേറ്റ് ശക്തികള്‍ കൈവരിച്ച ശക്തി ചെറുതല്ല. കര്‍ഷകനില്‍ നിന്ന് ഉപഭോക്താക്കളിലേക്കുള്ള മുഴുവന്‍ ശൃംഖലയും അവര്‍ കൈപ്പിടിയിലൊതുക്കിയിരിക്കുന്നു. കര്‍ഷകര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ കുറഞ്ഞ വിലക്ക് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നു. ഉപഭോക്താവ് ഉയര്‍ന്ന വില നല്‍കുകയും വേണം. ജനങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു ശതമാനം കമ്പനികള്‍ ഭക്ഷണത്തിനായി അവരില്‍ നിന്ന് തിരിച്ചുപിടിക്കുന്ന സ്ഥിതിയാണ് നിലവിലുളളത്. കര്‍ഷക ദാരിദ്ര്യവും പ്രാദേശിക സംരംഭങ്ങളുടെ തകര്‍ച്ചയുമാണ് ഇതിന്റെ പരിണതി. അതേസമയം കെ- ഇനം ബ്രാന്‍ഡുകള്‍ വാങ്ങാന്‍ ഉപയോഗിക്കുന്ന ഓരോ രൂപയും നമ്മുടെ നാട്ടിലെ സാധാരണക്കാരായ സ്ത്രീകളുടെ കരങ്ങളിലാണ് എത്തുന്നത്. ഇത് ഗ്രാമീണ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്്ടിക്കുകയും ചെയ്യുന്നു. വന്‍കിട കമ്പനികള്‍ വിപണിയില്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുമ്പോള്‍ ന്യായവിലക്ക് ഉത്പന്നങ്ങള്‍ ലഭ്യമാക്കാനും കെ- ഇനം പോലുള്ള ഗ്രാമീണ ബ്രാന്‍ഡുകളുടെ വളര്‍ച്ച ആവശ്യമാണ്.

കോര്‍പറേറ്റ് ഉത്പന്നങ്ങള്‍ കൊടികുത്തിവാഴുന്ന ഇന്ത്യന്‍ വിപണിയില്‍ സര്‍ക്കാര്‍/സഹകരണ സ്ഥാപനങ്ങള്‍ വിജയിക്കുമോ എന്നു സന്ദേഹിക്കുന്നവരുണ്ട്. അവര്‍ക്ക് ശക്തമായ മറുപടിയാണ് ഗുജറാത്ത് പാലുത്പന്ന സഹകരണ സ്ഥാപനമായ അമുലും കേരളത്തിലെ മില്‍മയും. ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ്- എഫ് എം സി ജി ബ്രാന്‍ഡായി വളര്‍ന്നു കഴിഞ്ഞ അമുലിന്റെ 2021- 22ലെ വിറ്റുവരവ് 61,000 കോടി രൂപയാണ്. അമുലിനു സമാനമായി കേരളത്തില്‍ സ്ഥാപിതമായ മില്‍മ വിപണിയില്‍ കോര്‍പറേറ്റ് ഡയറി ഭീമന്മാരെ പിന്നിലാക്കി മുന്നേറുകയാണ.്

ഗുണനിലവാരം, ഗുണനിലവാര ഏകീകരണം, പ്രൊഫഷനല്‍ മാനേജ്മെന്റ്, മികച്ച വിപണി പ്രവേശന തന്ത്രം എന്നിവയുണ്ടെങ്കില്‍ കെ- ഇനം പോലുള്ള ബ്രാന്‍ഡിനും വിജയിക്കാന്‍ സാധിക്കും. വിപണിയില്‍ ഉപഭോക്താവിന്റെ വിശ്വാസ്യത നിലനിര്‍ത്തണമെങ്കില്‍ ഗുണനിലവാരസ്ഥിരത ഉറപ്പുവരുത്തണം. രുചി, നിലവാരം, സുരക്ഷ എന്നിവയില്‍ സംഭവിക്കുന്ന ചെറിയ വ്യത്യാസം പോലും ബ്രാന്‍ഡിന്റെ വിശ്വാസ്യത തകര്‍ക്കും. കെ- ഇനത്തിന്റെ ഉത്പാദനം വിവിധ യൂനിറ്റുകളിലായതിനാല്‍, എല്ലാ യൂനിറ്റുകളിലും ഗുണനിലവാരം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കേന്ദ്രീകൃത ഗുണനിലവാര നിയന്ത്രിത സംവിധാനം ആവശ്യമാണ്. ഉത്പാദനത്തിലും വിപണനത്തിലും കുടുംബശ്രീ അംഗങ്ങള്‍ക്ക് ആധുനിക പരിശീലനവും ലഭ്യമാക്കേണ്ടതുണ്ട്. ഉത്പന്നങ്ങള്‍ ദീര്‍ഘകാലം കേടുകൂടാതിരിക്കാന്‍ ഗുണനിലവാരമുള്ള പാക്കിംഗ്, ആകര്‍ഷകമായ ഡിസൈനിംഗ് എന്നിവയും വിപണിയിലെ വിജയതന്ത്രങ്ങളാണ്.

കുടുംബശ്രീയുടെ ‘കെ- ഇനം’ മാതൃകയിലുളള വനിതാ സംരംഭക പദ്ധതികള്‍ തമിഴ്നാട്, കര്‍ണാടക, ആന്ധാപ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിജയകരമായി നടന്നു വരുന്നുണ്ട്. വിദേശ വിപണികളില്‍ പോലും ശ്രദ്ധ പിടിച്ചുപറ്റിയതാണ് തമിഴ്നാട് വനിതാ വികസന കോര്‍പറേഷന്റെ ‘മതി’ ബ്രാന്‍ഡ്. സംസ്ഥാനത്തെ ഗ്രാമീണ- നഗര മേഖലകളിലെ സ്വയം സഹായ സഹകരണ സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന കരകൗശല വസ്തുക്കള്‍, പനയോല ഉത്പന്നങ്ങള്‍, ബാഗുകള്‍, ഭക്ഷ്യവസ്തുക്കള്‍, അച്ചാറുകള്‍, തുണിത്തരങ്ങള്‍, ഹെര്‍ബല്‍ സോപ്പുകള്‍ തുടങ്ങിയവയാണ് ഇതിനു കീഴില്‍ വിപണനം ചെയ്യുന്നത്. കേരളത്തിലെ കുടുംബശ്രീയുടെ തന്നെ പ്രവര്‍ത്തന രീതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടോ, കുടുംബശ്രീയുടെ ഉപദേശ നിര്‍ദേശങ്ങള്‍ പ്രയോജനപ്പെടുത്തിയോ നിലവില്‍ വന്നതാണ് ഇതര സംസ്ഥാനങ്ങളിലെ വനിതാ സംരംഭങ്ങള്‍ മിക്കതും. കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ ‘കെ- ഇന’ത്തിന് വിപണിയില്‍ വന്‍ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നതാണ് ഈ അനുഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നത്.

 

Latest