Connect with us

markaz knowledge city

വിദ്യാഭ്യാസ യോഗ്യതകൾക്ക് പുറമെ അധിക നൈപുണ്യങ്ങൾ ആർജിക്കണം: മന്ത്രി എം ബി രാജേഷ്

മർകസ് നോളജ് സിറ്റിയിൽ തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

നോളജ് സിറ്റി | വിദ്യാഭ്യാസ യോഗ്യതകൾക്ക് പുറമെ അധിക നൈപുണ്യങ്ങൾ ആർജിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ്. മർകസ് നോളജ് സിറ്റിയിൽ തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ വിദ്യാസമ്പന്നരായ ആളുകൾ ധാരാളം ഉണ്ട്. അതേസമയം വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മയും കൂടുതലാണ്. ഇതിന്റെ പ്രധാന കാരണം പുതിയ തൊഴിലുകൾക്ക് പ്രാപ്തരാക്കാൻ നിലവിൽ നാം ആർജിച്ച വിദ്യാഭ്യാസ യോഗ്യതകൾ പോരാ എന്നതാണ്. ഉന്നത വിദ്യാഭ്യാസത്തിനപ്പുറം ചില അധിക നൈപുണ്യങ്ങൾ അതിനുവേണ്ടി വരുന്നു. അതിനാൽ ഇത്തരം അധിക നൈപുണ്യങ്ങൾ ആർജിക്കാൻ എല്ലാവരും തയ്യാറാകണം, കൂടാതെ ആർജിച്ച നൈപുണ്യം നിരന്തരമായി നവീകരിച്ചു കൊണ്ടിരിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.

തൊഴിൽ സൃഷ്ടിക്കുന്നതിലും പ്രാദേശിക സാമ്പത്തിക വികസനം ഉറപ്പാക്കുന്നതിലും പ്രധാനപ്പെട്ടതാണ് നൈപുണ്യ വികസനം. ഇതിനായി സംസ്ഥാന സർക്കാർ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിനെ പിന്തുണക്കുന്ന പദ്ധതികളാണ് നോളജ് സിറ്റിയിൽ ഉള്ളത്. സാമ്പത്തിക വികസനത്തിലൂടെ സാമൂഹിക ശാക്തീകരണം എന്ന ദിശയിലൂടെ വളരെ പ്രധാനപ്പെട്ട ചുവടുവെപ്പ് നടത്തുന്ന നോളജ് സിറ്റിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.

നോളജ് സിറ്റിയിലെ എച്ച് ടി ഐ (ഹോഗർ ടെക്നോളോജിസ് ആൻഡ് ഇന്നോവേഷൻസ്) കമ്പനിയുടെ കീഴിലാണ് തൊഴിൽ പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലെ സ്ത്രീകൾക്ക് ടെക്നോളജി അധിഷ്ഠിത വീട്ടുപകരണങ്ങളിൽ  നൈപുണ്യ പരീശീലനം നൽകുന്നതിലൂടെ സ്വയം വരുമാനം കണ്ടെത്താൻ സഹായിക്കുന്നതാണ് പദ്ധതി. വീട്ടമ്മമാർക്കും സ്ഥിര ജോലിയുള്ള വനിതകൾക്കുമെല്ലാം ദിവസം ഒരു മണിക്കൂർ  സമയം ചിലവഴിക്കുന്നതിലൂടെ അധിക വരുമാനം നേടാൻ സാധിക്കും. മെയ്ക്ക് ഇൻ ഇന്ത്യ, എമർജിംഗ് കേരള പദ്ധതികൾക്ക് സഹായകമായി ഓരോ വീടുകളും ഉത്പാദന കേന്ദ്രങ്ങൾ ആക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ഈ പദ്ധതി, വ്യക്തി, സമൂഹം, രാജ്യം തുടങ്ങിയവയുടെ സാമ്പത്തിക – സാംസ്‌കാരിക ഉന്നമനത്തിന് ഏറെ സഹായകമായേക്കുമെന്നാണ് പ്രതീക്ഷ.

നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകിം അസ്ഹരി, ഡോ. അബ്ദുസ്സലാം, അഡ്വ. തൻവീർ, ഡോ. നിസാം, ഡോ. ഹംസ അഞ്ചുമുക്കിൽ, മുഹമ്മദ് നാസിം സംസാരിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ, കോടഞ്ചേരി  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസ്സി ചാക്കോ, പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശംസീർ പോത്തട്ടിൽ, യൂസുഫ് ഹൈദർ, സൈഫുദ്ദീൻ ഹാജി സംബന്ധിച്ചു.

Latest