Connect with us

Uae

വിശുദ്ധ റമസാനെ വരവേല്‍ക്കാന്‍ ഒരുക്കം തുടങ്ങി വിശ്വാസികള്‍

റജബ് മാസം മുതല്‍ റമസാനില്‍ നോമ്പനുഷ്ഠിക്കാനും ആരാധനയും സല്‍കര്‍മങ്ങളും ചെയ്യാനും അവസരം ലഭിക്കണേ എന്നായിരുന്നു ഓരോ നിസ്‌കാര ശേഷവും വിശ്വാസികളുടെ പ്രാര്‍ഥന.

Published

|

Last Updated

ദുബൈ |  ഇന്നലെ ചന്ദ്രക്കല ദര്‍ശിച്ചതോടെ ശഅബാന്‍ മാസം വന്നണഞ്ഞു. വിശുദ്ധ റമസാന് ഇനി ഒരു മാസം മാത്രം. ഇതോടെ ജീവിതത്തെ ശുദ്ധീകരിക്കാന്‍ കടന്നുവരുന്ന ദിനരാത്രങ്ങളെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ തകൃതിയായ ഒരുക്കത്തിലേക്ക് നീങ്ങുന്നു. ആത്മസംസ്‌കരണത്തിന്റെ നിലാവ് പെയ്തിറങ്ങുന്ന മാസത്തെ പൂര്‍ണമായി നുകരാനുള്ള ഒരുക്കമാണ് എങ്ങും. റജബ് മാസം മുതല്‍ റമസാനില്‍ നോമ്പനുഷ്ഠിക്കാനും ആരാധനയും സല്‍കര്‍മങ്ങളും ചെയ്യാനും അവസരം ലഭിക്കണേ എന്നായിരുന്നു ഓരോ നിസ്‌കാര ശേഷവും വിശ്വാസികളുടെ പ്രാര്‍ഥന.

ആരാധനകള്‍ കൊണ്ട് തന്റെ സൃഷ്ടാവിനെ തന്നിലേക്ക് ആവാഹിക്കലാണ് റമസാന്‍ നമുക്ക് നല്‍കുന്ന സന്ദേശം. മനുഷ്യന് സംസ്‌കരണത്തിന്റെ പാന്ഥാവ് ഒരുക്കുകയാണ് സര്‍വ ലോക രക്ഷിതാവായ അല്ലാഹു ഈ പുണ്യദിനങ്ങളിലൂടെ. ത്യാഗത്തിന്റെയും സ്‌നേഹ സൗരഭ്യത്തിന്റെയും വേദിയാണ് റമസാന്‍. നമസ്‌കാരങ്ങള്‍ കൊണ്ടും ദാന ധര്‍മങ്ങള്‍ കൊണ്ടും ഓരോ വിശ്വാസിയും സൃഷ്ടാവിനോട് അടുക്കുന്നതിനൊപ്പം വിശപ്പെന്ന മഹാസത്യത്തെ ഓര്‍ത്തെടുക്കാനും അപരന്റെ വൈഷമ്യങ്ങളിലേക്ക് ഹൃദയം തുറന്നുവെക്കാനുമുള്ള അവസരമാണത്.

യു എ ഇ വിശുദ്ധ റമസാനെ വൈവിധ്യമായ പരിപാടികളോടെയും പദ്ധതികളോടെയുമാണ് വരവേല്‍ക്കാറുള്ളത്. പ്രസിഡന്റിന്റെ അതിഥിയായി ലോക പ്രശസ്ത പണ്ഡിതര്‍ രാജ്യത്തെത്താറുണ്ട്. ദുബൈ ഹോളി ഖുര്‍ആന്‍ അതോറിറ്റി നടത്തുന്ന ഖുര്‍ആന്‍ പാരായണ മത്സരവും പ്രഭാഷണങ്ങളും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതാണ്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയില്‍ പൊതുപരിപാടികള്‍ക്ക് മുടക്കമുണ്ടായിരുന്നു. ഇപ്രാവശ്യം എങ്ങിനെയാവുമെന്ന അറിയിപ്പ് ലഭിക്കാനിരിക്കുന്നതേയുള്ളൂ.

യു എ ഇയുടെ വൈവിധ്യമായ ആഗോള ശ്രദ്ധ നേടുന്ന പരിപാടികള്‍, ഇഫ്താര്‍ ടെന്റുകള്‍ എന്നിവയും കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കപ്പെട്ട സാഹചര്യത്തില്‍ ഇത്തവണ ഉണ്ടാകുമെന്നാണ് കരുതുന്നത്.

നോമ്പ് കാലത്തിന്റെ പ്രധാന ദിവസങ്ങളെങ്കിലും വിശുദ്ധ ഹറമില്‍ ചിലവഴിക്കണമെന്ന് ആഗ്രഹിക്കുന്ന പ്രവാസികള്‍ ഏറെയുണ്ട്. ഇപ്രാവശ്യം അതിനുള്ള സൗകര്യം തുറന്നു കിട്ടിയിട്ടുണ്ട്. ആ നിലയില്‍ വിശുദ്ധിയുടെ മണ്ണില്‍ പുണ്യദിനങ്ങള്‍ കഴിച്ചുകൂട്ടാന്‍ ഒരുക്കങ്ങള്‍ നടത്തുന്നവര്‍ നിരവധിയുണ്ട്. പ്രവാസ ജീവിതത്തിലെ പ്രധാന നേട്ടങ്ങള്‍ അത്തരത്തിലുള്ളവയാണെന്ന് കരുതി അതിന്നായി കാത്തിരിക്കുന്നവരും ഏറെയാണ്. നാട്ടില്‍ നോമ്പും പെരുന്നാളും ചെലവഴിക്കാന്‍ തീരുമാനിച്ചവര്‍ അതിനുള്ള തയ്യാറെടുപ്പുകളുടെ ആലോചനയിലാണ്. നോമ്പിന് മുമ്പ് തന്നെ നാട്ടില്‍പോയി തിരിച്ചെത്താന്‍ ശ്രമിക്കുന്ന പ്രവാസികളുമുണ്ട്.
ഏതായാലും ഹൃദയങ്ങളെ നൈര്‍മല്യമാക്കുന്ന മാസത്തെ ആരാധനകള്‍ കൊണ്ട് ധന്യമാക്കി വിളവെടുക്കാനുള്ള ശ്രമത്തിലാണ് വിശ്വാസികള്‍.

 

---- facebook comment plugin here -----

Latest