batheri bribe case
ബത്തേരി കോഴക്കേസ്: കെ സുരേന്ദ്രനെതിരെ ഫോറന്‍സിക് റിപ്പോര്‍ട്ട്
ഫോണിലെ ശബ്ദം സുരേന്ദ്രന്റേതാണെന്ന് തെളിയിച്ചു; ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം

കല്‍പ്പറ്റ | കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരിയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി സി കെ ജാനുവിന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോഴ നല്‍കിയ കേസില്‍ നിര്‍ണായക ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. കെ സുരേന്ദ്രനെതിരെ നിര്‍ണായക തെളിവുകളടങ്ങിയ ഫോറന്‍സിക് റിപ്പോര്‍ട്ടാണ് പോലീസിന് ലഭിച്ചത്.
നേരത്തെ പരാതിക്കാരിയായ പ്രസീത അഴീക്കോട് ഇടപാടുകള്പു സംബന്ധിച്ച് പുറത്തുവിട്ട ശബ്ദ സന്ദേശം തന്റേതല്ലെന്നായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. എന്നാല്‍
ഈ ശബ്ദ സന്ദേശം സുരേന്ദ്രന്റേതാണെന്ന് ഫോറന്‍സിക് പരിശോധയില്‍ സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ചുള്ള ഇലക്ട്രിക് ഡിവൈസുകളുടേയും വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറി. ഇനി ഒരു ഫോണിലെ വിവരങ്ങള്‍ മാത്രമാണ് പോലീസിന് ലഭിക്കാനുള്ളത്.
കേസില്‍ ആരോപണ വിധേയനായ കെ സുരേന്ദ്രന്‍, സി കെ ജാനു, പ്രശാന്ത് മലവയില്‍ എന്നിവര്‍ക്കെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ബത്തേരിയില്‍ മത്സരിക്കുന്നതിന് കെ സുരേന്ദ്രന്‍ സി കെ ജാനുവിന് 25 ലക്ഷം രൂപ കോഴ നല്‍കിയെന്നായിരുന്നു കേസ്. സി കെ ജാനുവിനൊപ്പമുണ്ടായിരന്ന പ്രസീത അഴീക്കോടാണ് ഇത് സംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്.