Connect with us

National

മണിപ്പൂരില്‍ ബേങ്ക് കവര്‍ച്ച;18.85 കോടി രൂപ കൊള്ളയടിച്ചു

കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം മണിപ്പൂരില്‍ നടക്കുന്ന മൂന്നാമത്തെ ബേങ്ക് കവര്‍ച്ചയാണിത്.

Published

|

Last Updated

ഇംഫാല്‍| മണിപ്പൂരില്‍ ബേങ്ക് കവര്‍ച്ച. 10 അജ്ഞാത ആയുധധാരികള്‍ 18.85 കോടി രൂപ കൊള്ളയടിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് ഉഖ്രുള്‍ ജില്ലയിലെ പഞ്ചാബ് നാഷണല്‍ ബേങ്കില്‍ (പിഎന്‍ബി) കവര്‍ച്ച നടന്നത്. മെയ് മൂന്നിന് വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം മണിപ്പൂരില്‍ നടക്കുന്ന മൂന്നാമത്തെ ബേങ്ക് കവര്‍ച്ചയാണിത്.

ബേങ്കിന്റെ പ്രവൃത്തി സമയം കഴിഞ്ഞ ശേഷമാണ് കവര്‍ച്ച നടന്നത്. അന്നത്തെ ഇടപാടുകളും നിക്ഷേപ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി പ്രധാന ഗേറ്റിന്റെ ഷട്ടര്‍ അടച്ച് ബേങ്ക് മാനേജരും ജീവനക്കാരും അകത്ത് ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ ആയുധധാരികളായ പത്ത് പേര്‍ അകത്ത് കയറി ട്രോങ് റൂമിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന മാനേജരെയും സെക്യൂരിറ്റി ജീവനക്കാരനെയും കീഴ്പ്പെടുത്തി.

തുടര്‍ന്ന് ബേങ്കില്‍ നിന്ന് 18.85 കോടി രൂപ കൊള്ളയടിച്ചു. എകെ റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഒലിവ് പച്ച, കാക്കി യൂണിഫോം, ട്രാക്ക് സ്യൂട്ടുകള്‍ എന്നിവ ധരിച്ചാണ് സംഘം എത്തിയതെന്ന് ബേങ്കിനുള്ളില്‍ സ്ഥാപിച്ച സിസിടിവി കാമറകളില്‍ നിന്ന് വ്യക്തമാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ബേങ്കിലെ മുഴുവന്‍ ജീവനക്കാരെയും സുരക്ഷാ ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു.