Kerala
ബാലഭാസ്കറിന്റെ മരണം കൊലപാതകം; അര്ജുന് അറസ്റ്റിലായതോടെ സത്യം പുറത്തുവരുമെന്നും പിതാവ്
പുതിയ കേസിന്റെ പശ്ചാത്തലത്തില്‍ നിയമനടപടി ആലോചിക്കുമെന്നും കെ സി ഉണ്ണി

തൃശൂര്‍ | വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം കൊലപാതകമാണെന്ന ആരോപണം ആവര്‍ത്തിച്ച് പിതാവ് കെ സി ഉണ്ണി. മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയയാണെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ ബാലഭാസ്കറിന്‍രെ ഡ്രൈവര്‍ അര്ജുന് അറസ്റ്റിലായതിന് പിറകെയാണ് കെ സി ഉണ്ണിയുടെ പ്രതികരണം.
അപകടത്തിന് ശേഷമാണ് അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലം അറിയുന്നത്. അര്ജുന് പോലീസിന്റെ പിടിയിലായതോടെ ഇനി മരണത്തിന് പിന്നിലെ സത്യങ്ങള്‍ പുറത്തുവരുമെന്ന് കെ സി ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു
അപകടം നടക്കുന്ന സമയത്ത് കാര്‍ ഓടിച്ചത് ബാലഭാസ്കറാണെന്നാരോപിച്ച് അര്ജുന് തങ്ങള്‍ക്കെതിരെ ത്യശൂര്‍ എംഐസിറ്റിയില്‍ കേസ് കൊടുത്തിരുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ്. സംശയമല്ല ബാലഭാസ്കറിന്റെ മരണത്തിന് പിന്നില്‍ അര്ജുന് തന്നെയാണെന്ന് ഉറപ്പാണ്. കള്ളക്കടത്ത് മാഫിയ അതൊരു വലിയ സംഘമാണ്. എങ്ങും തൊടാതെയുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് സിബിഐ കൊടുത്തിരിക്കുന്നത്.അവരും സംഘത്തിന്റെ സ്വാധീനത്തിന് വഴങ്ങി.കേസില്‍ ഒരു നീതിയും ലഭിച്ചിട്ടില്ല. പുതിയ കേസിന്റെ പശ്ചാത്തലത്തില്‍ നിയമനടപടി ആലോചിക്കുമെന്നും കെ സി ഉണ്ണി പറഞ്ഞു. ബാലഭാസ്കറിന്റെ ഭാര്യ ഇപ്പോള്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാറില്ല.അത് എന്തുകൊണ്ടെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു
അതേസമയം, അര്ജുന് അറസ്റ്റിലായെങ്കിലും ഇതിന് ബാലഭാസ്കര്‍ മരണപ്പെട്ട കേസുമായി ബന്ധമില്ലെന്ന നിലപാടിലാണ് പോലീസ് . പെരിന്തല്‍മണ്ണയില്‍ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസിലാണ് ബാലഭാസ്ക്കറിന്റെ ഡ്രൈവര്‍ അര്ജുന് അറസ്റ്റിലായത്.