Connect with us

National

കര്‍ണാടക ബി.ജെ.പിയില്‍ തിരിച്ചടി; ഷിമോഗയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുന്‍ ഉപമുഖ്യമന്ത്രി ഈശ്വരപ്പ

തന്റെ മകന്‍ കെ.ഇ കാന്തേഷിന് ഹവേരി പാര്‍ലമെന്റ് മണ്ഡലത്തില്‍ ടിക്കറ്റ് നിഷേധിച്ചതില്‍ മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ ഈശ്വരപ്പ കുറ്റപ്പെടുത്തി.

Published

|

Last Updated

ബെംഗളുരു| കര്‍ണാടക ബിജെപിയില്‍ തിരിച്ചടി. കര്‍ണാടകയിലെ ഷിമോഗയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ.എസ് ഈശ്വരപ്പ പറഞ്ഞു. ഇന്നലെ ഷിമോഗയില്‍ അനുയായികളുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തന്റെ മകന്‍ കെ.ഇ കാന്തേഷിന് ഹവേരി പാര്‍ലമെന്റ് മണ്ഡലത്തില്‍ ടിക്കറ്റ് നിഷേധിച്ചതില്‍ മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ ഈശ്വരപ്പ കുറ്റപ്പെടുത്തി. ഈ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ബി.ജെ.പി സ്ഥാനാര്‍ഥി.

യെദ്യൂരപ്പയുടെ മകന്‍ ബി.വൈ രാഘവേന്ദ്രയാണ് ഷിമോഗയിലെ ബി.ജെ.പി സ്ഥാനാര്‍ഥി. ചലച്ചിത്ര താരം ശിവരാജ് കുമാറിന്റെ ഭാര്യ ഗീത ശിവരാജ്കുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.യെദ്യൂരപ്പ കുടുബത്തിന്റെ പിടിയിലാണ് കര്‍ണാടക ബി.ജെ.പിയെന്ന് അറിയിക്കാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഈശ്വരപ്പ പറഞ്ഞു. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ എടുത്ത തീരുമാനമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം താന്‍ ഒരിക്കലും ഈശ്വരപ്പയെ ചതിച്ചിട്ടില്ലെന്നും ഈശ്വരപ്പയുടെ മകന്  ടിക്കറ്റ് നല്‍കണമെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നെന്നും മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു. ഈശ്വരപ്പ വിളിച്ച യോഗത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈശ്വരപ്പയുടെ മകന്‍ കെ.ഇ കാന്തേഷിനെ ഹാവേരിയില്‍ പരിഗണിക്കണമെന്ന് താന്‍ അഭ്യര്‍ഥിച്ചിരുന്നുവെന്ന് ബൊമ്മെ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി, അമിത് ഷാ, ജെ.പി നദ്ദ എന്നിവര്‍ ആവശ്യപ്പെട്ടതിനാലാണ് ഈ സീറ്റില്‍ താന്‍ മത്സരിക്കുന്നതെന്നും ബൊമ്മൈ വ്യക്തമാക്കി. കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിക്കൊപ്പം താന്‍ ഈശ്വരപ്പയുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

---- facebook comment plugin here -----

Latest