Connect with us

Web Special

കൈവെള്ളയിലൊതുങ്ങുന്ന കുഞ്ഞുകവിതകൾ; ഇന്ന് ഹൈക്കു കവിതാ ദിനം

‌ഫെയിസ്ബുക്കില്‍ ഹൈക്കു കവിതകള്‍ക്കായി നിരവധി പേജുകളും കെ ദിലീപ് കുമാറിനെപോലെ ആയിരം ഹൈക്കു കവിതകള്‍ പൂര്‍ത്തിയാക്കിയ കവികളുമുണ്ട്. പെട്ടെന്ന് വായിച്ചു പോകാവുന്നതാണ് ചെറു വിസ്മയം സമ്മാനിക്കുന്ന ഈ വരികള്‍ എന്നതാവാം ഇതിന്‍റെ സ്വീകാര്യതയുടെ പിന്നിലെ രഹസ്യം.

Published

|

Last Updated

“ഉലയൂതുന്നു
പണിക്കത്തി കൂട്ടുണ്ട്
കുനിഞ്ഞ തനു “

ഇലന്തൂര്‍ നരബലിക്കേസിലെ പ്രതി ഭഗവത്സിംഗിന്‍റെ ഈ മൂന്നു വരികളാണ് പലര്‍ക്കും പരിചിതമായ ആദ്യ ഹൈക്കു കവിത. ഭഗവത്സിംഗിന്‍റെ ഫേസ്ബുക്ക് പേജില്‍ ഇത്തരം കുറുങ്കവിതകള്‍ ധാരാളമുണ്ടായിരുന്നു താനും.

‌ഫെയിസ്ബുക്കില്‍ ഹൈക്കു കവിതകള്‍ക്കായി നിരവധി പേജുകളും കെ ദിലീപ് കുമാറിനെപോലെ ആയിരം ഹൈക്കു കവിതകള്‍ പൂര്‍ത്തിയാക്കിയ കവികളുമുണ്ട്. പെട്ടെന്ന് വായിച്ചു പോകാവുന്നതാണ് ചെറു വിസ്മയം സമ്മാനിക്കുന്ന ഈ വരികള്‍ എന്നതാവാം ഇതിന്‍റെ സ്വീകാര്യതയുടെ പിന്നിലെ രഹസ്യം. മുഖപുസ്തകത്തിലെ പ്രതിഭാധനരായ കവികള്‍ക്ക് ഈ കൈവെള്ളക്കവിതകള്‍ എഴുതുന്നത് ആനന്ദകരമായ ഒരു വെല്ലുവിളിയാണ് താനും. ഈ കൈവെള്ളക്കവിതകളുടെ ദിനം കൂടിയാണ് ഏപ്രിൽ പതിനേഴ്.

ജപ്പാനിലാണ് ഹൈക്കു എന്ന ഈ കുറുങ്കവിതകളുടെ ജനനം എന്നു കരുതപ്പെടുന്നു. മൂന്നു വരികളിലായി പന്ത്രണ്ട് മാത്രകളെ ഒതുക്കിവെക്കുന്നതാണ് ഇതിന്‍റെ രീതി. ആദ്യഘട്ടത്തില്‍ ഹോക്കുവെന്ന് വിളിച്ചിരുന്ന ചെറുകവിതകൾക്ക് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനം ജപ്പാനീസ് കവിയായ മസാവോക ഷികിയാണ് ഹൈകു എന്ന പേർ നൽകിയത്. ഹൈക്കുവിൽ പൊതുവേ കിഗോ എന്നറിയപ്പെടുന്നതും ഋതുവിനെ കുറിക്കുന്നതുമായ പദമോ പദസമുച്ചയങ്ങളോ കാണാം. കിരേജി എന്ന് വിളിക്കപ്പെടുന്ന ഒരു പ്രധാന വാക്ക് അല്ലെങ്കിൽ പദസമുച്ചയം ഹൈക്കുവിൽ നിര്‍ബന്ധമാണ്.

ജപ്പാനിലെ സെന്‍ബുദ്ധിസ്റ്റ് ധാരകളും ഹൈക്കുവിനെ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. ധ്യാനാത്മകത, ധ്വനി, കാഴ്ചപ്പാടുകളിലെ വൈവിധ്യം എന്നിവ ഹൈക്കുവിന്‍റെ സത്തയായി വിശേഷിപ്പിക്കപ്പെടുന്നു. ആദ്യത്തെയോ, രണ്ടാമത്തെയോ വരി കഴിഞ്ഞ് സംഭവിക്കുന്ന ബിംബകല്‍പ്പനയിലൂടെയുള്ള വ്യതിയാനമാണ് ഹൈക്കു കവിയുടെ കഴിവിനെ നിര്‍ണ്ണയിക്കുന്നത് .

മലയാളത്തിലേക്ക് ഹൈക്കു കവിതകള്‍ ആദ്യം പരിചയപ്പെടുത്തിയത് ചങ്ങമ്പുയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ സമയത്ത് ജാപ്പനീസ് ഹൈക്കു കവിതകളാണ് അദ്ദേഹം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. ബാഷോയുടെ ‘കഴുത’ എന്ന കവിതയാണ് അതിനായി തിരഞ്ഞെടുത്തത്. ചങ്ങമ്പുഴ കവിതകള്‍ക്ക് താളാത്മകമായ ഒരു സുഖം ഉണ്ടായിരുന്നുവെങ്കിലും പൊതുവില്‍ മലയാളം ഹൈക്കുവിന്റെ ഘടനാരീതി അത്ര താളാത്മകമല്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം‌ അയ്യപ്പണിക്കര്‍, കുഞ്ഞുണ്ണി മാഷ്, അഷിത എന്നിവരിലൂടെ കവിതകളിലൂടെ ഹൈക്കു മലയാളികള്‍ക്ക് സുപരിചിതമായി. എങ്കിലും കുട്ടിക്കവിതകളിലൂടെ വലിയ കാര്യങ്ങള്‍ എഴുതിപ്പിടിപ്പിച്ച കുഞ്ഞുണ്ണിമാഷ് തന്നെയാണ് മലയാളം ഹൈക്കു കവിതകളുടെ തമ്പുരാന്‍.

Latest