Connect with us

Kerala

പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി നല്‍കി ബിജെപി കൗണ്‍സിലര്‍

മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്.

Published

|

Last Updated

പാലക്കാട്|റാപ്പര്‍ വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി നല്‍കി പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കൗണ്‍സിലര്‍ എന്‍ഐഎയ്ക്ക് പരാതി നല്‍കിയത്. മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. അഞ്ചു വര്‍ഷം മുമ്പുള്ള വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ് എന്ന വേടന്റെ ആദ്യകാല പാട്ടിനെതിരെയാണ് എന്‍ഐഎക്ക് പരാതി നല്‍കിയിരിക്കുന്നത്. രാജ്യം ഭരിക്കുന്നയാള്‍ കപടദേശീയവാദിയാണെന്ന് പാട്ടില്‍ വരികളുണ്ടായിരുന്നു.

വേടന്റെ പശ്ചാത്തലം എന്താണെന്ന് അന്വേഷിക്കണം. ജാതിയുടെ അടിസ്ഥാനത്തില്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് വേടനെന്നും പരാതിയില്‍ ആരോപിക്കുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിനും എന്‍ഐഎയ്ക്കുമാണ് മിനി കൃഷ്ണകുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. പാലക്കാട് നടന്ന വേടന്റെ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് പാലക്കാട് നഗരസഭ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വേടനെതിരെ എന്‍ഐഎക്കും പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം വേടനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല രംഗത്ത് വന്നിരുന്നു. വേടന്റെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നു. വേടന് മുമ്പില്‍ ‘ആടികളിക്കട കുഞ്ഞുരാമ’ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നുമായിരുന്നു ശശികലയുടെ പരാമര്‍ശം. ഇവിടുത്തെ പട്ടികജാതി, വര്‍ഗക്കാരന്റെ തനതായ കലാരൂപം റാപ്പ് സംഗീതമാണോയെന്നും ശശികല പരിപാടിക്കിടെ ചോദിച്ചിരുന്നു.

 

 

 

Latest