National
കുഞ്ഞുങ്ങള്‍ക്ക് പാലില്ല; കുടിക്കാന്‍ വെള്ളമില്ല; കാബൂള്‍ വിമാനത്താവളത്തില്‍ ഇന്ത്യക്കാര്‍ അനുഭവിക്കുന്നത് കടുത്ത ദുരിതം
കാബൂള്‍ വിമാനത്താവളത്തോട് ചേര്‍ന്ന ഒരു കല്യാണ മണ്ഡപത്തിലാണ് മുന്നൂറോളം ഇന്ത്യക്കാര്‍ ഇപ്പോള്‍ കഴിയുന്നത്.
ന്യൂഡല്‍ഹി | കാബൂള്‍ വിമാനത്താവളത്തില്‍ ഇന്ത്യയിലേക്ക് വിമാനം കാത്തിരിക്കുന്ന അമ്മമാരും കുട്ടികളും അനുഭവിക്കുന്നത് കടുത്ത ദുരിതം. ദിവസങ്ങളായി നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായതിനെ തുടര്‍ന്ന് തളര്‍ന്ന അവസ്ഥയിലാണ് അവര്‍. മൂന്നും നാലും ദിവസം റോഡ് മാര്‍ഗം യാത്ര ചെയ്താണ് അവരില്‍ പലരും വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താളത്തില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതോടെ ദുരിതം ഇരട്ടിച്ചു.
കുടിക്കാന്‍ വെള്ളമില്ല. കുഞ്ഞുങ്ങള്‍ക്ക് ഒരു തുള്ളി പാലുപോലും കിട്ടുന്നില്ലെന്ന് അമ്മമാര്‍ പറയുന്നു. വിമാനത്താവളത്തിന് പുറത്ത് മണിക്കൂറുകളോളം ബസില്‍ ഇരിക്കേണ്ട സ്ഥിതിയുമുണ്ട. കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയ സംഘം രാവിലെ 11 വരെ ബസില്‍ തുടര്‍ന്നു. ഇതിന് ശേഷം താലിബാന്‍ സംഘം എത്തി ഇവരെ ചോദ്യം ചെയ്യാനായി കൊണ്ടുപോകുകയും ചെയ്തു. പിന്നീട് ഇവരെ വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. ഇവര്‍ക്ക് ഇപ്പോഴും രാജ്യത്തേക്ക് മടങ്ങാന്‍ സാധിച്ചിട്ടില്ല.
ദുരിതം ഇരട്ടിച്ചതോടെ ഇളയ സഹോദരനെ വിളിച്ച് കുഞ്ഞിനെ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതായി വിമാനത്താവളത്തില്‍ കുടുങ്ങിയ യുവതികളില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. കടുത്ത ദുരിതമാണ് വിമാനത്താവളത്തില്‍ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്നതെന്ന് സംഘത്തില്‍പെട്ട യുവതിയുടെ മാതാവ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇന്ത്യക്കാരെ സുരക്ഷിതമായി എത്രയും വേഗം രാജ്യത്ത് എത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കാബൂള്‍ വിമാനത്താവളത്തോട് ചേര്‍ന്ന ഒരു കല്യാണ മണ്ഡപത്തിലാണ് മുന്നൂറോളം ഇന്ത്യക്കാര്‍ ഇപ്പോള്‍ കഴിയുന്നത്. പ്രതിദിനം രണ്ട് വിമാനങ്ങള്‍ക്കാണ് ഇന്ത്യക്ക് യുഎസ് സേന അനുമതി നല്‍കിയത്. ഇതില്‍ രണ്ട് വിമാനങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. കൂടുതല്‍ പേര്‍ ഇന്നും നാളെയുമായി എത്തിച്ചേരും.




