Kerala
പാലാ ബിഷപ്പിനോട് സ്വീകരിച്ച അഴകൊഴമ്പന്‍ നിലപാട് തിയോഡോഷ്യസ് അടക്കമുള്ള ചില പാതിരിമാര്‍ക്ക് വളമായി: കെ ടി ജലീല്‍
മന്ത്രി അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ കേസെടുക്കണം.

തിരുവനന്തപുരം | സംസ്ഥാന മത്സ്യബന്ധന വകുപ്പ് മന്ത്രി അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ കേസെടുക്കണമെന്ന് കെ ടി ജലീല്‍. ളോഹ ധരിച്ചവര്‍ പറയുന്ന തനി വര്‍ഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുതെന്ന് ഫേസ് ബുക്ക് കുറിപ്പില്‍ ജലീല്‍ പറഞ്ഞു. ക്രിസംഘി നേതാവ് എന്നാണ് ഡിക്രൂസിനെ കുറിപ്പില്‍ ജലീല്‍ വിശേഷിപ്പിച്ചത്.
ഇല്ലാത്ത ലൗജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച ”അഴകൊഴമ്പന്‍’ നിലപാട്, തിയോഡോഷ്യസ് അടക്കമുള്ള ചില പാതിരിമാര്‍ക്ക് വളമായതായാണ് മനസിലാക്കേണ്ടത്. പച്ചക്ക് വര്‍ഗീയത പറയുന്ന തിയോഡോഷ്യസിനെ പോലുള്ളവരെ നിലക്ക് നിര്‍ത്താനും തിരുത്താനും ക്രൈസ്തവ സമുദായത്തിലെ വിവേകികളായ തിരുമേനിമാര്‍ മുന്നോട്ടു വരണം.
കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മത പുരോഹിതനും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പറയാന്‍ ധൈര്യപ്പെടാത്ത പരാമര്‍ശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയത്. വായില്‍ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസന്‍സായി തിരുവസ്ത്രത്തെ ആരും കാണരുത്. മന്ത്രി റഹ്മാനെതിരായി നടത്തിയ പരാമര്‍ശം തിയോഡോഷ്യസ് പിന്‍വലിക്കണം. അതല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.