Ongoing News
ഉജ്ജ്വല തിരിച്ചുവരവുമായി ഓസീസ്; രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ 10 വിക്കറ്റിന് തകര്‍ത്തു
പരമ്പരയില്‍ ഒരോ മത്സരം ജയിച്ച് ഇരു ടീമുകളും തുല്യനിലയിലായി.
അഡ്‌ലെയ്ഡ് | ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഉജ്ജ്വല തിരിച്ചുവരവുമായി ആസ്‌ത്രേലിയ. അഞ്ച് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ 10 വിക്കറ്റിന് തരിപ്പണമാക്കിയാണ് ഓസീസ് പോരാട്ടവീര്യം തെളിയിച്ചത്. ഇതോടെ പരമ്പരയില്‍ ഒരോ മത്സരം ജയിച്ച് ഇരു ടീമുകളും തുല്യനിലയിലായി.
അഡ്‌ലെയ്ഡില്‍ ഇന്ത്യ രണ്ടാമിന്നിംഗ്‌സില്‍ മുന്നോട്ടുവച്ച 19 റണ്‍സിന്റെ അതിദുര്‍ബലമായ വിജയലക്ഷ്യം ഓസീസ് വെറും 3.2 ഓവറില്‍ മറികടന്നു. 10 റണ്‍സുമായി നതാന്‍ മക്സ്വീനിയും ഒമ്പത് റണ്‍സുമായി ഉസ്മാന്‍ ഖവാജയും പുറത്താവാതെ നിന്നു. സ്‌കോര്‍: ഇന്ത്യ ഒന്നാമിന്നിംഗ്‌സ്-180, രണ്ടാമിന്നിംഗ്‌സ്-175. ആസ്ത്രേലിയ ഒന്നാമിന്നിംഗ്‌സ്-337, രണ്ടാമിന്നിംഗ്‌സ്-19.
അഞ്ചിന് 128 എന്ന നിലയില്‍ ഇന്ന് രണ്ടാമിന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യക്ക് റിഷഭ് പന്തിന്റെ വിക്കറ്റാണ് ആദ്യ നഷ്ടമായത്. ആദ്യം നഷ്ടമായി. ഇന്നലെ 28 റണ്‍സെടുത്തിരുന്ന റിഷഭ് ഇന്ന് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാകാതെ മടങ്ങി. മിഷേല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്ലിപ്പില്‍ സ്റ്റീവന്‍ സ്മിത്തിന് ക്യാച്ച് നല്‍കിയാണ് റിഷഭ് പുറത്തായത്.
പിന്നീട് വന്നവര്‍ക്കൊന്നും രണ്ടക്കത്തിലെത്താനായില്ല. ആര്‍ അശ്വിന്‍ ഏഴ് റണ്‍സെടുത്തും ഹര്‍ഷിത് റാണ പൂജ്യത്തിനും മുഹമ്മദ് സിറാജ് ഏഴിനും പവലിയനില്‍ തിരിച്ചെത്തി. നായകന്‍ ജസ്പ്രിത് ബുമ്ര ഏഴ് റണ്‍സുമായി പുറത്താവാതെ നിന്നു. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ രണ്ടാമിന്നിംഗ്‌സ് ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ സ്‌കോട്ട് ബോളണ്ട് മൂന്നും സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് വീഴ്ത്തി.