editorial
ഇന്ത്യ സൂര്യനിലേക്ക് കുതിക്കുമ്പോൾ
ഒരു ബഹിരാകാശ ദൗത്യവും സമ്പൂർണമല്ല. എന്നാൽ അവ അറിവിന്റെ വൃത്തം വലുതാക്കിക്കൊണ്ടേയിരിക്കുന്നു, ഈ ഗവേഷണങ്ങൾ ജീവിതത്തെ കൂടുതൽ ആയാസരഹിതമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ദൗത്യങ്ങളൊന്നും പാഴ്‌വേലകളല്ല, അനിവാര്യതയാണ്.

ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തിയ അഭിമാനകരമായ നാളുകളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ മൂന്ന് ചരിത്രമെഴുതിയതിന് പിറകേ സൗര ഗവേഷണത്തിൽ കൂടി ഇന്ത്യ നിർണായക കുതിപ്പ് നടത്തിയിരിക്കുകയാണ്. ഇന്നോളമാർക്കും ഗവേഷണ ദൗത്യം അയക്കാൻ സാധിക്കാതിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുക വഴി ചന്ദ്രയാൻ മൂന്ന് പുതിയ ഗവേഷണങ്ങളിലേക്ക് വാതായനം തുറന്നിട്ടുകഴിഞ്ഞു. ചന്ദ്രോപരിതലത്തെ കുറിച്ച് അതീവ പ്രാധാന്യമുള്ള അറിവുകളാകും ചന്ദ്രയാൻ കൊണ്ടുവരിക. ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും തത്കാലം സ്ലീപിംഗ് മോഡിലേക്ക് മാറിയിട്ടുണ്ട്. ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശം ലഭിക്കുന്ന 14 ദിവസമായിരുന്നു ഇവക്ക് രണ്ടിനും ആദ്യ ഘട്ടത്തിൽ ഉണർന്നിരിക്കാൻ അവസരമുണ്ടായിരുന്നത്. 14 ദിവസത്തോടടുക്കവേയാണ് ഇവയെ ഉറക്കിയിരിക്കുന്നത്. ഇനി 14 ദിവസത്തിന് ശേഷം പകൽ വരുമ്പോൾ ഒരു പക്ഷേ, അവയ്ക്ക് റീ സ്റ്റാർട്ട് ചെയ്യാൻ സാധിച്ചേക്കാം. അത് നടന്നില്ലെങ്കിലും ദീർഘകാലത്തെ ഗവേഷണത്തിനും വലിയ നിഗമനങ്ങൾക്കുമുള്ള ഡാറ്റ ചന്ദ്രയാൻ തന്നുകഴിഞ്ഞു. ഇവയുടെ വിശകലനത്തിലേക്ക് നീങ്ങാനിരിക്കേയാണ് ഐ എസ് ആർ ഒ സൗര ഗവേഷണ ദൗത്യമായ ആദിത്യ എൽ 1 അയച്ചിരിക്കുന്നത്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന അവിശ്രമം കർമപഥത്തിലാണ്. ബഹിരാകാശ നേട്ടങ്ങളുടെ തലസ്ഥാനമായി ഇന്ത്യ മാറുന്നുവെന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഒന്നാണ്. ആദിത്യ എൽ 1ന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ശാസ്ത്രജ്ഞരെയും ഗവേഷകരെയും സാങ്കേതിക വിദഗ്ധരെയും തൊഴിലാളികളെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. ഇത് ഇന്ന് പൊടുന്നനെ ഉണ്ടായ നേട്ടമല്ലല്ലോ. മുൻഗാമികളായ ഭരണാധികാരികളുടെയും ശാസ്ത്രജ്ഞരുടെയും ചിന്തകരുടെയും പ്രവർത്തനങ്ങളുടെയും സ്വപ്‌നങ്ങളുടെയും വിളവെടുപ്പ് കൂടിയാണ്.
ശനിയാഴ്ച രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് പി എസ് എൽ വി-സി 57ന്റെ എക്സ് എൽ റോക്കറ്റിലേറിയാണ് ആദിത്യ എൽ 1 കുതിച്ചത്. 63 മിനുട്ട് 19 സെക്കൻഡിന് ശേഷം 235/19,500 കിലോമീറ്റർ ഭ്രമണപഥത്തിൽ ആദിത്യയെ റോക്കറ്റ് വിട്ടു. ആദ്യ ഭ്രമണപഥമുയർത്തൽ ഇന്നലെ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. ഏകദേശം നാല് മാസത്തിന് ശേഷം ആദിത്യ 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ്1 ൽ എത്തും. എൽ 1ന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യന്റെ താപവ്യതിയാനവും കാന്തികമണ്ഡലവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആദിത്യയിലൂടെ മനസ്സിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. സൗരയൂഥത്തിന്റെ ഊർജ കേന്ദ്രമായ സൂര്യനെ ഒരു തടസ്സവും കൂടാതെ നിരീക്ഷിക്കാൻ സാധിക്കുന്ന ലഗ്രാഞ്ച് പോയിന്റ് ഒന്നിൽ ആദിത്യ എൽ 1 എത്തുന്നുവെന്നതാണ് ഈ ദൗത്യത്തിന്റെ സവിശേഷത.
കൊറോണൽ ഹീറ്റിംഗ്, കൊറോണൽ മാസ്സ് ഇജക്ഷൻ, ബഹിരാകാശ കാലാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയവയാകും ആദിത്യ പഠനവിധേയമാക്കുകയെന്ന് ഐ എസ് ആർ ഒ മിഷൻ രേഖയിൽ വ്യക്തമാക്കിയിരുന്നു. നേരത്തേ ഈ പ്രൊജക്ട് തയ്യാറാക്കിയിരുന്നത് ആദിത്യ 1 എന്ന പേരിലായിരുന്നു. ഒറ്റ പേലോഡ് മാത്രമുള്ള ദൗത്യമായാണ് അത് വിഭാവനം ചെയ്തത്. എന്നാൽ എൽ 1 പോയിന്റിൽ ചെന്ന് നിരീക്ഷിക്കുന്നതാണ് ശാസ്ത്രീയമായി കൂടുതൽ ഫലപ്രദമെന്ന് ബോധ്യപ്പെട്ടതോടെ ആദിത്യ എൽ 1 ആവിഷ്‌കരിക്കുകയായിരുന്നു.
സൂര്യനെ കുറിച്ചുള്ള പഠനം പ്രസക്തമാകുന്നതെങ്ങനെ എന്ന ചോദ്യത്തിന് സൂര്യനാണ് ഏറ്റവും അടുത്തുള്ള നക്ഷത്രമെന്ന് ഒറ്റവാചകത്തിൽ മറുപടി പറയാം. ഭൂമി വാസയോഗ്യമായ ഇടമാകുന്നതിന്റെ അടിസ്ഥാനം സൂര്യനുമായുള്ള നിശ്ചിത അകലമാണ്. സൂര്യനെ പഠിക്കുന്നതിലൂടെ ക്ഷീരപഥത്തിലെ നക്ഷത്രങ്ങളെക്കുറിച്ചും മറ്റ് പല താരാപഥങ്ങളിലെയും നക്ഷത്രങ്ങളെക്കുറിച്ചും കൂടുതൽ പഠിക്കാൻ കഴിയും. പല തരത്തിലുള്ള സ്‌ഫോടനാത്മകമായ പ്രതിഭാസങ്ങൾ സംഭവിക്കുന്നതിലൂടെയാണ് സൂര്യൻ പുറത്തേക്ക് ഊർജം പ്രവഹിപ്പിക്കുന്നത്. ഇവയെക്കുറിച്ചുള്ള പഠനങ്ങളിലേക്കുള്ള വാതായനമായിരിക്കും ആദിത്യ എൽ 1. ഏഴ് പേലോഡുകളാണ് പേടകത്തിലുള്ളത്. ഇവ ഏഴും രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ചുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഐ എസ് ആർ ഒയുടെ വിവിധ കേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് ഇവ വികസിപ്പിച്ചത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പേലോഡായ “സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ്’ തയ്യാറാക്കിയത് പുണെ ആസ്ഥാനമായ ഇന്റർ യൂനിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആൻഡ് ആസ്‌ട്രോഫിസിക്‌സാണ്. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ സ്‌പേസ് ഫിസിക്‌സ് ലബോറട്ടറിയിലാണ് പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ പേലോഡ് പിറവികൊണ്ടത് എന്നത് കേരളത്തിനും അഭിമാനകരമാണ്. ഐ എസ് ആർ ഒ അതിന്റെ ദൗത്യങ്ങളുമായി മുന്നോട്ട് പോകുക തന്നെയാണ്. ശുക്രനിലേക്കുള്ള ദൗത്യത്തിന് വേണ്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുവെന്ന് ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കിക്കഴിഞ്ഞു. ശുക്രനിൽ ഇറങ്ങുന്നത് അടക്കമുള്ള കാര്യങ്ങൾ വിലയിരുത്തി വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നുണ്ട്. വൈകാതെ ദൗത്യത്തിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു.
ഒരു ബഹിരാകാശ ദൗത്യവും സമ്പൂർണമല്ല. മനുഷ്യന് മുന്നിൽ സ്രഷ്ടാവ് ഒരുക്കിവെച്ച മഹാവിസ്മയങ്ങളിലേക്കുള്ള എത്തിനോട്ടമാണ് അവ. എന്നാൽ ആ എത്തിനോട്ടങ്ങൾ നിസ്സാരമല്ല താനും. അറിവിന്റെ വൃത്തം വലുതാക്കിക്കൊണ്ടേയിരിക്കുന്നു, ഈ ഗവേഷണങ്ങൾ ജീവിതത്തെ കൂടുതൽ ആയാസരഹിതമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ദൗത്യങ്ങളൊന്നും പാഴ്‌വേലകളല്ല, അനിവാര്യതയാണ്.