Kerala
വിദ്യാര്‍ഥികള്‍ അറിവ് സമ്പാദനത്തില്‍ ഉത്സാഹിക്കണം: കാന്തപുരം
വിദ്യാര്‍ത്ഥി സൗഹൃദാന്തരീക്ഷം ഒരുക്കുന്നതില്‍ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അത്തരം സാഹചര്യത്തില്‍ മാത്രമേ രാഷ്ട്ര സേവകരായ ഭാവി തലമുറ രൂപപ്പെടുകയുള്ളൂ എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി

കോഴിക്കോട് | വിദ്യാര്‍ഥികള്‍ അറിവ് സമ്പാദനത്തില്‍ ഉത്സാഹിക്കണമെന്നും താല്പര്യപൂര്‍വ്വം ലക്ഷ്യബോധത്തോടെ അധ്വാനിക്കണമെന്നും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയും ജാമിഅ മദീനതുന്നൂര്‍ ചെയര്‍മാനുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. അതിനാവശ്യമായ വിദ്യാര്‍ത്ഥി സൗഹൃദാന്തരീക്ഷം ഒരുക്കുന്നതില്‍ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അത്തരം സാഹചര്യത്തില്‍ മാത്രമേ രാഷ്ട്ര സേവകരായ ഭാവി തലമുറ രൂപപ്പെടുകയുള്ളൂ എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ വെച്ച് നടന്ന ജാമിഅ മദീനതുന്നൂര്‍ അല്‍ ഫാതിഹയില്‍ ക്ലാസ്സ് ആരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ കോഴ്സുകളുടെയും കിതാബുകളുടെയും ആരംഭത്തിനും പുതിയ കാമ്പസുകളുടെ സോഫ്റ്റ് ലോഞ്ചിങ്ങിനും ഹോണോറിംഗ് എക്‌സലന്‍സിനും ജാമിഅ മദീനതുന്നൂര്‍ ചാന്‍സിലറും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. ജാമിഅ മദീനതുന്നൂറിന്റ അറുപത്തൊന്ന് സ്റ്റേറ്റ്, ഇന്റര്‍സ്റ്റേറ്റ്, ഫോറിന്‍ കാമ്പസുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും മാനേജ്‌മെന്റ് ഭാരവാഹികളും രക്ഷിതാക്കളും സംബന്ധിച്ചു. ജൂനിയര്‍, സീനിയര്‍ സ്‌കൂളുടെ ഫൗണ്ടേഷന്‍ കോഴ്‌സ് ആരംഭവും ഫിനിഷിംഗ് വിദ്യാര്‍ത്ഥികളുടെ സ്വഹീഹുല്‍ ബുഖാരി തുടക്കവും നടന്നു. ഈജിപ്തിലെ സാഹതു ശൈഖ് അബൂബക്കറില്‍ ആരംഭിക്കുന്ന മദീനതുന്നൂര്‍ ഫോറിന്‍ കാമ്പസിന്റേയും പഞ്ചാബിലെ മര്‍കസ് ഇമാം റബ്ബാനി, ഗുജറാത്ത് ചാഞ്ചവലെ ബുഖാരിയ കോളേജ്, മൈസൂരിലെ ഫത്ഹ് അക്കാദമി, ഊട്ടിയിലെ ത്വയ്ബ ഗാര്‍ഡന്‍ തുടങ്ങിയ ഇന്റര്‍ സ്റ്റേറ്റ് കാമ്പസുകളുടെയും സോഫ്റ്റ് ലോഞ്ചിംഗ് നടന്നു. വിവിധ മുതവ്വല്‍ റാങ്ക് ഹോള്‍ഡേഴ്സായ നൂറാനിമാരെയും വെന്നര്‍-ഗ്രെന്‍ ഡിസ്സെര്‍ട്ടേഷന്‍ ഫീല്‍ഡ് വര്‍ക്ക് ഗ്രാന്റ് നേടിയ ആസഫ് അലവി നൂറാനിയെയും ജര്‍മ്മനിയിലെ ഹംബോള്‍ട്ട് യൂണിവേഴ്‌സിറ്റിയിലെ ബെര്‍ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇസ്ലാമിക് തിയോളജിയില്‍ റിസര്‍ച്ച് ഫെലോയായി തിരഞ്ഞെടുക്കപ്പെട്ട നൂറുദ്ദീന്‍ നൂറാനിയെയും എസ് എസ് എല്‍ സി ഫുള്‍ എ പ്ലസ് നേടിയ ജൂനിയര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും ഹയര്‍സെക്കന്‍ഡറി ഫുള്‍ എ പ്ലസ് നേടിയ സീനിയര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും വേദിയില്‍ അനുമോദിച്ചു. സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം അധ്യക്ഷതയില്‍ ജാമിഅ ഫൗണ്ടര്‍ കം റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി ഓറിയന്റേഷന്‍ ടോക്ക് നിര്‍വഹിച്ചു. വൈകുന്നേരം മഗ്രിബിന് ശേഷം നടന്ന സീനിയര്‍ സ്‌കൂള്‍ ബാച്ച്‌ലര്‍ പ്രോഗ്രാമിലെയും ജൂനിയര്‍ സ്‌കൂള്‍ ഇന്റര്‍മീഡിയേറ്റ് പ്രോഗ്രാമിലെയും ഫത്ഹുല്‍ മുഈന്‍ ആരംഭം അല്‍ബിദായക്ക് അബ്ദുല്ല അഹ്‌സനി ചെങ്ങാനി നേതൃത്വം നല്‍കി. ഹുസൈന്‍ ഫൈസി കൊടുവള്ളി, അലി അഹ്‌സനി എടക്കര, മുഹ്യുദ്ദീന്‍ സഖാഫി തളീക്കര, മുഹ്യുദ്ദീന്‍ സഖാഫി കാവനൂര്‍,ജലാല്‍ നൂറാനി സംബന്ധിച്ചു. നൗഫല്‍ നൂറാനി ജാമിഅ പ്രസന്റേഷന്‍ നടത്തി. മാനേജര്‍ അബൂ സ്വാലിഹ് സഖാഫി ഓപ്പണിംഗ് നോട്ടും പ്രോ- റെക്ടര്‍ ആസഫ് നൂറാനി ക്ലോസിംഗ് നോട്ടും അവതരിപ്പിച്ചു.