nikhil paili
ധീരജ് വധക്കേസ് പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിക്ക് അറസ്റ്റ് വാറണ്ട്
കേസ് വിളിക്കുമ്പോള്‍ നിരന്തരം ഹാജരാകാത്തതിനെ തുടര്‍ന്നാണു കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
ഇടുക്കി | ഇടുക്കി ഗവ.എന്‍ജിനീയറിങ്ങ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിക്ക് തൊടുപുഴ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
കേസ് വിളിക്കുമ്പോള്‍ നിരന്തരം ഹാജരാകാത്തതിനെ തുടര്‍ന്നാണു കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കുറ്റപത്രം വായിക്കുമ്പോഴും നിഖില്‍ പൈലി കോടതിയില്‍ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
പോലീസിനോട് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിടണം എന്നാണ് കോടതി നിര്‍ദ്ദേശം. കുറ്റപത്രം വായിക്കാനായി കേസ് ഒക്ടോബര്‍ നാലിലേക്കു മാറ്റി.
കേസിലെ ഒന്നാം പ്രതിയാണ് നിഖില്‍. തൊടുപുഴ സെഷന്‍സ് കോടതിയാണ് നിഖിലിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയായിരുന്നു ജാമ്യം. സാക്ഷികളെ സ്വാധീനിക്കാനോ കൃത്യം നടന്ന സ്ഥലത്തു പ്രവേശിക്കാനോ പാടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണു ജാമ്യം അനുവദിച്ചത്.
ജാമ്യത്തില്‍ ഇറങ്ങിയ നിഖില്‍ പൈലി ഉപതിരഞ്ഞെടുപ്പു നടക്കുന്ന പുതുപ്പള്ളിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി എത്തിയത് വിവാദമായിരുന്നു. എന്നാല്‍ നിഖില്‍ പൈലി പ്രചാരണത്തിന് എത്തിയ വാര്‍ത്തയെ യു ഡി എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നിഷേധിച്ചിരുന്നു.



