Connect with us

Kerala

അരിയില്‍ ഷുക്കൂര്‍ വധം: പി ജയരാജനും ടി വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളി

ഗൂഢാലോചന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ സി ബി ഐ ചുമത്തിയത്.

Published

|

Last Updated

കൊച്ചി | അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി പി എം നേതാക്കളായ പി ജയരാജനും ടി വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി പ്രത്യേക സി ബി ഐ കോടതി തള്ളി.

ഗൂഢാലോചന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ സി ബി ഐ ചുമത്തിയത്. ഇതു തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികള്‍ ഉണ്ടെന്നും ജയരാജന്റെയും ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

എം എസ് എഫ് പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. സി പി എം നേതാക്കളായ പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപം പട്ടുവത്ത് തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച് മണിക്കൂറുകള്‍ക്കകം ചെറുകുന്ന് കീഴറയിലാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. വാഹനം ആക്രമിക്കപ്പെട്ട ശേഷം പി ജയരാജനും ടി വി രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയില്‍ വച്ചാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം.

തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സി പി എം പ്രാദേശിക നേതാക്കള്‍ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Latest