Editorial
തൃശൂര്‍ മണ്ഡലത്തിലും വ്യാജ വോട്ടുകളോ?
സുതാര്യമായ ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങളുടെ അംഗീകാരം ലഭിക്കില്ലെന്ന തിരിച്ചറിവാണ് വളഞ്ഞ വഴികളിലേക്ക് തിരിയാന്‍ ഇടയാക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയും സുരേഷ് ഗോപിയുടെ വിജയവും സമഗ്ര അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്.

കര്‍ണാടകയിലും മഹാരാഷ്ട്രയിലും മാത്രമല്ല, കേരളത്തിലും ഉയര്‍ന്നിരിക്കുന്നു വോട്ട് കവര്‍ച്ച ആരോപണം. ബി ജെ പി സ്ഥാനാര്‍ഥി സുരേഷ് ഗോപി അപ്രതീക്ഷിത വിജയം നേടിയ തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലും പോളിംഗിലും വന്‍ തോതില്‍ കൃത്രിമം നടന്നതായി തെളിവുകള്‍ സഹിതമാണ് വിവിധ പാര്‍ട്ടി വൃത്തങ്ങള്‍ ആരോപണമുന്നയിച്ചത്. സമീപ മണ്ഡലങ്ങളിലെ 30,000ത്തോളം പേരെ ബി ജെ പി വ്യാജ വിലാസങ്ങളില്‍ തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരായി ചേര്‍ത്തുവെന്നാണ് ആരോപിക്കപ്പെടുന്നത്. അടഞ്ഞുകിടക്കുന്ന വീടുകളുടെയും ഫ്‌ലാറ്റുകളുടെയും വിലാസത്തിലായിരുന്നു വ്യാജ വോട്ട് തട്ടിപ്പ് കൂടുതലും.
തൃശൂരില്‍ നിന്ന് വിജയിച്ച ബി ജെ പി. എം പി സുരേഷ് ഗോപിയും ഈ കള്ളക്കളിയില്‍ പങ്കാളിയായിരുന്നുവെന്നാണ് ഡി സി സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറയുന്നത്. സുരേഷ് ഗോപി, അദ്ദേഹം താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീടിന്റെ അഡ്രസ്സില്‍ 11 വ്യാജ വോട്ടുകള്‍ ചേര്‍ത്തുവത്രെ. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്ന ഘട്ടത്തില്‍ തിരഞ്ഞെടുപ്പ്് കമ്മീഷന്റെ ഹെല്‍പ് ലൈന്‍ ആപ്പ് ഉപയോഗിച്ചാണ് ഇവരെ പുതുതായി ചേര്‍ത്തത്. പ്രസ്തുത വീട്ടില്‍ ഇപ്പോള്‍ താമസക്കാരില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി തൃശൂര്‍ കോര്‍പറേഷന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ മേല്‍പറഞ്ഞ പതിനൊന്ന് വോട്ടര്‍മാരുടെ പേരുകള്‍ കാണുന്നുമില്ല. ഇവര്‍ എവിടെ പോയി? നേരത്തേ എങ്ങനെ പട്ടികയില്‍ കടന്നുവന്നു? തിര. കമ്മീഷന്‍ വൃത്തങ്ങള്‍ മറുപടി പറയേണ്ടതുണ്ട്. ബൂത്ത് നമ്പര്‍ 30ലും സമാനമായ രീതിയില്‍ 45 വ്യാജ വോട്ടുകള്‍ ചേര്‍ത്തതായി ജോസഫ് ടാജറ്റ് ചൂണ്ടിക്കാണിക്കുന്നു.
സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഭാര്യക്കുമുണ്ട് തൃശൂര്‍, കൊല്ലം ലോക്സഭാ മണ്ഡലങ്ങളിലായി ഇരട്ട വോട്ട്. സുരേഷ് ഗോപിയുടെ കുടുംബ വീടായ ലക്ഷ്മി നിവാസിന്റെ അഡ്രസ്സിലാണ് കൊല്ലത്ത് ഇവരുടെ വോട്ട്. തൃശൂരില്‍ സുരേഷ് ഗോപിയുടെ വീടായ ഭാരത് ഹെറിറ്റേജിന്റെ അഡ്രസ്സിലും. സുരേഷ് ഗോപിയുടെ അനുയായി കോട്ടയം പാല സ്വദേശി ബിജു പുളിക്കണ്ടം, അവരുടെ ഭാര്യ, മലപ്പുറത്തെ ബി ജെ പി നേതാവായ വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കും ഇരട്ട വോട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്മെന്റില്‍ വാടക താമസക്കാര്‍ അറിയാതെ ഒമ്പത് വോട്ടുകള്‍ ചേര്‍ത്തതായി ഫ്ളാറ്റില്‍ താമസിക്കുന്ന ഒരു കുടുംബം മീഡിയ മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. ബൂത്ത് ലെവല്‍ ഓഫീസറായിരുന്ന ആനന്ദ് സി മേനോന്‍ ഈ ആരോപണം ശരിവെച്ചിട്ടുമുണ്ട്. ഒഴിവാക്കിയ പേരുകളാണ് രണ്ടാമതും ലിസ്റ്റില്‍ ഇടം പിടിച്ചതെന്നും ഇതെങ്ങനെ സംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറയുന്നു.
വോട്ടര്‍ പട്ടികയില്‍ വ്യാജ വോട്ടര്‍മാര്‍ കടന്നു കൂടിയതായി ആരും പരാതി നല്‍കിയിരുന്നില്ലെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കൃഷ്ണ തേജയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് തൃശൂര്‍ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന സുനില്‍കുമാര്‍ പറയുന്നു. 2024 മാര്‍ച്ച് 25, ഏപ്രില്‍ 25, 26 തീയതികളില്‍ മണ്ഡലത്തിലെ ചീഫ് ഇലക്ഷന്‍ ഏജന്റ് കെ പി രാജേന്ദ്രന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരിഹാരമുണ്ടായില്ല. കൃഷ്ണതേജ പരാതികള്‍ ഉന്നത തലത്തിലേക്ക് നല്‍കിയില്ലെന്ന് സംശയിക്കുന്നതായി സുനില്‍കുമാര്‍ പറയുന്നു. അന്ന് പക്ഷേ, വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി തൃശൂര്‍ മണ്ഡലവുമായി ബന്ധപ്പെട്ട പരാതികള്‍. ഇപ്പോള്‍ കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും വോട്ട് കവര്‍ച്ച വ്യക്തമായ തെളിവുകള്‍ സഹിതം രാഹുല്‍ ഗാന്ധി കണ്ടെത്തിയ സാഹചര്യത്തിലാണ് തൃശൂര്‍ വീണ്ടും വാര്‍ത്തയില്‍ നിറയാന്‍ തുടങ്ങിയത്. തൃശൂര്‍ കോര്‍പറേഷന്‍ പരിധിയിലെ അപാര്‍ട്ട്മെന്റുകളില്‍ ആളൊഴിഞ്ഞു കിടക്കുന്ന ഫ്‌ലാറ്റുകളുടെ പട്ടിക തയ്യാറാക്കി അവയുടെ വാടകശീട്ടുകള്‍ തരപ്പെടുത്തിയാണ് മണ്ഡലത്തില്‍ ബി ജെ പി വന്‍തോതില്‍ വ്യാജ വോട്ടുകള്‍ സൃഷ്ടിച്ചതെന്നാണ് എല്‍ ഡി എഫ്, യു ഡി എഫ് നേതാക്കള്‍ ആരോപിക്കുന്നത്. ജപ്തി ചെയ്യപ്പെട്ട ഫ്‌ലാറ്റുകളുടെ അഡ്രസ്സില്‍ വരെ വ്യാജ വോട്ടര്‍മാരെ ചേര്‍ത്തിയിട്ടുണ്ട്.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മണ്ഡലത്തില്‍ ചുരുങ്ങിയത് ആറ് മാസത്ത സ്ഥിരതാമസം വേണമെന്ന നിബന്ധനയില്‍ തിര. കമ്മീഷന്‍ 2023ല്‍ വരുത്തിയ ഭേദഗതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തിയാണ് അനര്‍ഹരായ വോട്ടര്‍മാരെ പട്ടികയില്‍ തിരുകിക്കയറ്റുന്നത്. കൃത്യമായ കാലയളവ് നിജപ്പെടുത്താതെ ‘അനുയോജ്യമായ’ കാലയളവില്‍ താമസമാക്കിയവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്നാണ് 2023ല്‍ പുറത്തിറക്കിയ ഇ-റോള്‍ മാന്വലില്‍ പറയുന്നത്. ഇതനുസരിച്ച് തിരഞ്ഞെടുപ്പിന്റെ രണ്ടോ മൂന്നോ നാള്‍ മുമ്പ് താമസമാക്കിയവര്‍ക്ക് പോലും ഏത് മണ്ഡലത്തിലേക്കും വോട്ട് മാറ്റാനാകും. വോട്ടവകാശം വ്യാജമായി നേടിയെടുക്കുന്നതിന് ഏറെ പഴുതുള്ള ഇത്തരമൊരു ഭേദഗതി കൊണ്ടുവന്നതിന്റെ പിന്നിലെ തിര. കമ്മീഷന്റെ ചേതോവികാരമെന്തെന്നത് അവ്യക്തം. ഈ നിയമം കൂടുതല്‍ ദുരുപയോഗം ചെയ്യുന്നത് ബി ജെ പിയാണെന്നാണ് സമീപ നാളുകളിലായി പുറത്തു വന്നു കൊണ്ടിരിക്കുന്ന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്താകമാനം തിരഞ്ഞെടുപ്പ് അട്ടിമറി നടത്താതെ, നിര്‍ണായകമായ ചില മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് വോട്ട് ചേര്‍ക്കലിലും വോട്ടിംഗിലും ബി ജെ പി ആസൂത്രിതമായി കൃത്രിമം നടത്തിയതെന്നാണ് മനസ്സിലാകുന്നത്. കേരളത്തിലെ തൃശൂര്‍ മണ്ഡലം ഈ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. അടവുകള്‍ പതിനെട്ട് പയറ്റിയിട്ടും കഴിഞ്ഞ വര്‍ഷം വരെ കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് ഒരു പ്രതിനിധിയെ അയക്കാന്‍ സാധിച്ചിരുന്നില്ല ബി ജെ പിക്ക്. ഈ വിടവ് നികത്താന്‍ ക്രൈസ്തവ സമൂഹത്തെ സ്വാധീനിക്കുന്നതിനു പുറമെ വ്യാജവോട്ടുകള്‍ പരമാവധി തരപ്പെടുത്താനും ബി ജെ പി പദ്ധതി തയ്യാറാക്കിയിരുന്നുവെന്നാണ് മനസ്സിലാകുന്നത്. സുതാര്യമായ ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങളുടെ അംഗീകാരം ലഭിക്കില്ലെന്ന തിരിച്ചറിവാണ് ഇത്തരം വളഞ്ഞ വഴികളിലേക്ക് തിരിയാന്‍ ഇടയാക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയും സുരേഷ് ഗോപിയുടെ വിജയവും സമഗ്ര അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്.